...
Home News Kerala വ്യാജ തിരിച്ചറിയല്‍ കാര്‍ഡ് കേസ്; രാഹുല്‍ മാങ്കൂട്ടത്തിലുമായി ബന്ധപ്പെട്ട പ്രവര്‍ത്തകരുടെ വീടുകളില്‍ ക്രൈംബ്രാഞ്ച് പരിശോധന

വ്യാജ തിരിച്ചറിയല്‍ കാര്‍ഡ് കേസ്; രാഹുല്‍ മാങ്കൂട്ടത്തിലുമായി ബന്ധപ്പെട്ട പ്രവര്‍ത്തകരുടെ വീടുകളില്‍ ക്രൈംബ്രാഞ്ച് പരിശോധന

കേസില്‍ ശനിയാഴ്‌ച ചോദ്യം ചെയ്യലിന് ഹാജരാകാന്‍ രാഹുലിന് ക്രൈംബ്രാഞ്ച് നോട്ടീസ് നല്‍കിയിരുന്നു

243

വ്യാജ തിരിച്ചറിയല്‍ കാര്‍ഡ് കേസില്‍ രാഹുല്‍ മാങ്കൂട്ടത്തിലുമായി ബന്ധപ്പെട്ട പ്രവര്‍ത്തകരുടെ വീടുകളില്‍ വ്യാപക പരിശോധനയുമായി ക്രൈംബ്രാഞ്ച്. അടൂരിലെ വീടുകളിലാണ് പരിശോധന. രാവിലെ പത്ത് മണിയോടെയാണ് രണ്ട് ക്രൈംബ്രാഞ്ച് സംഘങ്ങള്‍ അടൂരിലെത്തി രാഹുലുമായി ബന്ധപ്പെട്ടവരുടെ വീട്ടില്‍ പരിശോധനക്ക് എത്തിയത്. കേസില്‍ ശനിയാഴ്‌ച ചോദ്യം ചെയ്യലിന് ഹാജരാകാന്‍ രാഹുലിന് ക്രൈംബ്രാഞ്ച് നോട്ടീസ് നല്‍കിയിരുന്നു.

കെ.എസ്.യു ജില്ലാ സെക്രട്ടറി നൂബിന്‍ ബിനുവിൻ്റെ മൊബൈല്‍ ഫോണ്‍ ക്രൈംബ്രാഞ്ച് പിടിച്ചെടുത്തു. മറ്റു രണ്ടു പ്രവര്‍ത്തകരുടെ വീട്ടിലും ക്രൈംബ്രാഞ്ച് പരിശോധന നടന്നുണ്ട്.

അതേസമയം, ലൈംഗിക ആരോപണ പരാതിയില്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എക്ക് എതിരായ കേസില്‍ ക്രൈംബ്രാഞ്ച് മൊഴി രേഖപ്പെടുത്തല്‍ നടപടികളിലേക്ക് ഉടൻ കടന്നേക്കും. അനുഭവങ്ങള്‍ തുറന്നു പറഞ്ഞ റിനി ആന്‍ ജോര്‍ജ്, അവന്തിക, ഹണി ഭാസ്‌കരന്‍ എന്നിവരുടെ മൊഴി ആദ്യഘട്ടത്തിൽ എടുക്കും. അന്വേഷണ ഉദ്യോഗസ്ഥനായ ക്രൈംബ്രാഞ്ച് ഡി.വൈ.എസ്.പി ബിനുകുമാര്‍ പരാതിയുടെ വിവരങ്ങള്‍ ശേഖരിച്ചിരുന്നു.

മാധ്യമ വാര്‍ത്തകളുടെ അടിസ്ഥാനത്തിലുള്ള ചില പരാതികള്‍ മാത്രമാണ് ഇപ്പോള്‍ ക്രൈംബ്രാഞ്ചിൻ്റെ മുന്നിലുള്ളത്. രണ്ട് ദിവസത്തിനകം അന്വേഷണ സംഘത്തെ പ്രഖ്യാപിക്കും. ക്രൈംബ്രാഞ്ചിൻ്റെ ചുമതലയുള്ള എഡിജിപി എച്ച്. വെങ്കിടേഷ് അന്വേഷണത്തിന് നേരിട്ട് മേല്‍നോട്ടം വഹിക്കുമെന്നാണ് വിവരം.

സംസ്ഥാന പൊലീസ് മേധാവിക്ക് ലഭിച്ച പരാതികളുടെ അടിസ്ഥാനത്തിലാണ് ക്രൈം ബ്രാഞ്ച് അന്വേഷണം നടക്കുന്നത്. അന്വേഷണ ഉദ്യോഗസ്ഥനായ തിരുവനന്തപുരം റേഞ്ച് ക്രൈം ബ്രാഞ്ച് ഡി.വൈ.എസ്.പി ബിനുകുമാര്‍ വ്യാഴാഴ്‌ച പരാതിയുടെ വിവരങ്ങള്‍ ശേഖരിച്ചിരുന്നു. രണ്ട് ദിവസത്തിനകം മുഴുവന്‍ ടീമംഗങ്ങളെയും പ്രഖ്യാപിക്കും.

എംഎല്‍എയുടെ മോശം പെരുമാറ്റത്തിന് ഇരയായ സ്ത്രീകള്‍ നേരിട്ട് പരാതി നല്‍കാത്തത് കേസിനെ ദുര്‍ബലപ്പെടുത്തുമെന്ന വിലയിരുത്തലിൻ്റെ അടിസ്ഥാനത്തിലാണ് അനുഭവങ്ങള്‍ തുറന്നു പറഞ്ഞവരുടെ മൊഴി വേഗത്തിലെടുക്കാന്‍ ക്രൈംബ്രാഞ്ച് നീക്കം നടത്തുന്നത്.

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.