| വാമിക
വിദേശത്തുനിന്ന് വരുന്ന ഓരോ രൂപയ്ക്കും ഇനി കേന്ദ്രത്തിന്റെ കടുത്ത നിരീക്ഷണം ഉണ്ടാകുമോ? ഇന്ത്യയിലെ പതിനാറായിരത്തിലധികം സംഘടനകളെയും അവരിലൂടെ എത്തുന്ന കോടിക്കണക്കിന് രൂപയെയും ബാധിക്കുന്ന ‘ഫോറിൻ കോൺട്രിബ്യൂഷൻ റെഗുലേഷൻ ആക്ട്’ (FCRA) ഭേദഗതി ബില്ലിനെ ചൊല്ലി ഇപ്പോൾ രാജ്യമെങ്ങും വലിയ ചർച്ചകളാണ് നടക്കുന്നത്. പ്രത്യേകിച്ച് കേരളത്തിലെ രാഷ്ട്രീയ-സാമൂഹിക മണ്ഡലങ്ങളിൽ വലിയ ആശങ്കകൾക്ക് ഈ ബില്ല് കാരണമായിട്ടുണ്ട്. എന്തുകൊണ്ടാണ് ഈ നിയമഭേദഗതി ഇത്രയേറെ വിവാദമാകുന്നത്? ഇതിന് പിന്നിലെ യഥാർത്ഥ ലക്ഷ്യങ്ങൾ എന്തൊക്കെയാവാം?.
എന്താണ് യഥാർത്ഥത്തിൽ ഈ എഫ്.സി.ആർ.എ? വിദേശരാജ്യങ്ങളിൽ നിന്നുള്ള വ്യക്തികളോ സംഘടനകളോ ഇന്ത്യയിലെ എൻ.ജി.ഒകൾക്കോ മതസ്ഥാപനങ്ങൾക്കോ നൽകുന്ന സംഭാവനകളെ നിയന്ത്രിക്കാനാണ് ഈ നിയമം കൊണ്ടുവന്നിരിക്കുന്നത്,. വിദേശ പണം ഉപയോഗിച്ച് രാജ്യത്തെ രാഷ്ട്രീയ-സാമൂഹിക-സാമ്പത്തിക വ്യവസ്ഥകളിൽ അനാവശ്യമായി ഇടപെടുന്നത് തടയുക, കള്ളപ്പണം വെളുപ്പിക്കുന്നത് ഇല്ലാതാക്കുക എന്നിവയാണ് ഇതിന്റെ പ്രധാന ലക്ഷ്യങ്ങളായി ഗവൺമെന്റ് ചൂണ്ടിക്കാട്ടുന്നത്. എന്നാൽ 2026-ലെ പുതിയ ഭേദഗതികൾ പഴയതിനേക്കാൾ ഏറെ കടുപ്പമേറിയതാണോ എന്ന ചോദ്യമാണ് ഇപ്പോൾ ഉയരുന്നത്.
ഈ ഭേദഗതിയിലെ ഏറ്റവും നിഗൂഢമായ സംജ്ഞയാണ് ‘ഡെസിഗ്നേറ്റഡ് അതോറിറ്റി’. ഒരു സംഘടനയുടെ ലൈസൻസ് കാലാവധി കഴിയുകയോ സർക്കാർ അത് റദ്ദാക്കുകയോ ചെയ്താൽ ആ സംഘടനയുടെ വിദേശ ഫണ്ടിന്റെയും ആസ്തികളുടെയും പൂർണ്ണ അധികാരം ഈ അതോറിറ്റിയുടെ കൈകളിലേക്ക് എത്തും. ഈ അതോറിറ്റി ആരാണ്? അവർക്ക് എത്രത്തോളം അധികാരമുണ്ട്? എന്നതിലൊക്കെ ഇപ്പോഴും അവ്യക്തത നിലനിൽക്കുന്നു എന്നതാണ് വസ്തുത.
മറ്റൊരു പ്രധാന മാറ്റം ലൈസൻസ് പുതുക്കുന്നതുമായി ബന്ധപ്പെട്ടതാണ്. അഞ്ചു വർഷമാണ് എഫ്.സി.ആർ.എ ലൈസൻസിന്റെ കാലാവധി. പുതിയ നിയമപ്രകാരം, സാങ്കേതികമായ കാരണങ്ങൾ കൊണ്ടോ ഗവൺമെന്റിന്റെ ഭാഗത്തുനിന്നുള്ള താമസം കൊണ്ടോ ലൈസൻസ് പുതുക്കാൻ സാധിച്ചില്ലെങ്കിൽ അത് ‘ഓട്ടോമാറ്റിക്’ ആയി എക്സ്പയർ ആകും. അത്തരമൊരു സാഹചര്യത്തിൽ ആ സ്ഥാപനത്തിന്റെ കെട്ടിടങ്ങളും സ്വത്തുക്കളും ഗവൺമെന്റ് നിയന്ത്രണത്തിലുള്ള അതോറിറ്റിക്ക് ഏറ്റെടുക്കാം എന്ന വ്യവസ്ഥയാണ് പലരെയും ഭീതിയിലാഴ്ത്തുന്നത്.
ഇത്തരത്തിൽ ഏറ്റെടുക്കുന്ന സ്വത്തുക്കൾ വിൽക്കാനും ആ പണം ഗവൺമെന്റിന്റെ ‘കൺസോളിഡേറ്റഡ് ഫണ്ടിലേക്ക്’ മാറ്റാനും അതോറിറ്റിക്ക് അധികാരമുണ്ടാകും. ചെറിയൊരു സാങ്കേതിക പിഴവുണ്ടായാൽ വർഷങ്ങളായി പ്രവർത്തിക്കുന്ന ഒരു സ്ഥാപനം ഇല്ലാതാകുമോ എന്ന ആശങ്ക നിലനിൽക്കുന്നു. വിദേശ ഫണ്ട് ഭാഗികമായി മാത്രം ഉപയോഗിച്ചു നിർമ്മിച്ച ആസ്തികൾ പോലും ഈ നിയമത്തിന്റെ പരിധിയിൽ വരുമോ എന്നതും അന്വേഷിക്കേണ്ട കാര്യമാണ്.
കേരളത്തിലെ ക്രിസ്ത്യൻ മിഷനറി സംഘടനകളും മറ്റ് ന്യൂനപക്ഷ സ്ഥാപനങ്ങളുമാണ് ഈ ബില്ലിനെതിരെ ശക്തമായി രംഗത്തുവന്നിരിക്കുന്നത്. വിദേശ ഫണ്ട് ഉപയോഗിച്ച് നടത്തുന്ന ആശുപത്രികൾ, സ്കൂളുകൾ, കോളേജുകൾ എന്നിവയുടെ നിലനിൽപ്പിനെ ഇത് ബാധിക്കുമോ എന്നാണ് ഇവരുടെ പ്രധാന ചോദ്യം. കാത്തലിക് ബിഷപ്സ് കോൺഫറൻസ് ഓഫ് ഇന്ത്യ (CBCI) ഈ ബില്ലിനെതിരെ അമിത് ഷായ്ക്കും മറ്റ് എം.പിമാർക്കും നിവേദനം നൽകിക്കഴിഞ്ഞു.
ആരാധനാലയങ്ങളുടെ കാര്യത്തിലും വലിയ ആശങ്കകൾ ഉയർന്നിരുന്നു. വിദേശ പണം ഉപയോഗിച്ച് നിർമ്മിച്ച പള്ളികളും അമ്പലങ്ങളും ഗവൺമെന്റ് ഏറ്റെടുക്കുമോ എന്നതായിരുന്നു ആ ചോദ്യം. എന്നാൽ ആരാധനാലയങ്ങളുടെ കാര്യത്തിൽ അവയുടെ സ്വഭാവം മാറ്റാതെ തന്നെ പ്രവർത്തനം മുന്നോട്ടു കൊണ്ടുപോകുമെന്ന് നിയമത്തിൽ പറയുന്നുണ്ടെന്ന് ഗവൺമെന്റ് വ്യക്തമാക്കുന്നു. എങ്കിലും ഇതിന്റെ പ്രായോഗിക വശങ്ങൾ എങ്ങനെയായിരിക്കും എന്നത് ഒരു നിഗൂഢതയായി തുടരുന്നു.
നിയമലംഘനങ്ങൾ അന്വേഷിക്കുന്ന കാര്യത്തിലും പുതിയ മാറ്റങ്ങളുണ്ട്. കേന്ദ്ര ഗവൺമെന്റിന്റെ മുൻകൂർ അനുമതിയില്ലാതെ ഇത്തരം സംഘടനകൾക്കെതിരെ അന്വേഷണം നടത്താൻ സംസ്ഥാന പോലീസിനോ മറ്റ് ഏജൻസികൾക്കോ കഴിയില്ല. ഇത് ഗവൺമെന്റിനോട് ചേർന്നുനിൽക്കുന്ന സംഘടനകളെ സംരക്ഷിക്കാനും എതിർപ്പുള്ളവരെ വേട്ടയാടാനും ഉപയോഗിക്കപ്പെടുമോ എന്ന ആശങ്കയും ഉയരുന്നുണ്ട്. അതേസമയം, തടവുശിക്ഷ അഞ്ചു വർഷത്തിൽ നിന്ന് ഒരു വർഷമാക്കി കുറച്ചെങ്കിലും സാമ്പത്തിക പിഴയിൽ വലിയ വർദ്ധനവാണ് വരുത്തിയിരിക്കുന്നത്.
എന്തിനാണ് ഗവൺമെന്റ് ഇപ്പോൾ ഇങ്ങനെയൊരു തിടുക്കപ്പെട്ട നീക്കം നടത്തുന്നത്? നിലവിലുള്ള നിയമത്തിലെ വിടവുകൾ നികത്താനും വിദേശ ഫണ്ട് ദുരുപയോഗം ചെയ്യുന്നത് തടയാനും ഇത് അനിവാര്യമാണെന്നാണ് ഗവൺമെന്റ് വാദം. ഏതെങ്കിലും എൻ.ജി.ഒ പ്രവർത്തനം നിർത്തുകയോ ലൈസൻസ് ഇല്ലാതാവുകയോ ചെയ്താൽ ആ സ്ഥാപനങ്ങളിലെ ജീവനക്കാരുടെയും ഗുണഭോക്താക്കളുടെയും താല്പര്യം സംരക്ഷിക്കാൻ ഒരു അതോറിറ്റി വേണമെന്നാണ് കേന്ദ്രം പറയുന്നത്.
ബില്ലിനെതിരെയുള്ള പ്രതിഷേധം ശക്തമായതിനെ തുടർന്ന് ലോക്സഭയിലെ ചർച്ചകൾ താൽക്കാലികമായി മാറ്റിവെച്ചിരിക്കുകയാണ്. മുഖ്യമന്ത്രി പിണറായി വിജയൻ ഉൾപ്പെടെയുള്ളവർ ബില്ലിനെതിരെ പ്രധാനമന്ത്രിക്ക് കത്തയച്ചിട്ടുണ്ട്.



