...
Home News Kerala ഫ്രറ്റേണിറ്റി – കെ.എസ്.യു ഐക്യം; മഹാരാജാസിൽ സംഭവിക്കുന്നത്

ഫ്രറ്റേണിറ്റി – കെ.എസ്.യു ഐക്യം; മഹാരാജാസിൽ സംഭവിക്കുന്നത്

ക്യാമ്പസ് ഫ്രണ്ട് പ്രവർത്തകർ മുഴുവൻ ശരണം പ്രാപിച്ച രണ്ട് സംഘടനകളാണ് ജമാഅത്തെ ഇസ്ലാമിയുടെ വിദ്യാർത്ഥി സംഘടനയായ ഫ്രറ്റേണിറ്റിയും കെ.എസ്.യുവും.

407

| ശ്രീകാന്ത് പികെ

മഹാരാജാസ് കോളേജ് എന്ന് കേൾക്കുമ്പോൾ എന്നും മാദ്ധ്യമ നിർമ്മിതമായ പൊതുബോധം അത് എസ്.എഫ്.ഐ അടക്കി ഭരിക്കുന്ന കോട്ട എന്നതാണ്. എസ്.എഫ്.ഐ ഗൂണ്ടകൾ, എസ്.എഫ്.ഐ ക്രിമിനലുകൾ എന്നൊക്കെയുള്ള പ്രിഫിക്സോട് കൂടിയാണ് എല്ലാ സോ കോൾഡ് നിഷ്പക്ഷരും വാചകം ആരംഭിക്കുക തന്നെ ചെയ്യുക.
ഇന്ന് പുലർച്ചെ മഹാരാജാസ് ക്യാമ്പസിനകത്ത് വച്ച് മറ്റൊരു എസ്.എഫ്.ഐ പ്രവർത്തകന് കൂടി കുത്തേറ്റിരിക്കുകയാണ്.

കാലിലും വയറിലും കുത്തേറ്റ ആ വിദ്യാർത്ഥി തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്. അഭിമന്യു വധത്തിന് ശേഷം മഹാരാജാസ് ക്യാമ്പസിന് അകത്ത് വച്ച് എസ്.എഫ്.ഐ പ്രവർത്തകർക്ക് നേരെയുള്ള മറ്റൊരു വധ ശ്രമം കൂടി. പിടിയിലായത് മുഴുവൻ ഫ്രറ്റേണിറ്റി – കെ.എസ്.യു പ്രവർത്തകർ.

അതെങ്ങനെയാണ് എസ്.എഫ്.ഐ പ്രവർത്തകന് നേരെയുള്ള ആക്രമണത്തിൽ ഫ്രറ്റേണിറ്റി പോലുള്ള ഒരു ഇസ്‌ലാമിസ്റ്റ് സംഘടനയും കെ.എസ്.യു പോലുള്ള സംഘടനയും ഒന്നിക്കുന്നത്? അത് മനസ്സിലാകണമെങ്കിൽ എറണാകുളം ജില്ലയിലെ പല ക്യാമ്പസുകളിലും മഹാരാജാസിൽ പ്രത്യേകിച്ചും കെ.എസ്.യു എങ്ങനെയാണ് പ്രവർത്തിക്കുന്നത് എന്നറിയണം.

എസ്.എഫ്.ഐയുടെ സംസ്ഥാന സെക്രട്ടറി പി.എം ആർഷോ ഇന്നും ഏറെ വിമർശിക്കപ്പെടുകയും, അദ്ദേഹം റിമാന്റിലാകുകയും ചെയ്ത ഒരു കേസാണ് ലോ കോളേജിലെ കെ.എസ്.യു പ്രവർത്തകനായിരുന്ന ഒരാൾക്ക് നേരെയുള്ള വധശ്രമ കേസ്. ക്യാമ്പസ് സംഘർഷത്തിന്റെ ഭാഗമായുള്ള കേസാണ്. വിഷയം അതല്ല, ക്യാമ്പസിൽ കെ.എസ്.യു പ്രവർത്തകനായിരുന്ന പ്രസ്തുത അഭിഭാഷകൻ പിന്നീട് നാട്ടിലെ എസ്.ഡി.പി.ഐയുടെ പ്രധാന പ്രവർത്തകനായി മാറി. മഹാരാജാസിലും ലോ കോളേജിലുമൊക്കെ എറണാകുളം ജില്ലക്കാരായ കെ.എസ്.യു പ്രവർത്തകരായ പലരും അടിയുറച്ച എസ്.ഡി.പി.ഐ അനുഭാവികൾ ആണെന്നുള്ള അറിവ് ക്യാമ്പസിലുള്ളവർക്ക് പുതിയ അറിവില്ല.

അഭിമന്യു വധത്തിന്റെ സമയത്ത് ക്യാമ്പസിന് പുറത്ത് തമ്പടിച്ച എസ്.ഡി.പി.ഐ തൊഴിലാളി സംഘടനയുടെ പ്രവർത്തകരാണ് ആക്രമണത്തിനും കൊലപാതകത്തിനും എല്ലാവിധ ഒത്താശയും ചെയ്തത്. പി.എം ആർഷോ പോലും ഒന്നിലധികം തവണയാണ് വധ ശ്രമത്തെ അതിജീവിച്ചത്.

അഭിമന്യു വധത്തെ തുടർന്ന് ക്യാമ്പസ് ഫ്രണ്ട് എന്ന പോപ്പുലർ ഫ്രണ്ടിന്റെ വിദ്യാർത്ഥി വിഭാഗം മഹാരാജാസിലെ വിദ്യാർത്ഥി സമൂഹത്തിൽ നിന്ന് അന്യരായി മാറി. ആ അവസരത്തിൽ ക്യാമ്പസ് ഫ്രണ്ട് പ്രവർത്തകർ മുഴുവൻ ശരണം പ്രാപിച്ച രണ്ട് സംഘടനകളാണ് ജമാഅത്തെ ഇസ്ലാമിയുടെ വിദ്യാർത്ഥി സംഘടനയായ ഫ്രറ്റേണിറ്റിയും കെ.എസ്.യുവും. എസ്.എഫ്.ഐ വിരുദ്ധ മഴവിൽ കൂട്ടായ്മയുടെ ചരട് മൊത്തം ഈ സംഘടനകളിലെ ക്രിമിനൽ നേതാക്കളുടെ കൈയ്യിലാണ്.

ചെറിയ കാലയളവിൽ രണ്ട് എസ്.എഫ്.ഐ പ്രവർത്തകർ മഹാരാജാസ് ക്യാമ്പസിൽ വച്ച് ആക്രമിക്കപ്പെടുന്നു. അതിലൊരു വിദ്യാർത്ഥി കൊല്ലപ്പെടുന്നു. എന്നിട്ടും മഹാരാജാസിൽ എസ്.എഫ്.ഐക്കെതിരായ പൊതുബോധം എങ്ങനെയാണെന്ന് നോക്കൂ, ആക്രമികൾക്ക് നേരെയുള്ള പൊതുബോധം എങ്ങനാണെന്ന് നോക്കൂ.

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.