...
Home News National കാർഷിക നിയമങ്ങൾ മുതൽ നീറ്റ് വരെ: മോദി സർക്കാർ സമ്മർദ്ദത്തിന് വഴങ്ങിയപ്പോൾ

കാർഷിക നിയമങ്ങൾ മുതൽ നീറ്റ് വരെ: മോദി സർക്കാർ സമ്മർദ്ദത്തിന് വഴങ്ങിയപ്പോൾ

വിവിധ വിഷയങ്ങളിൽ ശക്തമായ എതിർപ്പിനെ തുടർന്ന് കേന്ദ്ര സർക്കാർ പിന്മാറുകയോ തീരുമാനങ്ങൾ തിരുത്തുകയോ ചെയ്ത നിരവധി സംഭവങ്ങളുണ്ട്

3

നീറ്റ് ചോദ്യപേപ്പർ ചോർച്ച വിവാദത്തെ തുടർന്ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ ശനിയാഴ്ച രാജിവെച്ചതോടെ, പൊതുജന-രാഷ്ട്രീയ സമ്മർദങ്ങൾക്ക് മുന്നിൽ നരേന്ദ്ര മോദി സർക്കാർ നിലപാട് മാറ്റേണ്ടിവന്ന പ്രധാന സംഭവങ്ങളിലൊന്നായി ഇത് മാറി. 2014ൽ അധികാരത്തിലെത്തിയതിന് ശേഷം വിവിധ വിഷയങ്ങളിൽ ശക്തമായ എതിർപ്പിനെ തുടർന്ന് കേന്ദ്ര സർക്കാർ പിന്മാറുകയോ തീരുമാനങ്ങൾ തിരുത്തുകയോ ചെയ്ത നിരവധി സംഭവങ്ങളുണ്ട്.

ഭൂമി ഏറ്റെടുക്കൽ നിയമ ഭേദഗതി പിൻവലിച്ചു

2015ൽ അടിസ്ഥാന സൗകര്യ വികസനത്തിനും വ്യാവസായിക പദ്ധതികൾക്കും ഭൂമി ഏറ്റെടുക്കൽ എളുപ്പമാക്കാൻ ഭൂമി ഏറ്റെടുക്കൽ നിയമത്തിൽ ഭേദഗതി കൊണ്ടുവരാൻ കേന്ദ്രം ശ്രമിച്ചു. എന്നാൽ കർഷക സംഘടനകൾ, പ്രതിപക്ഷ പാർട്ടികൾ, എൻഡിഎയിലെ ചില സഖ്യകക്ഷികൾ എന്നിവരിൽ നിന്ന് ശക്തമായ പ്രതിഷേധം ഉയർന്നു.

നിലവിലുള്ള സുരക്ഷാ വ്യവസ്ഥകൾ ദുർബലമാക്കുന്നതും കർഷകവിരുദ്ധവുമാണ് ഭേദഗതിയെന്നായിരുന്നു വിമർശനം. പ്രതിഷേധം ശക്തമായതോടെ സർക്കാർ ഭേദഗതി ഉപേക്ഷിക്കുകയും നിലവിലെ നിയമം തുടരുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിക്കുകയും ചെയ്തു.

പ്രക്ഷോഭത്തിനിടെ എം.ജെ അക്ബറിൻ്റെ രാജി

2018 ഒക്ടോബറിൽ #MeToo പ്രസ്ഥാനത്തിൻ്റെ ഭാഗമായി മുൻ മാധ്യമ പ്രവർത്തകനും അന്നത്തെ വിദേശകാര്യ സഹമന്ത്രിയുമായ എം.ജെ. അക്ബറിനെതിരെ നിരവധി സ്ത്രീകൾ ലൈംഗിക പീഡന ആരോപണങ്ങൾ ഉന്നയിച്ചു. ആരോപണങ്ങൾ അദ്ദേഹം നിഷേധിച്ചെങ്കിലും പ്രതിഷേധം ശക്തമായതോടെ മന്ത്രി സ്ഥാനം രാജിവെക്കുകയായിരുന്നു.

കാർഷിക നിയമങ്ങൾ റദ്ദാക്കി

2021 നവംബറിലാണ് മോദി സർക്കാരിൻ്റെ ഏറ്റവും വലിയ നയപരമായ പിൻവാങ്ങൽ ഉണ്ടായത്. മൂന്ന് കാർഷിക നിയമങ്ങൾക്കെതിരെ രാജ്യവ്യാപകമായി പ്രതിഷേധം ശക്തമായിരുന്നു. ആയിരക്കണക്കിന് കർഷകർ ഒരു വർഷത്തിലേറെ ഡൽഹി അതിർത്തികളിൽ സമരം നടത്തി.

നിയമങ്ങൾ കർഷകർക്കു ഗുണകരമാണെന്ന നിലപാട് സർക്കാർ ആവർത്തിച്ചെങ്കിലും ഒടുവിൽ പ്രതിഷേധത്തിന് വഴങ്ങി മൂന്ന് കാർഷിക നിയമങ്ങളും പിൻവലിച്ചു. പിന്നീട് പാർലമെന്റ് റദ്ദാക്കൽ ബിൽ പാസാക്കി.

ലാറ്ററൽ റിക്രൂട്ട്‌മെന്റ് പരസ്യം പിൻവലിച്ചു

2024 ഓഗസ്റ്റിൽ കേന്ദ്ര സിവിൽ സർവീസുകളിലേക്കുള്ള ലാറ്ററൽ റിക്രൂട്ട്‌മെന്റിനായി യുപിഎസ്‌സി പുറത്തിറക്കിയ വിജ്ഞാപനം കേന്ദ്ര സർക്കാർ പിൻവലിച്ചു. സംവരണ വ്യവസ്ഥകൾ ഉൾപ്പെടുത്തിയിട്ടില്ല എന്നാരോപിച്ച് പ്രതിപക്ഷ പാർട്ടികളും എൻഡിഎ സഖ്യകക്ഷിയായ ലോക് ജനശക്തി പാർട്ടി (റാം വിലാസ്)യും ശക്തമായ എതിർപ്പ് ഉയർത്തിയതോടെയായിരുന്നു തീരുമാനം.

ഭരണഘടനാ ഭേദഗതി ബില്ലിലും പിന്മാറ്റം

2025 നവംബറിൽ ഭരണഘടനയുടെ 131-ാം ഭേദഗതി ബിൽ അവതരിപ്പിക്കാനുള്ള നീക്കവും കേന്ദ്ര സർക്കാർ ഉപേക്ഷിച്ചു. പ്രത്യേകിച്ച് പഞ്ചാബിലെ രാഷ്ട്രീയ പാർട്ടികൾ ശക്തമായി എതിർത്ത സാഹചര്യത്തിലായിരുന്നു തീരുമാനം. നിർദിഷ്ട ഭേദഗതി സംസ്ഥാനത്തിൻ്റെ രാഷ്ട്രീയ പ്രാതിനിധ്യം ദുർബലപ്പെടുത്തുമെന്നായിരുന്നു വിമർശനം.

നീറ്റ് വിവാദത്തിൽ ധർമേന്ദ്ര പ്രധാൻ രാജി

ഏറ്റവും ഒടുവിലത്തെ സംഭവമായാണ് നീറ്റ് ചോദ്യപേപ്പർ ചോർച്ച വിവാദത്തെ തുടർന്ന് ധർമേന്ദ്ര പ്രധാൻ രാജിവെച്ചത് വിലയിരുത്തപ്പെടുന്നത്. ആഴ്‌ചകളോളം നീണ്ട പ്രതിഷേധങ്ങൾക്കും വിവാദവുമായി ബന്ധപ്പെട്ട ആത്മഹത്യാ സംഭവങ്ങൾക്കും പിന്നാലെയാണ് രാജി.

കോക്രോച്ച് ജനതാ പാർട്ടി (സിജെപി) നയിച്ച സമരത്തിൽ ധർമേന്ദ്ര പ്രധാൻ്റെ രാജി പ്രധാന ആവശ്യങ്ങളിൽ ഒന്നായിരുന്നു. പ്രതിഷേധക്കാരുമായി നടന്ന നിരവധി ഘട്ട ചർച്ചകൾക്കും വിവിധ നയപരമായ ഉറപ്പുകൾക്കും പിന്നാലെ കേന്ദ്ര സർക്കാർ ഈ ആവശ്യം അംഗീകരിച്ചതോടെയാണ് രാജിയിലേക്ക് കാര്യങ്ങൾ എത്തിയത്.

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.