നിയമസഭ തെരഞ്ഞെടുപ്പിൽ വൈകിട്ട് ആറുമണി വരെ സംസ്ഥാനത്ത് 75.01 ശതമാനം പോളിംഗ് രേഖപ്പെടുത്തി. തിരഞ്ഞെടുപ്പ് കമ്മീഷന്റെ ഔദ്യോഗിക കണക്കുപ്രകാരം 2 കോടി 3 ലക്ഷം പേർ ഇതിനകം വോട്ട് ചെയ്തു. ആകെ 2 കോടി 71 ലക്ഷം പേരാണ് വോട്ടർ പട്ടികയിലുള്ളത്.
സംസ്ഥാനത്തെ ആയിരത്തോളം പോളിംഗ് ബൂത്തുകളിൽ ഇപ്പോഴും വോട്ടർമാരുടെ നീണ്ട നിര തുടരുന്നതിനാൽ അന്തിമ പോളിംഗ് ശതമാനം ഇനിയും ഉയരുമെന്നാണ് പ്രതീക്ഷ.
ഇതിനിടെ, മികച്ച പോളിംഗിനെ തുടർന്ന് പ്രതികരണവുമായി കെ ബി ഗണേഷ് കുമാർ രംഗത്തെത്തി. പത്തനാപുരത്ത് സ്ത്രീകളുടെ വലിയ തിരക്കാണ് ഉണ്ടായതെന്നും വോട്ടർമാർ സ്നേഹത്തോടെ സ്വീകരിച്ചുവെന്നും അദ്ദേഹം പറഞ്ഞു.
മകൻ ചെന്നൈയിൽ നിന്ന് എത്താൻ വൈകിയതിനാലാണ് വൈകിട്ട് വോട്ട് ചെയ്തതെന്നും അദ്ദേഹം വ്യക്തമാക്കി. ഇതുവരെ നടന്ന ആറു തെരഞ്ഞെടുപ്പുകളും കടുത്ത മത്സരമായിരുന്നുവെന്നും കൂട്ടിച്ചേർത്തു.
പോളിംഗ് ശതമാനം കൂടിയാലും കുറഞ്ഞാലും താൻ വിജയിക്കുമെന്ന് ആത്മവിശ്വാസം പ്രകടിപ്പിച്ച കെ ബി ഗണേഷ് കുമാർ, എൽ ഡി എഫ് വീണ്ടും അധികാരത്തിൽ വരുമെന്നും പറഞ്ഞു. എതിര്‍ സ്ഥാനാര്‍ത്ഥി വ്യക്തിഹത്യയാണ് നടത്തുന്നതെന്നും, തനിക്കെതിരെ മത്സരിച്ച ആരോടും വ്യക്തിപരമായ വൈരാഗ്യമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.



