ഗുജറാത്തിൽ ആദ്യമായി വായു നിറച്ച റബ്ബർ അണക്കെട്ടുകൾ നിർമ്മിക്കപ്പെടുന്നു. ഛോട്ടാ ഉദേപൂർ ജില്ലയിലെ ഹെറാൻ നദിക്കും താപി ജില്ലയിലെ അംബിക നദിക്കും കുറുകെയാണ് ദക്ഷിണ കൊറിയൻ സാങ്കേതികവിദ്യ ഉപയോഗിച്ചുള്ള രണ്ട് റബ്ബർ അണക്കെട്ടുകൾ യാഥാർഥ്യമാകുന്നത്. ജലസംഭരണം, ജലസേചനം, വെള്ളപ്പൊക്ക നിയന്ത്രണം എന്നിവ ലക്ഷ്യമിട്ടാണ് പദ്ധതികൾ നടപ്പാക്കുന്നത്.
പരമ്പരാഗത അണക്കെട്ടുകളിൽ നിന്ന് വ്യത്യസ്തമായി, നദിയുടെയോ കനാലിന്റെയോ കുറുകെ സ്ഥാപിക്കുന്ന പ്രത്യേക റബ്ബർ ഘടനയാണ് വായു നിറച്ച റബ്ബർ അണക്കെട്ട്. ആവശ്യാനുസരണം വായുവോ വെള്ളമോ നിറച്ച് ജലനിരപ്പ് ഉയർത്താനും, ഉയർന്ന ഒഴുക്കുള്ള സമയത്ത് വായു പുറത്തുവിട്ട് വെള്ളവും ചെളിയും തടസ്സമില്ലാതെ കടന്നുപോകാൻ അനുവദിക്കാനുമുള്ള സംവിധാനമാണ് ഇതിന്റെ പ്രത്യേകത.
ഛോട്ടാ ഉദേപൂർ ജില്ലയിലെ രാജ്വാസന ഗ്രാമത്തിൽ നിർമ്മിക്കുന്ന രാജ്വാസന റബ്ബർ അണക്കെട്ടിനും താപി ജില്ലയിലെ പതക്വാഡി ഗ്രാമത്തിലെ പതക്വാഡി റബ്ബർ അണക്കെട്ടിനുമായി മൊത്തം 162 കോടിയിലധികം രൂപയാണ് ചെലവഴിക്കുന്നത്. രാജ്വാസന പദ്ധതിക്കായി 82.97 കോടി രൂപയും പതക്വാഡി പദ്ധതിക്കായി 79.13 കോടി രൂപയുമാണ് വകയിരുത്തിയിരിക്കുന്നത്.
രാജ്വാസന അണക്കെട്ടിന്റെ നിർമാണം 75 ശതമാനം പൂർത്തിയായതായി അധികൃതർ അറിയിച്ചു. 2027 സെപ്റ്റംബറോടെ പദ്ധതി കമ്മീഷൻ ചെയ്യുമെന്നാണ് പ്രതീക്ഷ. 25 ഗ്രാമങ്ങളിലായി 3,420 ഹെക്ടർ കൃഷിഭൂമിക്ക് ജലസേചന സൗകര്യം ലഭ്യമാക്കാൻ ഇതിലൂടെ സാധിക്കും. അതേസമയം, പതക്വാഡി റബ്ബർ അണക്കെട്ടിന്റെ നിർമാണം ഏകദേശം 90 ശതമാനം പൂർത്തിയായിട്ടുണ്ട്. ഇത് പൂർത്തിയാകുന്നതോടെ സമീപ പ്രദേശങ്ങളിലെ 650 ഹെക്ടറിലധികം കാർഷിക ഭൂമിക്ക് സ്ഥിരമായ ജലസേചനം ഉറപ്പാക്കും.
ദക്ഷിണ കൊറിയയിൽ നിന്ന് ഇറക്കുമതി ചെയ്ത പ്രത്യേക എഞ്ചിനീയറിങ് റബ്ബർ ബ്ലാഡറുകളാണ് അണക്കെട്ടുകളിൽ ഉപയോഗിക്കുന്നത്. 18 മുതൽ 32 മില്ലിമീറ്റർ വരെ കനമുള്ള ഈ റബ്ബർ ഘടനകൾ 50 ഡിഗ്രി സെൽഷ്യസിന് മുകളിലുള്ള താപനിലയും അതിജീവിക്കാൻ ശേഷിയുള്ളവയാണ്. ഏകദേശം 30 വർഷം വരെ ഉപയോഗിക്കാനാകുമെന്നാണ് വിലയിരുത്തൽ.
SCADA അധിഷ്ഠിത ഓട്ടോമേറ്റഡ് നിയന്ത്രണ സംവിധാനവും അണക്കെട്ടുകളിൽ സജ്ജീകരിക്കുന്നുണ്ട്. ഇതിലൂടെ ആവശ്യാനുസരണം റബ്ബർ ഘടനകൾ വീർപ്പിക്കാനും ചുരുക്കാനും സാധിക്കും. കനത്ത മഴയും വെള്ളപ്പൊക്കവും ഉണ്ടാകുന്ന സമയങ്ങളിൽ റബ്ബർ ഘടനകൾ വായു ഒഴിവാക്കി താഴ്ത്തുന്നതിലൂടെ വെള്ളവും ചെളിയും തടസ്സമില്ലാതെ ഒഴുകിപ്പോകാൻ കഴിയും. അതിനാൽ തന്നെ വെള്ളപ്പൊക്ക നിയന്ത്രണത്തിനും നദീ പരിപാലനത്തിനും ഈ സാങ്കേതികവിദ്യ ഫലപ്രദമായ പരിഹാരമാകുമെന്നാണ് വിദഗ്ധരുടെ വിലയിരുത്തൽ.


