...
Home News National പ്രധാനമന്ത്രി സഞ്ചരിച്ച ബെംഗളുരു പാതയിൽ ജലാറ്റിൻ സ്റ്റിക്കുകൾ; അന്വേഷണം തുടങ്ങി

പ്രധാനമന്ത്രി സഞ്ചരിച്ച ബെംഗളുരു പാതയിൽ ജലാറ്റിൻ സ്റ്റിക്കുകൾ; അന്വേഷണം തുടങ്ങി

പൊലീസ് കണ്ടെത്തിയ സ്ഫോടക വസ്‌തുക്കൾ പ്രവർത്തന രഹിതമായിരുന്നു

160

ആർട്ട് ഒഫ് ലിവിങ് ഫൗണ്ടേഷൻ്റെ 45ാമത് വാർഷിക ആഘോഷത്തോട് അനുബന്ധിച്ച് ബെംഗളുരുവിൽ എത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദി സഞ്ചരിച്ച പാതയിൽ ജലാറ്റിൻ സ്റ്റിക്കുകൾ കണ്ടെത്തിയതിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. കനകപുര റോഡിലെ ശ്രീ ശ്രീ രവി ശങ്കർ ആശ്രമത്തിലായിരുന്നു ചടങ്ങ്.

പ്രധാന മന്ത്രിയുടെ സന്ദർശനത്തോട് അനുബന്ധിച്ച് പൊലീസ് നടത്തിയ പരിശോധനയിലാണ് സ്‌ഫോടക വസ്‌തുക്കൾ കണ്ടെത്തിയത്. ഒരു ബോക്‌സിനുള്ളിൽ ജലാറ്റിൻ സ്റ്റിക്കിന് പുറമേ സർക്ക്യൂട്ടിന് സമാനമായ സജ്ജീകരണവും ബാറ്ററികളും വയറുകളും ഉണ്ടായിരുന്നെന്നാണ് വിവരം.

ഐഇഡി നിർമിക്കാനായി നടത്തിയ ശ്രമമാണോ നടന്നതെന്ന സംശയമാണ് ഇപ്പോൾ ഉയരുന്നത്. പൊലീസ് കണ്ടെത്തിയ സ്ഫോടക വസ്‌തുക്കൾ പ്രവർത്തന രഹിതമായിരുന്നു. പ്രദേശത്ത് ആശങ്ക ഉയർത്തുക എന്ന ലക്ഷ്യമാണോ പ്രധാനമന്ത്രിയുടെ സന്ദർശനം മുടക്കാനുള്ള ശ്രമമാണോ നടന്നതെന്ന കാര്യമാണ് അന്വേഷണ സംഘം പരിശോധിക്കുന്നത്. വൻ സ്‌ഫോടനമല്ല ലക്ഷ്യിട്ടതെന്ന നിഗമനത്തിലാണ് ഏജൻസികൾ.

പ്രധാനമന്ത്രി സന്ദർശനം നടത്തിയ ദിവസം കോരമംഗല പൊലീസ് സ്റ്റേഷനിലേക്ക് ഭീഷണി ടെലഫോൺ സന്ദേശവും ലഭിച്ചിരുന്നു. ഹിന്ദുസ്ഥാൻ എയറോനോട്ടിക്‌സ് ലിമിറ്റഡ് വിമാന താവളത്തിലും ആർട്ട് ഒഫ് ലിവിങ് ആശ്രമത്തിലും സ്‌ഫോടനം നടക്കുമെന്നായിരുന്നു സന്ദേശം. പിന്നാലെ ഭീഷണി സന്ദേശത്തിന് പിന്നിലുള്ള വ്യക്തിയെ പൊലീസ് കണ്ടെത്തിയിരുന്നു.

ഇയാളുടെ വീട്ടിൽ പൊലീസ് പരിശോധന നടത്തിയെങ്കിലും കണ്ടെത്തിയ വസ്‌തുക്കളുമായി ഇയാളുടെ ബന്ധം വെളിവാക്കുന്ന തെളിവുകളൊന്നും ലഭിച്ചില്ല. കർണാടക പൊലീസിന് പുറമേ ദേശീയ അന്വേഷണ ഏജൻസിയും സംഭവത്തിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.