...
Home News Kerala ക്രൈം ബ്രാഞ്ച് ഉദ്യോഗസ്ഥൻ നടത്തിയ തട്ടിപ്പ് ഒതുക്കുന്നു; കാസർകോട് കാറഡുക്ക സർവ്വീസ് സഹകരണ ബാങ്ക് കേന്ദ്രീകരിച്ച്...

ക്രൈം ബ്രാഞ്ച് ഉദ്യോഗസ്ഥൻ നടത്തിയ തട്ടിപ്പ് ഒതുക്കുന്നു; കാസർകോട് കാറഡുക്ക സർവ്വീസ് സഹകരണ ബാങ്ക് കേന്ദ്രീകരിച്ച് നടന്ന തട്ടിപ്പിൻ്റെ തുടർച്ച ആയാണ് സംഭവം

പണയത്തട്ടിപ്പ് കേസിലെ പ്രതിയുടെ ബന്ധുവിനെ കേസിൽ കുടുക്കുമെന്ന് ഭീഷണിപ്പെടുത്തി നാലരലക്ഷം രൂപ തട്ടിയെടുത്തത്

488

കാസർകോട്: കോടികളുടെ പണയത്തട്ടിപ്പിൽ പ്രതിസ്ഥാനത്തുള്ള വ്യക്‌തിയുടെ ബന്ധുവിനെ കേസിൽ കുടുക്കുമെന്ന് ഭീഷണിപ്പെടുത്തി പണം തട്ടിയെടുത്ത സംഭവം രഹസ്യമായി ഒതുക്കുന്നു. എസ് ഐ റാങ്കിലുള്ള ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥനും ബേക്കൽ സ്വദേശിയുമായ ഒരാളും തമ്മിലുണ്ടാക്കിയ പദ്ധതിയിലൂടെയാണ് കാറഡുക്ക പണയത്തട്ടിപ്പ് കേസിലെ പ്രതിയുടെ ബന്ധുവിനെ കേസിൽ കുടുക്കുമെന്ന് ഭീഷണിപ്പെടുത്തി നാലരലക്ഷം രൂപ തട്ടിയെടുത്തത്. കാറഡുക്ക സർവ്വീസ് സഹകരണ ബാങ്ക് കേന്ദ്രീകരിച്ച് നടന്ന തട്ടിപ്പിൻ്റെ തുടർച്ചയായാണ് സംഭവം.

ബേക്കൽ പോലീസ് സ്റ്റേഷനിൽ നേരത്തെ ജോലി നോക്കിയിരുന്ന പോലീസുദ്യോഗസ്ഥൻ ഇപ്പോൾ ക്രൈംബ്രാഞ്ചിലാണ് ജോലി ചെയ്യുന്നത്. കേസിൽ നിന്നൊഴിവാക്കാൻ ഉന്നത പോലീസുദ്യോഗസ്ഥർക്ക് നൽകാനെന്ന വ്യാജേനയാണ് പണം കൈപ്പറ്റിയത് എന്നാണ് ആരോപണം. കാറഡുക്ക പണയത്തട്ടിപ്പ് കേസിലെ പ്രതിയുമായി ബന്ധമുള്ളയാളെ പോലീസുദ്യോഗസ്ഥൻ നിരവധി തവണ ഫോണിൽ ബന്ധപ്പെട്ടിരുന്നതായും വിവരങ്ങളുണ്ട് .

ഭീഷണി സഹിക്കാതെ നാലര ലക്ഷം രൂപ കൈമാറിയതിന് പിന്നാലെ ബേക്കൽ സ്വദേശി മൂന്ന് ലക്ഷം രൂപ കൂടി ആവശ്യപ്പെട്ടതോടെ ആണ് കാറഡുക്ക പണയത്തട്ടിപ്പ് പ്രതിയുടെ ഒരു ബന്ധു ഉന്നത ഉദ്യോഗസ്ഥനെ നേരിൽ കണ്ട് പരാതി പറയുന്നത്. പരാതിയിൽ കേസ് രജിസ്റ്റർ ചെയ്യാതെ ഒത്തുതീർപ്പിൽ എത്താമെന്ന ധാരണയിൽ കഴിഞ്ഞ ദിവസം രാത്രി ഒന്നരലക്ഷം രൂപ തിരിച്ചു കൈമാറിയെന്നും വിവരമുണ്ട്.

ബേക്കൽ സ്വദേശിയോടൊപ്പം ഇദ്ദേഹത്തിൻ്റെ സുഹൃത്തുക്കളായ രണ്ടുപേരും ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥനും ഈ അഴിമതി പണമിടപാടിൽ പങ്കാളികളാണ്. കാറഡുക്ക പണയത്തട്ടിപ്പ് കേസ് പ്രതിയുമായി അടുത്ത ബന്ധമുള്ള പരാതിക്കാരൻ പണയത്തട്ടിപ്പ് പ്രതിയുമായി ഫോണിൽ ബന്ധപ്പെട്ടതിൻ്റെ തെളിവുകൾ ഉപയോഗിച്ച് കേസിൽ കുടുക്കുമെന്നായിരുന്നു ഭീഷണി.

“അഴിമതി നടത്തുന്ന ഉദ്യോഗസ്ഥരെ നിയമത്തിന് മുന്നിൽ കൊണ്ടുവരണം,” -പ്രവാസി സംഘം സംസ്ഥാന സെക്രട്ടറി പികെ അബ്‌ദുല്ല പള്ളിക്കര നാലാമിടം വാർത്തയോട് പറഞ്ഞു. “കോടികളുടെ തട്ടിപ്പ് സംഘങ്ങളുടെ ഇടയിൽ ഇടപെടുകയും മുതലെടുപ്പ് നടത്തി ഇടനിലക്കാരായി പണം തട്ടിയെടുക്കുകയും ചെയ്യുന്ന ചില ഉദ്യോഗസ്ഥരുണ്ട്. അവർക്കെതിരെ സംസ്ഥാന ആഭ്യന്തര വകുപ്പ് ഇടപെടുകയും പോലീസ് സ്പെഷ്യൽ ബ്രാഞ്ചിൻ്റെ സമഗ്രമായ അന്വേഷണം ഉണ്ടാവുകയും വേണം,” -പികെ അബ്‌ദുല്ല ആവശ്യപ്പെട്ടു.

ഡിവൈഎസ്‌പി റാങ്കിലുള്ള രണ്ട് ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥരുടെ പേര് ദുരുപയോഗം ചെയ്‌താണ് ക്രൈംബ്രാഞ്ചിൻ്റെ എസ് ഐ റാങ്കിൽപ്പെട്ട ഉദ്യോഗസ്ഥസ്ഥൻ്റെ നേതൃത്വത്തിൽ തട്ടിപ്പ് നടന്നത്. ഭീഷണി മൂലമുണ്ടായ മാനസിക സമ്മർദ്ദം താങ്ങാനാകാതെ ആശുപത്രിയിൽ എത്തിയപ്പോഴും എസ് ഐ ഇദ്ദേഹത്തെ തേടിയെത്തിയതായി പറയുന്നു.

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.