...
Warning/home1/nalamida/public_html/wp-content/plugins/gtranslate/gtranslate.php90
Home News Kerala കേരളത്തിൽ മഴക്കെടുതിയിൽ അഞ്ച് മരണം; ഒമ്പത് ജില്ലകളിൽ റെഡ് അലേർട്ട്

കേരളത്തിൽ മഴക്കെടുതിയിൽ അഞ്ച് മരണം; ഒമ്പത് ജില്ലകളിൽ റെഡ് അലേർട്ട്

തീരത്തോടും താഴ്ന്ന പ്രദേശങ്ങളിലും താമസിക്കുന്നവർ ജാഗ്രത പാലിക്കാനും, അധികൃതരുടെ നിർദ്ദേശപ്രകാരം സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറിത്താമസിക്കാനും അഭ്യർത്ഥിക്കുന്നു

125

കനത്ത മഴ തുടരുന്നു. കേരളത്തിൽ വിവിധയിടങ്ങളിലുണ്ടായ മഴക്കെടുതികളിൽ അഞ്ച് ജീവനുകളാണ് ഇന്ന് നഷ്ടമായത്. പൂഞ്ഞാർ പയ്യാനിത്തോട്ടത്തിൽ വീട് ഇടിഞ്ഞ് അമ്മയും മകനും മരിച്ചു. ഇടുക്കി കോലാഹലമേട്ടിൽ വീടിന് മുകളിലേക്ക് മണ്ണിടിഞ്ഞ് വൈക്കം സ്വദേശിയും, അടൂർമലയിൽ വീട്ടമ്മയും മരണപ്പെട്ടു. മലപ്പുറം കൊണ്ടോട്ടിയിൽ നാല് വയസുകാരനും, കോട്ടയം വാകത്താനത്ത് 11 വയസുകാരനും ഒഴുക്കിലും വെള്ളക്കെട്ടിലും പെട്ട് ജീവൻ നഷ്ടമായി.

വരും മണിക്കൂറുകളിൽ അതിതീവ്ര മഴ തുടരുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിൻ്റെ മുന്നറിയിപ്പ്. തൃശൂർ ജില്ലയിൽ കൂടി റെഡ് അലേർട്ട് പ്രഖ്യാപിച്ചതോടെ സംസ്ഥാനത്ത് ആകെ ഒമ്പത് ജില്ലകളിൽ കനത്ത ജാഗ്രത തുടരുകയാണ്. വയനാട്ടിലും മലയോര മേഖലകളിലും മഴ ശക്തമാണ്. നദികളിലെ ജലനിരപ്പ് ഉയരുന്നത് ആശങ്ക വർദ്ധിപ്പിക്കുന്നുണ്ട്.

പ്രധാന വിവരങ്ങളും നിയന്ത്രണങ്ങളും

റെഡ് അലേർട്ട് പ്രഖ്യാപിച്ച ജില്ലകൾ: പത്തനംതിട്ട, കോട്ടയം, ഇടുക്കി, തൃശൂർ, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട്.

വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി: കനത്ത മഴയെ തുടർന്ന് കണ്ണൂർ, പാലക്കാട്, മലപ്പുറം, ആലപ്പുഴ, പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളിലെ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഇന്ന് അവധി പ്രഖ്യാപിച്ചു.

ഡാമുകൾ തുറന്നു: പാലക്കാട് കാഞ്ഞിരപ്പുഴ ഡാമിന്റെ മൂന്ന് ഷട്ടറുകളും, നെയ്യാർ ഡാമിന്റെ ഷട്ടറുകളും തുറന്നു. ഇടുക്കി കല്ലാർ ഡാമും തുറക്കാൻ തീരുമാനമായിട്ടുണ്ട്.

യാത്രാ നിയന്ത്രണങ്ങൾ

താമരശ്ശേരി ചുരത്തിൽ വലിയ വാഹനങ്ങൾക്കും വിനോദസഞ്ചാര വാഹനങ്ങൾക്കും കർശന വിലക്ക് ഏർപ്പെടുത്തി. ആങ്ങമൂഴി വഴി ഗവി റോഡിലൂടെയുള്ള യാത്രയും, പാൽച്ചുരം വഴിയുള്ള ഗതാഗതവും പൂർണ്ണമായി നിരോധിച്ചു.

കൊട്ടാരക്കര- ദിണ്ടിഗൽ ദേശീയപാതയിൽ കുട്ടിക്കാനം മുതൽ മുണ്ടക്കയം വരെ രാത്രിയാത്ര (രാത്രി 8 മുതൽ രാവിലെ 6 വരെ) നിരോധിച്ചു. ഇടുക്കി ജില്ലയിൽ വിനോദസഞ്ചാരത്തിന് നിയന്ത്രണം ഏർപ്പെടുത്തുകയും മലയോര മേഖലയിൽ രാത്രിയാത്ര നിരോധിക്കുകയും ചെയ്തു.

നദികളിലെ ജലനിരപ്പും മുന്നറിയിപ്പുകളും

സംസ്ഥാനത്തെ വിവിധ നദികളിൽ ജലനിരപ്പ് ഉയരുന്നതിനാൽ ദുരന്തനിവാരണ അതോറിറ്റി ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്.

ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ച നദികൾ: മൂവാറ്റുപുഴയാർ (തൊടുപുഴ), കല്ലടയാർ (പുനലൂർ), മീനച്ചിൽയാർ (പാല), മണിമലയാർ, പമ്പ (കുരുടമണ്ണിൽ), അച്ചൻകോവിൽ (കല്ലേലി).

പമ്പാനദിയിൽ പ്രളയസാധ്യത മുന്നറിയിപ്പുള്ളതിനാൽ ശബരിമല തീർത്ഥാടകർ നദിയിൽ ഇറങ്ങരുതെന്ന് നിർദ്ദേശമുണ്ട്.

തീരത്തോടും താഴ്ന്ന പ്രദേശങ്ങളിലും താമസിക്കുന്നവർ ജാഗ്രത പാലിക്കാനും, അധികൃതരുടെ നിർദ്ദേശപ്രകാരം സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറിത്താമസിക്കാനും അഭ്യർത്ഥിക്കുന്നു. രക്ഷാപ്രവർത്തനങ്ങൾക്കായി വിവിധയിടങ്ങളിൽ കൺട്രോൾ റൂമുകളും ദുരിതാശ്വാസ ക്യാമ്പുകളും പ്രവർത്തനമാരംഭിച്ചിട്ടുണ്ട്.

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.