...
Home News National ‘ഫെമ ചട്ടം ലംഘിച്ചു’; ന്യൂസ്‌ക്ലിക്കിനും പ്രബീര്‍ പുരകായസ്‌തക്കും എതിരെ പിഴ ചുമത്തി ഇഡി

‘ഫെമ ചട്ടം ലംഘിച്ചു’; ന്യൂസ്‌ക്ലിക്കിനും പ്രബീര്‍ പുരകായസ്‌തക്കും എതിരെ പിഴ ചുമത്തി ഇഡി

സാമ്പത്തിക വര്‍ഷത്തില്‍ ബിസിനസ് സ്വഭാവം തെറ്റായി രേഖപ്പെടുത്തി

351

സ്വതന്ത്ര വാര്‍ത്താ പോര്‍ട്ടലായ ന്യൂസ്‌ക്ലിക്കിനും സ്ഥാപകന്‍ പ്രബീര്‍ പുരകായസ്‌തക്കും എതിരെ പിഴ ചുമത്തി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി). വിദേശ നാണയ വിനിമയ ചട്ടം (ഫെമ) ലംഘിച്ചതിനെ തുടര്‍ന്നാണ് ഇഡി 184 കോടി രൂപ പിഴ ചുമത്തിയിരിക്കുന്നത്. 120 കോടി രൂപ ന്യൂസ്‌ക്ലിക്കിനും 64 കോടി രൂപ പ്രബീര്‍ പുരകായസ്‌തക്കും എതിരെയാണ് ചുമത്തിയിരിക്കുന്നത്.

രാജ്യവിരുദ്ധ പ്രവര്‍ത്തനങ്ങള്‍, വിദേശ സംഭാവന നിയന്ത്രണ ചട്ട ലംഘനം, കള്ളപ്പണം വെളുപ്പിക്കല്‍ തുടങ്ങിയ കുറ്റങ്ങളാണ് ഇഡി ന്യൂസ്‌ക്ലിക്കിനെതിരെ ചുമത്തിയത്. 2018- 19 സാമ്പത്തിക വര്‍ഷത്തില്‍ ബിസിനസ് സ്വഭാവം തെറ്റായി രേഖപ്പെടുത്തി 9.59 കോടി രൂപയുടെ നേരിട്ടുള്ള വിദേശ നിക്ഷേപം സ്വീകരിച്ചെന്നാണ് ഇഡി കണ്ടെത്തല്‍.

2018- 19 മുതല്‍ 2023- 24 വരെയുള്ള കാലയളവില്‍ സേവന കയറ്റുമതിയുടെ പേരില്‍ സ്വീകരിച്ച 82.63 കോടി രൂപയുടെ വിദേശ പണമിടപാടുകളില്‍ റിപ്പോര്‍ട്ടിങ് നിയമങ്ങള്‍ ലംഘിച്ചു. സോഫ്‌ടെക്‌സ് ഫോമുകള്‍ സമര്‍പ്പിക്കുന്നതില്‍ പരാജയപ്പെട്ടു, എന്നീ കാര്യങ്ങളും ഇഡി ചൂണ്ടിക്കാട്ടുന്നു.

ഇഡിക്ക് പുറമേ സിബിഐ, ഡല്‍ഹി പൊലീസ്, ആദായ നികുതി വകുപ്പ് തുടങ്ങിയ ഏജന്‍സികളും ന്യൂസ്‌ക്ലിക്കിനെതിരെ അന്വേഷണം നടത്തുന്നുണ്ട്. ന്യൂസ് ക്ലിക്കുമായി ബന്ധപ്പെട്ട കേസില്‍ 2023 ഒക്ടോബറില്‍ ഡല്‍ഹി പൊലീസ് അറസ്റ്റ് ചെയ്‌ത പ്രബീര്‍ പുരകായസ്‌ത നിലവില്‍ ജാമ്യത്തിലാണ്.

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.