...
Home News വൈദ്യുതിയും ഡീസലും വേണ്ട; പഴങ്ങളും പച്ചക്കറികളും 15 ദിവസം വരെ കേടാകാതെ സൂക്ഷിക്കാം, കർഷകർക്കായി പുതിയ...

വൈദ്യുതിയും ഡീസലും വേണ്ട; പഴങ്ങളും പച്ചക്കറികളും 15 ദിവസം വരെ കേടാകാതെ സൂക്ഷിക്കാം, കർഷകർക്കായി പുതിയ സാങ്കേതികവിദ്യയുമായി ഇസ്രായേൽ

ബാഷ്പീകരണ തണുപ്പിക്കൽ തത്വത്തിലാണ് സംവിധാനം പ്രവർത്തിക്കുന്നത്. സൂര്യപ്രകാശവും ജലബാഷ്പീകരണവും ഉപയോഗിച്ച് കണ്ടെയ്നറിനുള്ളിലെ താപനില കുറയ്ക്കുകയും ഈർപ്പം നിലനിർത്തുകയും ചെയ്യുന്നു.

24

വിളവെടുപ്പിന് പിന്നാലെ ഉൽപ്പന്നങ്ങൾ കേടാകുന്നതുമൂലം വലിയ സാമ്പത്തിക നഷ്ടം നേരിടുന്ന ചെറുകിട കർഷകർക്ക് ആശ്വാസമാകുന്ന പുതിയ സാങ്കേതികവിദ്യയുമായി ഇസ്രായേലി വിദഗ്ധർ. വൈദ്യുതിയോ ഡീസലോ ബാറ്ററിയോ ആവശ്യമില്ലാതെ പഴങ്ങളും പച്ചക്കറികളും ഏഴ് മുതൽ 15 ദിവസം വരെ കേടുകൂടാതെ സൂക്ഷിക്കാൻ സഹായിക്കുന്ന സംവിധാനമാണിത്.

പെട്ടെന്ന് കേടാകുന്ന കാർഷിക ഉൽപ്പന്നങ്ങൾ ശരിയായ സംഭരണ സൗകര്യങ്ങളുടെ അഭാവം മൂലം വിപണിയിലെത്തും മുമ്പ് നശിക്കുന്നത് കർഷകർ നേരിടുന്ന പ്രധാന വെല്ലുവിളിയാണ്. പ്രത്യേകിച്ച് ഗ്രാമപ്രദേശങ്ങളിലെ വൈദ്യുതി ക്ഷാമവും കോൾഡ് സ്റ്റോറേജ് സൗകര്യങ്ങളുടെ കുറവും നഷ്ടം വർധിപ്പിക്കുന്നു. ഈ സാഹചര്യത്തിലാണ് ചെലവു കുറഞ്ഞ പുതിയ സംഭരണ സംവിധാനം ശ്രദ്ധ നേടുന്നത്.

ബാഷ്പീകരണ തണുപ്പിക്കൽ തത്വത്തിലാണ് സംവിധാനം പ്രവർത്തിക്കുന്നത്. സൂര്യപ്രകാശവും ജലബാഷ്പീകരണവും ഉപയോഗിച്ച് കണ്ടെയ്നറിനുള്ളിലെ താപനില കുറയ്ക്കുകയും ഈർപ്പം നിലനിർത്തുകയും ചെയ്യുന്നു. പ്രത്യേക ഗ്യാസ് കാനിസ്റ്ററും സംവിധാനത്തിന്റെ ഭാഗമാണ്. ഇതുവഴി ഉൽപ്പന്നങ്ങൾ ഉണങ്ങുന്നതും ഭാരം കുറയുന്നതും തടയാൻ കഴിയുമെന്നാണ് അവകാശവാദം.

പരമ്പരാഗത കോൾഡ് സ്റ്റോറേജുകളെ അപേക്ഷിച്ച് നിർമ്മാണത്തിനും പരിപാലനത്തിനും ചെലവ് കുറവാണെന്നതാണ് മറ്റൊരു പ്രത്യേകത. വൈദ്യുതി ലഭ്യമല്ലാത്ത വിദൂര ഗ്രാമങ്ങളിലെ കർഷകർക്കും സംവിധാനം പ്രയോജനപ്പെടുത്താനാകും.

വിളവെടുത്ത ഉടൻ ഉൽപ്പന്നങ്ങൾ കുറഞ്ഞ വിലയ്ക്ക് വിൽക്കേണ്ട സാഹചര്യം ഒഴിവാക്കാനും വിപണിയിലെ വിലയ്ക്കനുസരിച്ച് വിൽപ്പന നടത്താനും ഈ സാങ്കേതികവിദ്യ സഹായിക്കുമെന്നാണ് പ്രതീക്ഷ. ഗതാഗതം വൈകുമ്പോഴും ഉൽപ്പന്നങ്ങളുടെ ഗുണനിലവാരം നിലനിർത്താൻ കഴിയുന്നത് കർഷകരുടെ വരുമാനം വർധിപ്പിക്കുന്നതിനും വിളവെടുപ്പിനുശേഷമുള്ള നഷ്ടം കുറയ്ക്കുന്നതിനും സഹായകമാകും.

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.