...
Warning/home1/nalamida/public_html/wp-content/plugins/gtranslate/gtranslate.php90
Home News National അസമിൽ വെള്ളപ്പൊക്ക ദുരിതം തുടരുന്നു; വീടുകളിൽ വൈദ്യുതിയില്ല, മരണസംഖ്യ 78 ആയി

അസമിൽ വെള്ളപ്പൊക്ക ദുരിതം തുടരുന്നു; വീടുകളിൽ വൈദ്യുതിയില്ല, മരണസംഖ്യ 78 ആയി

ജൂലൈ 19ന് പുലർച്ചെ മുതൽ നാഗാലാൻഡിലും അപ്പർ അസമിലും പെയ്ത അതിശക്തമായ മഴയാണ് മൂന്ന് ജില്ലകളിൽ വ്യാപകമായ വെള്ളപ്പൊക്കത്തിനും നാശനഷ്ടങ്ങൾക്കും കാരണമായത്

78

അസമിൽ കനത്ത മഴയെ തുടർന്നുണ്ടായ വെള്ളപ്പൊക്കത്തിൻ്റെ ആഘാതം തുടരുന്നു. പ്രളയബാധിത മേഖലകളിലെ ഏകദേശം 13,000 വീടുകളിൽ ഇപ്പോഴും വൈദ്യുതി വിതരണം പുനഃസ്ഥാപിക്കാനായിട്ടില്ല. സംസ്ഥാനത്തിൻ്റെ പല ഭാഗങ്ങളിൽ നിന്നും വെള്ളം ഇറങ്ങിത്തുടങ്ങിയെങ്കിലും, അപ്പർ അസമിലെ നിരവധി പ്രദേശങ്ങളിൽ ദുരിതം തുടരുകയാണ്.

അപ്പർ അസമിലെ വെള്ളപ്പൊക്ക സാഹചര്യം ഭരണകൂടം നിരന്തരം വിലയിരുത്തുന്നുണ്ടെന്നും ജലനിരപ്പ് കുറഞ്ഞ് സുരക്ഷിത സാഹചര്യം ഉറപ്പുവരുത്തുന്ന മുറയ്ക്ക് വൈദ്യുതി വിതരണം ഘട്ടംഘട്ടമായി പുനഃസ്ഥാപിക്കുകയാണെന്നും മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ അറിയിച്ചു.

സാമൂഹിക മാധ്യമമായ എക്‌സിൽ പങ്കുവെച്ച കുറിപ്പിൽ, വൈദ്യുതി ലഭിക്കാത്ത ഉപഭോക്താക്കളുടെ എണ്ണം 30 ശതമാനം കൂടി കുറഞ്ഞതായി മുഖ്യമന്ത്രി വ്യക്തമാക്കി. ജലനിരപ്പ് താഴ്ന്നുവരുന്നതിനനുസരിച്ച് സുരക്ഷാ സാഹചര്യം വിലയിരുത്തി കൂടുതൽ ട്രാൻസ്‌ഫോർമറുകൾ ഗ്രിഡുമായി ബന്ധിപ്പിക്കുമെന്നും അദ്ദേഹം അറിയിച്ചു.

മുഖ്യമന്ത്രി പങ്കുവെച്ച അസം പവർ ഡിസ്ട്രിബ്യൂഷൻ കമ്പനി ലിമിറ്റഡിൻ്റെ (എപിഡിസിഎൽ) ശിവസാഗർ ഇലക്ട്രിക്കൽ സർക്കിളുമായി ബന്ധപ്പെട്ട റിപ്പോർട്ട് പ്രകാരം, നിലവിൽ 12,756 ഉപഭോക്താക്കൾക്ക് വൈദ്യുതി ലഭ്യമല്ല. ഗൗരിസാഗർ, ശിവസാഗർ, നസിറ, അംഗുരി, ഡെമോ എന്നീ പ്രദേശങ്ങളിലാണ് വൈദ്യുതി വിതരണം ഏറ്റവും കൂടുതൽ ബാധിച്ചിരിക്കുന്നത്.

ജൂലൈ 24ന് നടത്തിയ അവലോകനത്തിൽ സംസ്ഥാനത്തെ ഏകദേശം 75 ശതമാനം പ്രദേശങ്ങളിൽ വൈദ്യുതി വിതരണം പുനഃസ്ഥാപിച്ചതായി മുഖ്യമന്ത്രി അറിയിച്ചിരുന്നു. അന്ന് 40,000ത്തോളം വീടുകൾക്ക് വൈദ്യുതി ലഭിച്ചിരുന്നില്ല. തുടർ നടപടികളിലൂടെ ആ എണ്ണം ഗണ്യമായി കുറയ്ക്കാൻ വൈദ്യുതി വകുപ്പിന് കഴിഞ്ഞതായി അധികൃതർ അറിയിച്ചു.

ജൂലൈ 19ന് പുലർച്ചെ മുതൽ നാഗാലാൻഡിലും അപ്പർ അസമിലും പെയ്ത അതിശക്തമായ മഴയാണ് മൂന്ന് ജില്ലകളിൽ വ്യാപകമായ വെള്ളപ്പൊക്കത്തിനും നാശനഷ്ടങ്ങൾക്കും കാരണമായത്. വീടുകൾ, കൃഷിയിടങ്ങൾ, റോഡുകൾ, പൊതുസൗകര്യങ്ങൾ എന്നിവയ്ക്ക് വലിയ കേടുപാടുകളാണ് സംഭവിച്ചത്.

അതേസമയം, സംസ്ഥാനത്തിൻ്റെ ഭൂരിഭാഗം പ്രദേശങ്ങളിൽ വെള്ളം ഇറങ്ങിയെങ്കിലും അസമിലെ വെള്ളപ്പൊക്ക സ്ഥിതി ഇപ്പോഴും ഗുരുതരമായി തുടരുകയാണ്. ഔദ്യോഗിക കണക്കുകൾ പ്രകാരം മരണസംഖ്യ 78 ആയി ഉയർന്നിട്ടുണ്ട്. മൂന്ന് ലക്ഷത്തിലധികം ആളുകൾ ഇപ്പോഴും വെള്ളപ്പൊക്കത്തിൻ്റെ ദുരിതം അനുഭവിക്കുന്നതായും രക്ഷാപ്രവർത്തനവും ദുരിതാശ്വാസ നടപടികളും വിവിധ മേഖലകളിൽ തുടരുകയാണെന്നും അധികൃതർ അറിയിച്ചു.

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.