കൊച്ചി: നടൻ മോഹൻലാലിനെതിരെ സാമൂഹിക മാധ്യമങ്ങളിൽ വ്യാപക സൈബർ ആക്രമണം. ഡൽഹിയിൽ നടക്കുന്ന പ്രക്ഷോഭത്തിന് പിന്തുണ അറിയിച്ച് മകൾ വിസ്മയ മോഹൻലാൽ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച സ്റ്റോറിയെ തുടർന്നാണ് ഇരുവർക്കുമെതിരെ അധിക്ഷേപ കമന്റുകൾ വ്യാപകമായത്.
ആദ്യം വിസ്മയയുടെ പോസ്റ്റിന് താഴെയായിരുന്നു വിമർശനങ്ങളും അധിക്ഷേപങ്ങളും പ്രത്യക്ഷപ്പെട്ടത്. പിന്നീട് ആക്രമണം മോഹൻലാലിലേക്കും വ്യാപിക്കുകയായിരുന്നു. മകളെ “വകതിരിവ് പഠിപ്പിക്കണം” എന്ന തരത്തിലുള്ള പരാമർശങ്ങൾ ഉൾപ്പെടെ നിരവധി അധിക്ഷേപ കമന്റുകളാണ് സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നത്.
വിസ്മയയുടെ ആദ്യ സിനിമ റിലീസിന് ഒരുങ്ങുന്ന സാഹചര്യത്തിൽ, സിനിമയെ ബഹിഷ്‌കരിക്കുമെന്ന ഭീഷണിയുൾപ്പെടെയുള്ള പ്രതികരണങ്ങളും ചിലർ പങ്കുവെക്കുന്നു. “പിതാവിന്റെ ചെലവിൽ വിദേശത്ത് കഴിയുന്നവർ ഭാരത സർക്കാരിനെ വിമർശിക്കരുത്”, “മകളുടെ സിനിമ നല്ലതായാലും കാണില്ല” തുടങ്ങിയ പരാമർശങ്ങളും മോഹൻലാലിന്റെ സോഷ്യൽ മീഡിയ പോസ്റ്റുകൾക്ക് താഴെ പ്രത്യക്ഷപ്പെടുന്നുണ്ട്.
ലോകകപ്പിൽ സ്പെയിനിന്റെ വിജയം ആഘോഷിച്ച് മോഹൻലാൽ പങ്കുവെച്ച പോസ്റ്റിന് താഴെയും സമാന രീതിയിലുള്ള കമന്റുകൾ നിറയുകയാണ്. മുൻ സിനിമാ വിവാദങ്ങൾ ചൂണ്ടിക്കാട്ടിയും വ്യക്തിപരമായ അധിക്ഷേപങ്ങൾ ഉന്നയിച്ചും ചിലർ പ്രതികരിക്കുന്നതായി കാണാം.
കഴിഞ്ഞ ദിവസമാണ് ഡൽഹിയിൽ നടക്കുന്ന പ്രക്ഷോഭത്തിന് പിന്തുണ അറിയിച്ച് വിസ്മയ മോഹൻലാൽ ഇൻസ്റ്റഗ്രാം സ്റ്റോറി പങ്കുവെച്ചത്. അതിന് പിന്നാലെ വലിയ തോതിൽ വിമർശനങ്ങളും സൈബർ ആക്രമണവും നേരിടേണ്ടിവന്നിരുന്നു.
അതേസമയം, ഡൽഹി പ്രക്ഷോഭത്തിന് പിന്തുണ പ്രഖ്യാപിച്ച മറ്റ് താരങ്ങൾക്കും സമാനമായ രീതിയിൽ സൈബർ ആക്രമണം നേരിടേണ്ടി വന്നിട്ടുണ്ട്. നടൻ കുഞ്ചാക്കോ ബോബൻ, ടൊവിനോ തോമസ് തുടങ്ങിയവരുടെ സമൂഹമാധ്യമ പോസ്റ്റുകൾക്കും വ്യാപക വിമർശനങ്ങളും അധിക്ഷേപ കമന്റുകളും ലഭിച്ചിരുന്നു.


