...
Home News International ‘ചൈനയിൽ പ്രളയവും ചുഴലിക്കാറ്റും’; പാമ്പ് വളർത്തൽ കേന്ദ്രത്തിൻ്റെ മതിൽക്കെട്ടുകൾ തകർന്നു, വിഷപ്പാമ്പുകൾ നിരത്തിലിറങ്ങി

‘ചൈനയിൽ പ്രളയവും ചുഴലിക്കാറ്റും’; പാമ്പ് വളർത്തൽ കേന്ദ്രത്തിൻ്റെ മതിൽക്കെട്ടുകൾ തകർന്നു, വിഷപ്പാമ്പുകൾ നിരത്തിലിറങ്ങി

പ്രകൃതി ദുരന്തത്തിനൊപ്പം ജനവാസ മേഖലകളിൽ വന്യജീവികളുടെ സാന്നിധ്യം കൂടിയായതോടെ സ്ഥിതിഗതികൾ അതീവ ഗുരുതരമായി

6

ചൈനയിൽ മെയ്‌സാക് ചുഴലിക്കാറ്റും കനത്ത പ്രളയവും വിതയ്ക്കുന്ന നാശനഷ്ടങ്ങൾ നാൾക്കുനാൾ വർദ്ധിച്ചു കൊണ്ടിരിക്കുകയാണ്. ഗുവാങ്ഷി ഷുവാങ് സ്വയംഭരണ പ്രദേശത്ത് അണക്കെട്ട് തകർന്നതിനെ തുടർന്ന് മരണസംഖ്യ 39 ആയി ഉയർന്നതായാണ് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. പ്രളയക്കെടുതി രൂക്ഷമായ സാഹചര്യത്തിൽ ഏകദേശം 48,000-ഓളം ആളുകളെ പ്രദേശത്ത് നിന്ന് സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റിപ്പാർപ്പിച്ചിട്ടുണ്ട്. പ്രകൃതി ദുരന്തത്തിനൊപ്പം ജനവാസ മേഖലകളിൽ വന്യജീവികളുടെ സാന്നിധ്യം കൂടിയായതോടെ സ്ഥിതിഗതികൾ അതീവ ഗുരുതരമായി തുടരുകയാണ്.

പ്രളയത്തോടൊപ്പം നൂറുകണക്കിന് വിഷപ്പാമ്പുകൾ ജനവാസ മേഖലയിലേക്ക് ഒഴുകിയെത്തിയത് ജനങ്ങൾക്കിടയിൽ കടുത്ത ഭീതി പടർത്തിയിരിക്കുകയാണ്. നഗരത്തിലെ ഡെങ്‌വെയ് എന്ന ഗ്രാമത്തിലുള്ള പാമ്പ് വളർത്തൽ കേന്ദ്രത്തിൻ്റെ മതിൽക്കെട്ടുകൾ തകർന്നതോടെ ഏകദേശം 900-ഓളം വിഷപ്പാമ്പുകൾ പുറത്തെത്തി എന്നാണ് വിവരം. പരമ്പരാഗത ചൈനീസ് മരുന്നുകൾക്കും മാംസത്തിനുമായാണ് മൂർഖൻ പാമ്പുകളെയും വാട്ടർ പാമ്പിനെയും ഇത്തരം കേന്ദ്രങ്ങളിൽ വൻതോതിൽ വളർത്തുന്നത്. നിലവിൽ ഈ മേഖലയിൽ വാണിജ്യ ആവശ്യങ്ങൾക്കായി മാത്രം 30 ദശലക്ഷത്തോളം പാമ്പുകളെ വളർത്തുന്നുണ്ടെന്നാണ് കണക്കുകൾ.

വെള്ളപ്പൊക്കത്തിൽ പാമ്പുകൾ ഫണമുയർത്തി വിഹരിക്കുന്ന ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. എന്നാൽ ജീവൻ പണയപ്പെടുത്തിയും പാമ്പുകളെ ഭക്ഷണമാക്കാനായി ചിലർ അവയെ പിടികൂടാൻ ശ്രമിക്കുന്നത് അധികൃതരിൽ വലിയ ആശങ്കയുണ്ടാക്കുന്നു. ഇതിനോടകം പാമ്പുകടിയേറ്റ് ഒരു സ്ത്രീ മരിക്കുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്‌തതായാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. പാമ്പുകളുടെ സാന്നിധ്യം രക്ഷാപ്രവർത്തനത്തെയും കാര്യമായി ബാധിക്കുന്നുണ്ട്.

വിഷപ്പാമ്പുകൾക്ക് പുറമെ ഗുവാങ്സിയിലെ മൃഗശാലയിൽ നിന്ന് സീബ്രാകളും പന്നികളും ഉൾപ്പെടെ നൂറുകണക്കിന് മൃഗങ്ങളും പുറത്തുചാടിയിട്ടുണ്ട്. പ്രളയത്തിൽ മൃഗശാലയിലെ വേലികൾ തകർന്നതാണ് മൃഗങ്ങൾ പുറത്തെത്താൻ കാരണമായത്. പ്രളയജലത്തിനൊപ്പം വന്യജീവികൾ കൂടി എത്തിയത് ജനങ്ങളുടെ ദൈനംദിന ജീവിതത്തെ പൂർണമായും തടസപ്പെടുത്തിയിരിക്കുകയാണ്. കാലാവസ്ഥാ വ്യതിയാനം മൂലം ആഞ്ഞടിച്ച മെയ്‌സാക് ചുഴലിക്കാറ്റ് മേഖലയിൽ വൻ നാശനഷ്ടങ്ങളാണ് ഉണ്ടാക്കിയിരിക്കുന്നത്.

പ്രളയക്കെടുതിയിൽ തകർന്ന ഫാമുകളിൽ നിന്നുള്ള കൂടുതൽ പാമ്പുകൾ ഇനിയും പുറത്തെത്തുമോ എന്ന ഭീതിയിലാണ് പ്രദേശവാസികൾ കഴിയുന്നത്. അണക്കെട്ട് തകർന്നത് മേഖലയിലെ നാശത്തിൻ്റെ ആഴം വർദ്ധിപ്പിക്കുകയും വന്യജീവികളുടെ വാസസ്ഥലങ്ങളെ താറുമാറാക്കുകയും ചെയ്‌തു. അപ്രതീക്ഷിതമായുണ്ടായ ഈ ഇരട്ടദുരന്തത്തെ നേരിടാൻ സർക്കാർ കൂടുതൽ സുരക്ഷാ സേനയെ വിന്യസിച്ചിട്ടുണ്ട്.

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.