മലയാള സിനിമകളെ കേരളത്തിന് പുറത്തുള്ള ഇന്ത്യന്‍ വിപണികളിലേക്ക് എത്തിക്കുന്നതില്‍ നിര്‍ണായക സാന്നിധ്യമായി മാറിയിരിക്കുകയാണ് ഫ്യൂച്ചര്‍ റണ്ണപ്പ് ഫിലിംസ്. ‘ലോക’, ‘കളങ്കാവല്‍’ എന്നീ ചിത്രങ്ങളുടെ വിജയത്തിന് പിന്നാലെ, ഗിരീഷ് എഡി സംവിധാനം ചെയ്ത നിവിന്‍ പോളി- മമിത ബൈജു ചിത്രം ‘ബെത്‌ലഹേം കുടുംബ യൂണിറ്റ്’ കൂടി വിതരണത്തിനെത്തിക്കുമ്പോള്‍ കമ്പനി വിതരണ രംഗത്ത് ഹാട്രിക് ബ്ലോക്ക്ബസ്റ്റര്‍ നേട്ടത്തിലേക്ക് മുന്നേറുകയാണ്.
നിര്‍മാതാവും നടനുമായ അരുണ്‍ നാരായണ്‍, നടനും സംവിധായകനുമായ ദിലീഷ് പോത്തന്‍, ചെന്നൈ ആസ്ഥാനമായുള്ള വ്യവസായി അനൂപ് കുമാര്‍ എന്നിവര്‍ ചേര്‍ന്ന് തുടക്കം കുറിച്ച സ്ഥാപനമാണ് ഫ്യൂച്ചര്‍ റണ്ണപ്പ് ഫിലിംസ്. ടൊവിനോ തോമസ് നായകനായ ‘നരിവേട്ട’, ഷെയ്ന്‍ നിഗത്തിന്റെ ‘ബല്‍ട്ടി’ തുടങ്ങിയ ചിത്രങ്ങളിലൂടെ തമിഴ്‌നാട്ടില്‍ വിതരണ രംഗത്ത് ശക്തമായ സാന്നിധ്യമറിയിച്ച കമ്പനി, പിന്നീട് പ്രവര്‍ത്തനം മറ്റ് ഇന്ത്യന്‍ വിപണികളിലേക്കും വ്യാപിപ്പിക്കുകയായിരുന്നു.
ദുല്‍ഖര്‍ സല്‍മാന്‍ നിര്‍മിച്ച ‘ലോക: ചാപ്റ്റര്‍ 1- ചന്ദ്ര’, മമ്മൂട്ടി നായകനായ ജിതിന്‍ കെ. ജോസ് ചിത്രം ‘കളങ്കാവല്‍’ എന്നിവയ്ക്ക് തമിഴ്‌നാട്ടില്‍ മികച്ച സ്വീകാര്യതയാണ് ഫ്യൂച്ചര്‍ റണ്ണപ്പ് ഫിലിംസിലൂടെ ലഭിച്ചത്. ഈ വിജയത്തുടര്‍ച്ചയിലാണ് ഈ ഓണക്കാലത്ത് ‘ബെത്‌ലഹേം കുടുംബ യൂണിറ്റും’ കമ്പനിയുടെ തിയേറ്റര്‍ ശൃംഖലയിലൂടെ എത്തുന്നത്. ചിത്രത്തിന്റെ തമിഴ്, തെലുങ്ക് പതിപ്പുകള്‍ സെപ്റ്റംബര്‍ 4ന് തമിഴ്‌നാട്, ആന്ധ്രാപ്രദേശ്, തെലങ്കാന എന്നീ മേഖലകളില്‍ തിയേറ്ററുകളിലെത്തും.
മലയാള സിനിമയുടെ വിപണി കേരളത്തിന്റെ അതിരുകള്‍ക്കപ്പുറത്തേക്ക് വളരുന്ന ഈ കാലഘട്ടത്തില്‍, ദേശീയ തലത്തില്‍ മികച്ച ചിത്രങ്ങളെ മറ്റ് സംസ്ഥാനങ്ങളിലെ പ്രേക്ഷകരിലേക്ക് എത്തിക്കുന്ന പ്രധാന വിതരണ ശൃംഖലയായി മാറുകയാണ് ഫ്യൂച്ചര്‍ റണ്ണപ്പ് ഫിലിംസ്.


