ചണ്ഡിഗഡ്: പഞ്ചാബിൽ തിരഞ്ഞെടുപ്പ് കമ്മീഷൻ നടപ്പിലാക്കി വരുന്ന പ്രത്യേക തീവ്ര പരിഷ്കരണ (SIR) നടപടികൾക്കിടയിൽ മുൻ നയതന്ത്രജ്ഞൻ നവ്ദീപ് സൂരിക്ക് നേരിടേണ്ടിവന്നത് അസാധാരണ അനുഭവം. യുഎഇ, ഈജിപ്ത് രാജ്യങ്ങളിൽ ഇന്ത്യൻ അംബാസഡറായും ഓസ്‌ട്രേലിയയിൽ ഹൈക്കമ്മീഷണറായും ദീർഘകാലം സേവനമനുഷ്ഠിച്ച ഈ മുൻ ഐ.എഫ്.എസ് ഉദ്യോഗസ്ഥനാണ് സ്വന്തം പൗരത്വം തെളിയിക്കേണ്ടി വന്നത്.
2003-ലെ വോട്ടർ പട്ടികയുമായി നിലവിലെ വിവരങ്ങൾ പൊരുത്തപ്പെടുന്നില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് അദ്ദേഹത്തിന് അധികൃതരുടെ നോട്ടീസ് ലഭിച്ചത്. സംഭവത്തിൽ ആശങ്കയും അതൃപ്തിയും രേഖപ്പെടുത്തി നവ്ദീപ് സൂരി സമൂഹമാധ്യമമായ എക്സിൽ (X) കുറിപ്പ് പങ്കുവെച്ചു.
സംഭവിച്ചത് ഇങ്ങനെ:
ബൂത്ത് ലെവൽ ഓഫീസറെ (BLO) നേരിട്ട് കണ്ട് വോട്ടർ കാർഡും ആധാർ കാർഡും സമർപ്പിച്ചപ്പോൾ എല്ലാം കൃത്യമാണെന്ന ഉറപ്പാണ് ലഭിച്ചതെന്ന് നവ്ദീപ് സൂരി വ്യക്തമാക്കുന്നു. എന്നാൽ പിന്നീട്, 2003-ലെ എസ്.ഐ.ആർ ഡാറ്റയുമായി വിവരങ്ങൾ ഒത്തുപോകുന്നില്ലെന്ന് കാണിച്ച് ഒരു വളണ്ടിയറുടെ സന്ദേശം ലഭിക്കുകയായിരുന്നു.
തുടർന്ന് ബി.എൽ.ഒയുമായി ബന്ധപ്പെട്ടപ്പോൾ ഔദ്യോഗിക നോട്ടീസ് കൈപ്പറ്റാനും പൗരത്വം തെളിയിക്കുന്നതിനുള്ള രേഖകളുമായി ഹാജരാകാനും നിർദ്ദേശം ലഭിച്ചു. 2003-ൽ താൻ രാജ്യത്ത് ഉണ്ടായിരുന്നില്ലെന്നും ലണ്ടനിലെ ഇന്ത്യൻ ഹൈക്കമ്മീഷനിൽ സേവനമനുഷ്ഠിക്കുകയായിരുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാണിച്ചതോടെ അധികൃതർ പാസ്‌പോർട്ട് തെളിവായി ആവശ്യപ്പെടുകയായിരുന്നു.
സാധാരണക്കാരുടെ അവസ്ഥ?
“എൻ്റെ കൈവശം ആവശ്യത്തിന് രേഖകൾ ഉണ്ടെങ്കിലും എനിക്ക് ചോദിക്കാതിരിക്കാൻ കഴിയുന്നില്ല; മൂന്ന് പ്രധാന രാജ്യങ്ങളിൽ ഇന്ത്യയെ പ്രതിനിധീകരിച്ച എനിക്ക് പൗരത്വം സ്ഥാപിക്കുന്നതിൽ ഇത്തരം ബുദ്ധിമുട്ടുകൾ നേരിടേണ്ടിവന്നാൽ, സാധാരണക്കാരന്റെ വിധി എന്താകും? ‘ഈസ് ഓഫ് ലിവിംഗ്’ (ജീവിതം എളുപ്പമാക്കൽ) എന്ന് ഞാൻ കരുതുന്നു!” – നവ്ദീപ് സൂരി എക്സിൽ കുറിച്ചു.
തിരഞ്ഞെടുപ്പ് കമ്മീഷൻ്റെ വിശദീകരണം
അതേസമയം, സംഭവത്തിൽ വിശദീകരണവുമായി പഞ്ചാബ് ചീഫ് ഇലക്ടറൽ ഓഫീസർ അനിന്ദിത മിത്ര രംഗത്തെത്തി. നവ്ദീപ് സൂരിയുടെ പേര് വോട്ടർ പട്ടികയിൽ നിന്ന് ഒഴിവാക്കിയിട്ടില്ലെന്നും ഓഗസ്റ്റ് 13-ന് പ്രസിദ്ധീകരിച്ച കരട് വോട്ടർ പട്ടികയിൽ അദ്ദേഹത്തിന്റെ പേര് ഉൾപ്പെട്ടിട്ടുണ്ടെന്നും അവർ വ്യക്തമാക്കി.
മുൻകാല പട്ടികയുമായി നേരിട്ട് മാപ്പ് ചെയ്യാൻ കഴിയാത്ത ചിലർക്ക് പരിശോധനയുടെ ഭാഗമായി നോട്ടീസ് നൽകി രേഖകൾ ഹാജരാക്കാൻ ആവശ്യപ്പെടുക മാത്രമാണ് ചെയ്തത്. ആവശ്യമായ രേഖകൾ സമർപ്പിച്ചതിനെ തുടർന്ന് അദ്ദേഹത്തിന്റെ വോട്ട് അമൃത്സറിലെ വോട്ടർ പട്ടികയിൽ ഔദ്യോഗികമായി നിലനിർത്തിയിട്ടുണ്ടെന്നും ചീഫ് ഇലക്ടറൽ ഓഫീസർ അറിയിച്ചു.
കെയ്‌റോ, ഡമാസ്കസ്, വാഷിംഗ്ടൺ, ലണ്ടൻ തുടങ്ങി വിവിധ നൗദ്യോഗിക ദൗത്യങ്ങളിൽ നിർണായക സേവനം കാഴ്ചവെച്ചിട്ടുള്ള വ്യക്തിയാണ് നവ്ദീപ് സൂരി. രാജ്യത്തിനായുള്ള സേവനങ്ങൾ മുൻനിർത്തി യുഎഇ സർക്കാരിന്റെ രണ്ടാമത്തെ പരമോന്നത സിവിലിയൻ ബഹുമതിയായ ‘ഓർഡർ ഓഫ് സായിദ് II’ ഉം അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്.


