...
Home News International ‘ലിംഗ വിവേചനം നേരിടേണ്ടി വന്നു, ബില്‍ ഗേറ്റ്സുമൊന്നിച്ച് പ്രവര്‍ത്തിക്കുമ്പോള്‍’: മെലിന്‍ഡ ഫ്രഞ്ച് ഗേറ്റ്സ്

‘ലിംഗ വിവേചനം നേരിടേണ്ടി വന്നു, ബില്‍ ഗേറ്റ്സുമൊന്നിച്ച് പ്രവര്‍ത്തിക്കുമ്പോള്‍’: മെലിന്‍ഡ ഫ്രഞ്ച് ഗേറ്റ്സ്

പല കൂടിക്കാഴ്‌ചകളിലും ചര്‍ച്ചകളിലും പുരുഷന്‍മാര്‍ക്കാണ് ആദ്യം സംസാരിക്കാനുള്ള അവസരങ്ങള്‍ ലഭിക്കുന്നതെന്നും മെലിന്‍ഡ

221

മൈക്രോസോഫ്റ്റ് സഹസ്ഥാപകനും മുന്‍ ഭര്‍ത്താവുമായ ബില്‍ ഗേറ്റ്‌സിനൊപ്പം പ്രവര്‍ത്തിക്കുമ്പോള്‍ നേരിടേണ്ട വന്ന ലിംഗവിവേചനത്തെ കുറിച്ച് തുറന്നുപറഞ്ഞ് സാമൂഹിക പ്രവര്‍ത്തകയായ മെലിന്‍ഡ ഫ്രഞ്ച് ഗേറ്റ്‌സ്. എല്ലാവരും ആദ്യം ഉറ്റുനോക്കുന്നത് ബില്‍ ഗേറ്റ്‌സിനെയാണെന്നും സാമൂഹിക പ്രവര്‍ത്തന രംഗത്ത് തനിക്ക് അദ്ദേഹത്തെക്കാള്‍ അറിവ് കുറവാണെന്നുമാണ് പലരുടേയും ധാരണയെന്ന് മെലിന്‍ഡ പറഞ്ഞു.

‘പ്രസിഡന്റിൻ്റെയോ പ്രധാനമന്ത്രിയുടെയോ ഓഫീസിലേക്ക് ഞാനും മുന്‍ ഭര്‍ത്താവും കയറി ചെല്ലുകയാണെങ്കില്‍ അവര്‍ പ്രഥമ പരിഗണന കൊടുക്കുന്നത് അദ്ദേഹത്തിനാണ്. ഇടയ്ക്ക് ഞാന്‍ സംസാരിക്കാന്‍ മുന്‍കൈയെടുത്താല്‍ മാത്രമെ അവര്‍ എന്നെ ശ്രദ്ധിക്കുകയുള്ളു. അല്ലെങ്കില്‍ മുഴുവന്‍ സമയവും അദ്ദേഹവുമായി ചര്‍ച്ച നടത്തും. അദ്ദേഹം ലോക പ്രശസ്തനാണെന്നും ടെക് വ്യവസായ മേഖലയ്ക്ക് നിരവധി സംഭാവനകള്‍ നല്‍കിയ വ്യക്തിയാണെന്നും എനിക്ക് അറിയാം.

25 വര്‍ഷത്തോളമായി ഞങ്ങള്‍ ഒരുമിച്ച് ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി. എന്നിട്ടും ഈ മേഖലയില്‍ അദ്ദേഹത്തെക്കാള്‍ അറിവ് കുറവാണ് എനിക്ക് എന്ന് അവര്‍ കരുതുന്നത് എന്തുകൊണ്ടാണ്? എന്തിനാണ് ഇത്തരം തെറ്റിദ്ധാരണകള്‍ പുലര്‍ത്തുന്നത്? ഇത് ഒരു തരം ലിംഗ വിവേചനമാണ്,’’ -മെലിന്‍ഡ പറഞ്ഞു. ഇതെല്ലാം ഇത്തരം കൂടിക്കാഴ്‌ചകളില്‍ ആദ്യം സംസാരിക്കാന്‍ തന്നെ പഠിപ്പിച്ചുവെന്നും അതിലൂടെ തൻ്റെ വാക്കുകള്‍ മറ്റുള്ളവരിലേക്ക് എത്തുന്നുവെന്ന് ഉറപ്പാക്കാന്‍ സാധിച്ചുവെന്നും മെലിന്‍ഡ പറഞ്ഞു.

സ്ത്രീകളും പുരുഷന്‍മാരും പങ്കെടുക്കുന്ന പല കൂടിക്കാഴ്‌ചകളിലും ചര്‍ച്ചകളിലും പുരുഷന്‍മാര്‍ക്കാണ് ആദ്യം സംസാരിക്കാനുള്ള അവസരങ്ങള്‍ ലഭിക്കുന്നതെന്നും മെലിന്‍ഡ ചൂണ്ടിക്കാട്ടി. ഭാവിപ്രവര്‍ത്തനങ്ങളെപ്പറ്റി ആലോചിക്കുമ്പോള്‍ തനിക്ക് വളരെയേറെ ഉത്സാഹം തോന്നുന്നുവെന്നും മെലിന്‍ഡ പറഞ്ഞു. ഇതാണ് എല്ലാത്തിനും ശരിയായ സമയമെന്ന ചിന്തയാണ് തൻ്റെ മനസിലെന്നും മെലിന്‍ഡ കൂട്ടിച്ചേര്‍ത്തു.

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.