...
Home Health പെപ്സികോ, റെഡ് ബുൾ, മോൺസ്റ്റർ ബിവറേജ്, റിലയൻസ്, ഹെൽ എനർജി; ‘എനർജി ഡ്രിങ്ക്’ എന്ന പദം...

പെപ്സികോ, റെഡ് ബുൾ, മോൺസ്റ്റർ ബിവറേജ്, റിലയൻസ്, ഹെൽ എനർജി; ‘എനർജി ഡ്രിങ്ക്’ എന്ന പദം ഉപയോഗിക്കരുതെന്ന് എഫ്എസ്എസ്എഐ ഉത്തരവ്

വിപണി ഗവേഷണ സ്ഥാപനമായ യൂറോമോണിറ്ററിന്റെ കണക്കുകൾ പ്രകാരം, 2028 ഓടെ ഇന്ത്യയിലെ എനർജി ഡ്രിങ്ക് വിപണിയുടെ മൂല്യം 1.6 ബില്യൺ ഡോളറിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.

3

ഉയർന്ന അളവിൽ കഫീൻ അടങ്ങിയ പാനീയങ്ങളെ ‘എനർജി ഡ്രിങ്ക്’ എന്ന പേരിൽ വിപണനം ചെയ്യുന്നതിനെതിരെ കർശന നിലപാടുമായി ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേർഡ്സ് അതോറിറ്റി ഓഫ് ഇന്ത്യ (എഫ്എസ്എസ്ഐ). ഇത്തരം ഉൽപ്പന്നങ്ങളുടെ ലേബലുകളിൽ നിന്ന് ‘എനർജി ഡ്രിങ്ക്’ എന്ന പദവും അതുമായി ബന്ധപ്പെട്ട വിവരണങ്ങളും 90 ദിവസത്തിനകം നീക്കം ചെയ്യണമെന്ന് പ്രമുഖ പാനീയ കമ്പനികൾക്ക് നിർദേശം നൽകി.

പെപ്സികോ, റെഡ് ബുൾ, മോൺസ്റ്റർ ബിവറേജ്, റിലയൻസ്, ഹെൽ എനർജി തുടങ്ങിയ കമ്പനികൾക്കാണ് നിർദേശം ബാധകമാകുന്നത്. ഇന്ത്യയിൽ ‘എനർജി ഡ്രിങ്ക്’ എന്ന വിഭാഗത്തിന് ഔദ്യോഗിക മാനദണ്ഡങ്ങൾ നിലവിലില്ലെന്നും അതിനാൽ ഇത്തരം വിശേഷണങ്ങൾ ഉപഭോക്താക്കളെ തെറ്റിദ്ധരിപ്പിക്കാൻ സാധ്യതയുണ്ടെന്നും എഫ്എസ്എസ്ഐ വ്യക്തമാക്കി.

‘ശരീരത്തിനും മനസ്സിനും ഊർജം നൽകുന്നു’, ‘ശാരീരിക ബലഹീനത കുറയ്ക്കുന്നു’ തുടങ്ങിയ അവകാശവാദങ്ങൾ ശാസ്ത്രീയമായി തെളിയിക്കപ്പെടാത്ത സാഹചര്യത്തിൽ ഉപഭോക്താക്കളെ തെറ്റായ ധാരണയിലേക്ക് നയിക്കാമെന്നാണ് അതോറിറ്റിയുടെ വിലയിരുത്തൽ. ബ്രാൻഡിംഗ് മാനദണ്ഡങ്ങൾ ലംഘിച്ചെന്നാരോപിച്ച് റെഡ് ബുൾ, പെപ്സികോയുടെ സ്റ്റിംഗ്, റിലയൻസിന്റെ കാമ്പ എനർജി ഉൾപ്പെടെയുള്ള ബ്രാൻഡുകൾക്ക് എഫ്എസ്എസ്ഐ നേരത്തെ നോട്ടീസും നൽകിയിരുന്നു.

വ്യവസായ പ്രതിനിധികളുമായി അടുത്തിടെ നടത്തിയ ചർച്ചയിൽ എഫ്എസ്എസ്ഐ സിഇഒ രജിത് പുൻഹാനി വിഷയം വിശദീകരിച്ചു. നിയമങ്ങൾ പാലിക്കാൻ കമ്പനികൾ സമ്മതിച്ചതിനെ തുടർന്ന് ലേബലുകൾ പരിഷ്കരിക്കുന്നതിനായി 90 ദിവസത്തെ സമയപരിധി അനുവദിച്ചതായും അധികൃതർ അറിയിച്ചു.

അതേസമയം, രാജ്യത്തെ കഫീൻ അധിഷ്ഠിത പാനീയ വിപണി വേഗത്തിൽ വളരുകയാണ്. പ്രത്യേകിച്ച് 2017-ൽ പെപ്സികോ ‘സ്റ്റിംഗ്’ ബ്രാൻഡ് അവതരിപ്പിച്ചതിന് ശേഷം യുവാക്കൾക്കും ഗ്രാമീണ മേഖലകളിലുമുള്ള ഉപഭോക്താക്കൾക്കിടയിൽ ഇത്തരം പാനീയങ്ങളുടെ ജനപ്രീതി ഗണ്യമായി ഉയർന്നു.

വിപണി ഗവേഷണ സ്ഥാപനമായ യൂറോമോണിറ്ററിന്റെ കണക്കുകൾ പ്രകാരം, 2028 ഓടെ ഇന്ത്യയിലെ എനർജി ഡ്രിങ്ക് വിപണിയുടെ മൂല്യം 1.6 ബില്യൺ ഡോളറിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. പുതിയ നിർദേശത്തോടെ ഈ മേഖലയിലെ പരസ്യ-ബ്രാൻഡിംഗ് രീതികളിൽ വലിയ മാറ്റങ്ങൾ വരാനിടയുണ്ടെന്നാണ് വിലയിരുത്തൽ.

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.