...
Home News International യുഎഇയില്‍ 2026 മുതല്‍ പറക്കും ടാക്സി സേവനം; പ്രഖ്യാപനവുമായി ഫാൽക്കൺ ഏവിയേഷന്‍ സിഇഒ

യുഎഇയില്‍ 2026 മുതല്‍ പറക്കും ടാക്സി സേവനം; പ്രഖ്യാപനവുമായി ഫാൽക്കൺ ഏവിയേഷന്‍ സിഇഒ

ടേക്ക് ഓഫ് മുതൽ ലാന്‍ഡിംഗ് വരെ 30 മിനിറ്റിനുള്ളിൽ യാത്ര പൂർത്തിയാക്കുന്ന രീതിയിലാണ് ഈ ടാക്സി സേവനം രൂപകൽപ്പന ചെയ്തിരിക്കുന്നത്. ഗതാഗതക്കുരുക്ക് കുറയ്ക്കാൻ ഇത് ഗണ്യമായി സഹായകരമാകുമെന്നാണ് വിലയിരുത്തല്‍.

274

യുഎഇയില്‍ 2026 മുതല്‍ പറക്കും ടാക്സി സേവനം ആരംഭിക്കുമെന്ന് അബുദാബി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഫാൽക്കൺ ഏവിയേഷന്‍ സര്‍വീസസ് സിഇഒ രമണ്‍ദീപ് ഒബ്റോയ് വ്യക്തമാക്കി. യുഎസ് ആസ്ഥാനമായ ഇലക്ട്രിക് ഫ്ളയിങ് ടാക്സി നിര്‍മാതാക്കളായ ആർച്ചര്‍ ഏവിയേഷനും യുഎഇയിലെ ഫാൽക്കൺ ഏവിയേഷനും വെർട്ടിപോർട്ടുകൾ നിർമിക്കുന്നതിന് കരാറിൽ ഒപ്പുവച്ചിരുന്നു.

ഈ കരാർ പ്രകാരം ദുബായിലും അബുദാബിയിലും പ്രധാന സ്ഥലങ്ങളില്‍ വെർട്ടിപോർട്ടുകൾ സ്ഥാപിക്കും. ദുബായില്‍ പാം അത്ലാന്‍റിസില്‍ നിന്നും അബുദാബി കോർണിഷിലെ മറീന ഹെലിപോർട്ടിലുമാണ് അത്യാധുനിക വെർട്ടിപോർട്ടുകൾ നിർമിക്കപ്പെടുക.

വെർട്ടിപോർട്ടുകൾക്കിടയിൽ ആർച്ചര്‍ മിഡ്നൈറ്റ് പറക്കും ടാക്സി സർവീസായിരിക്കും പ്രവര്‍ത്തിക്കുക. ടേക്ക് ഓഫ് മുതൽ ലാന്‍ഡിംഗ് വരെ 30 മിനിറ്റിനുള്ളിൽ യാത്ര പൂർത്തിയാക്കുന്ന രീതിയിലാണ് ഈ ടാക്സി സേവനം രൂപകൽപ്പന ചെയ്തിരിക്കുന്നത്. ഗതാഗതക്കുരുക്ക് കുറയ്ക്കാൻ ഇത് ഗണ്യമായി സഹായകരമാകുമെന്നാണ് വിലയിരുത്തല്‍.

അലൈൻ മേഖലയില്‍ 2025 മെയ് മാസത്തിൽ പരീക്ഷണ പറക്കലുകൾ ആരംഭിക്കും. ആദ്യഘട്ട പരീക്ഷണം 3 മുതൽ 4 മാസം വരെ നീണ്ടുനിൽക്കും. പരീക്ഷണങ്ങള്‍ പൂര്‍ത്തിയാക്കിയ ശേഷം അബുദാബിയിലേക്കും ദുബായിലേക്കും സര്‍വീസ് വ്യാപിപ്പിക്കുമെന്ന് ഫാൽക്കൺ ഏവിയേഷന്‍ അറിയിച്ചു.

ആദ്യം അബുദാബിയിലാണ് ടാക്സി സേവനം തുടങ്ങുക. തുടര്‍ന്ന് അബുദാബി-ദുബായ്, ദുബായ്-റാസ് അൽ ഖൈമ റൂട്ടുകളിലേക്ക് സേവനം വിപുലീകരിക്കും. നഗരത്തിനുള്ള യാത്രയ്ക്ക് 300 ദിർഹയും അബുദാബി-ദുബായ് റൂട്ടില്‍ 1000 ദിർഹയുമാകും ടിക്കറ്റ് നിരക്കെന്നാണ് സൂചന. ദുബായിൽ നടന്ന മെബാ 2024 ഏവിയേഷൻ പ്രദർശനത്തിലാണ് ഒബ്റോയുടെ ഈ പ്രഖ്യാപനം. നിലവില്‍ കാലിഫോർണിയയില്‍ വിമാനങ്ങളുടെ പരീക്ഷണ പറക്കലുകൾ തുടരുകയാണ്.

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.