...
Home News National വ്യാജ സ്ത്രീധനപീഡന ആരോപണം; യുവാവ് ജീവനൊടുക്കിയ സംഭവത്തിൽ ഭാര്യയും ബന്ധുക്കളും അറസ്റ്റിൽ

വ്യാജ സ്ത്രീധനപീഡന ആരോപണം; യുവാവ് ജീവനൊടുക്കിയ സംഭവത്തിൽ ഭാര്യയും ബന്ധുക്കളും അറസ്റ്റിൽ

ഭാര്യയും ഭാര്യവീട്ടുകാരും മാനസികമായി പീഡിപ്പിച്ചെന്ന് വ്യക്തമാക്കി സാമൂഹിക മാധ്യമത്തിൽ വീഡിയോ പങ്കുവച്ചതിന് ശേഷമായിരുന്നു യുവാവ് ജീവനൊടുക്കിയത്. ഭാര്യയ്ക്കും ഭാര്യയുടെ ബന്ധുക്കൾക്കുമെതിരെ 24 പേജുള്ള ആത്മഹത്യാ കുറിപ്പും എഴുതിവച്ചിരുന്നു.

247

ബെംഗളൂരു: വ്യാജ സ്ത്രീധനപീഡന ആരോപണത്തിൽ ബെംഗളൂരുവിൽ ഐടി ജീവനക്കാരൻ ആത്മഹത്യ ചെയ്ത സംഭവത്തിൽ ഭാര്യയും ഭാര്യമാതാവും സഹോദരനും അറസ്റ്റിൽ. ആത്മഹത്യാ പ്രേരണകുറ്റം ചുമത്തിയാണ് ഭാര്യ നികിത സിംഘാനിയ, അമ്മ നിഷ, സഹോദരൻ അനുരാഗ് എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.

അതുൽ സുഭാഷ് എന്ന 34 കാരനാണ് കഴിഞ്ഞ ദിവസം ആത്മഹത്യ ചെയ്തത്. ഭാര്യയും ഭാര്യവീട്ടുകാരും മാനസികമായി പീഡിപ്പിച്ചെന്ന് വ്യക്തമാക്കി സാമൂഹിക മാധ്യമത്തിൽ വീഡിയോ പങ്കുവച്ചതിന് ശേഷമായിരുന്നു യുവാവ് ജീവനൊടുക്കിയത്. ഭാര്യയ്ക്കും ഭാര്യയുടെ ബന്ധുക്കൾക്കുമെതിരെ 24 പേജുള്ള ആത്മഹത്യാ കുറിപ്പും എഴുതിവച്ചിരുന്നു.

കർണാടകയിലെ മറാത്തഹള്ളി സ്വദേശിയായ അതുൽ സുഭാഷ് ഉത്തർപ്രദേശ് സ്വദേശിയായ ഭാര്യയുമായി പിരിഞ്ഞ് ഒറ്റക്കാണ് കഴിഞ്ഞിരുന്നത്. സ്വകാര്യ കമ്പനിയിലെ എക്സിക്യൂട്ടിവ് എഡിറ്ററായിരുന്ന യുവാവിനെതിരെ ഭാര്യ നൽകിയ കേസുകൾ പിൻവലിക്കാനായി മൂന്ന് കോടി രൂപയും കുട്ടിയെ സന്ദർശിക്കാനുള്ള അനുമതി ലഭിക്കാനായി വൻതുകയും ഭാര്യയുടെ കുടുംബം ആവശ്യപ്പെട്ടിരുന്നതായാണ് ആരോപണം.

കുട്ടിയെ സന്ദർശിക്കുന്നതിനുള്ള അനുമതി ലഭിക്കാനായി 30 ലക്ഷം രൂപ ഭാര്യയുടെ കുടുംബം അതുലിനോട് ആവശ്യപ്പെട്ടിരുന്നതായും പറയുന്നു. ഭാര്യക്കും മകനും ചെലവിനായി പ്രതിമാസം രണ്ടു ലക്ഷം രൂപ ഭാര്യ ആവശ്യപ്പെട്ടിരുന്നതായും ആരോപണമുണ്ട്.

24 പേജുള്ള ആത്മഹത്യാ കുറിപ്പിന്റെ നാല് പേജ് സ്വന്തം കൈപ്പടയിലെഴുതിയതാണ്. ബാക്കി 20 പേജ് ടൈപ്പ് ചെയ്ത് പ്രിന്റെടുത്തതാണ്. പരിചയക്കാരായ നിരവധി പേർക്ക് അതുൽ ഇ-മെയിൽ വഴി ആത്മഹത്യാ കുറിപ്പ് അയച്ചുകൊടുത്തിരുന്നു. കൂടാതെ താൻ ഭാഗമായ എൻ.ജി.ഒയുടെ വാട്ട്സ്ആപ്പ് ഗ്രൂപ്പിലും അതുൽ കുറിപ്പ് പോസ്റ്റ് ചെയ്തിരുന്നു.

അറസ്റ്റിലായവരെ കോടതിയിൽ ഹാജരാക്കി കസ്റ്റഡിയിൽ വാങ്ങുമെന്ന് പോലീസ് വൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.