എഥനോൾ പെട്രോൾ ഒഴിച്ച് വാഹനം തകരാറിലായെന്ന പരാതിയിൽ ഉപഭോക്താവിന് പുതിയ വാഹനം നൽകാൻ റായ്‌പൂർ ജില്ല ഉപഭോക്‌തൃതർക്ക പരിഹാര കമ്മീഷൻ നിർദേശം നൽകി. ഛത്തീസ്ഗഢിലെ റായ്‌പൂരിലെ ജില്ലാ ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷനാണ് പരാതിക്കാരന് അനുകൂലമായ വിധി പുറപ്പെടുവിച്ചത്. വാഹന നിർമ്മാതാക്കളായ മാരുതി സുസുക്കിക്കും ഡീലർക്കുമാണ് നിർദേശം. കാർ മാറ്റി നൽകിയില്ലെങ്കിൽ 20.50 ലക്ഷം രൂപ നൽകണം.
മാനസിക പ്രയാസമുണ്ടാക്കിയതിന് ഒരു ലക്ഷം രൂപയും. കോടതി ചെലവുകൾക്ക് പതിനായിരം രൂപയും നൽകാൻ നിർദ്ദേശം നൽകി. 45 ദിവസത്തിനകം തുക നൽകണം. റായ്‌പൂരിലെ ഡോ. പ്രേംരാജ് ദേവ്‌ത എന്നയാളാണ് പരാതി നൽകിയത്. ഇ-20 പെട്രോളുമായി ബന്ധപ്പെട്ട് രാജ്യത്തുണ്ടാകുന്ന ആദ്യത്തെ സുപ്രധാന വിധിയാണിത്. ഇ-20 പെട്രോൾ ഉപയോഗിച്ചത് കാരണം വാഹനത്തിന് തുടർച്ചയായ എൻജിൻ തകരാറുകളും ഇന്ധനക്ഷമതയിൽ കുറവും ഉണ്ടായെന്നായിരുന്നു പരാതിക്കാരൻ്റെ ആരോപണം.
ആവർത്തിച്ച് അറ്റകുറ്റപ്പണി ചെയ്‌തിട്ടും തകരാറുകൾ തീരുന്നില്ലെന്നും പരാതിക്കാരൻ പറഞ്ഞിരുന്നു. എന്നാൽ, വാഹന നിർമാതാവും ഡീലറും പരാതിക്കാരൻ്റെ വാദങ്ങളെ എതിർത്തു. പ്രസ്‌തുത മോഡൽ വാഹനം ഇ-20 പെട്രോളിന് അനുയോജ്യമായത് ആണെന്നായിരുന്നു ഇവരുടെ വാദം. സാധാരണയായ തേയ്‌മാനം, സർവീസ് പ്രശ്‌നങ്ങൾ എന്നിവയാകാം ഇത്തരം തകരാറുകൾക്ക് കാരണമെന്നും ഇവർ വാദിച്ചു. എന്നാൽ, കമ്മീഷൻ ഈ വാദങ്ങൾ അംഗീകരിച്ചില്ല.
ആവർത്തിച്ചുള്ള അറ്റകുറ്റപ്പണികൾക്ക് ശേഷവും തകരാറുകൾ തുടരുന്നത് പ്രശ്‌നങ്ങൾ പരിഹരിക്കപ്പെട്ടില്ലെന്ന പരാതിക്കാരൻ്റെ വാദത്തെ സാധൂകരിക്കുന്നതാണെന്ന് കമ്മീഷൻ പറഞ്ഞു. നിലവിലെ സാഹചര്യത്തിൽ ഇ-20 പെട്രോൾ ആണ് പമ്പുകളിൽ ലഭിക്കുന്നത്. അതിനാൽ ഉപഭോക്താക്കൾക്ക് മറ്റൊരു ഓപ്ഷനില്ലെന്നും കമ്മീഷൻ നിരീക്ഷിച്ചു.
അറ്റകുറ്റപ്പണികൾക്ക് ചെലവായ തുകയും നഷ്‌ടപരിഹാരവും നൽകാൻ കമ്മീഷൻ വിധിച്ചത്. നിശ്ചിത സമയത്തിനുള്ളിൽ പണം നൽകിയില്ലെങ്കിൽ പലിശസഹിതം നൽകണമെന്നും കമ്മീഷൻ നിർദേശിച്ചിട്ടുണ്ട്.


