ഇന്ത്യയിലെ തൊഴിൽ വിപണിയിലെ മാറ്റങ്ങൾ കൂടുതൽ കൃത്യമായി വിലയിരുത്തുന്നതിനായി തൊഴിൽ സർവേയിൽ പരിഷ്കാരങ്ങൾ നിർദേശിച്ച് കേന്ദ്ര സർക്കാർ. ഗിഗ് തൊഴിലാളികളുടെ തൊഴിൽ വിവരങ്ങൾ കൂടുതൽ വ്യക്തമായി ശേഖരിക്കുന്നതിനൊപ്പം പ്രതിഫലമില്ലാത്ത വീട്ടുജോലികളും സർവേയുടെ പരിധിയിൽ ഉൾപ്പെടുത്താനാണ് നീക്കം. കേന്ദ്ര സ്ഥിതിവിവരക്കണക്ക്-പദ്ധതി നിർവഹണ മന്ത്രാലയമാണ് (MoSPI) പീരിയോഡിക് ലേബർ ഫോഴ്‌സ് സർവേയിൽ (PLFS) മാറ്റങ്ങൾ നിർദേശിച്ചത്. പുതുക്കിയ സാമ്പിൾ രൂപകൽപ്പനയ്ക്കൊപ്പം 2027 ജനുവരി മുതൽ പരിഷ്കാരങ്ങൾ നടപ്പാക്കാനാണ് പദ്ധതി.
നിർദേശങ്ങളിൽ പൊതുജനങ്ങളുടെയും വിദഗ്ധരുടെയും അഭിപ്രായങ്ങൾ മന്ത്രാലയം ക്ഷണിച്ചിട്ടുണ്ട്. പുതുക്കിയ ചട്ടക്കൂടിൽ ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകൾ വഴി ജോലി ചെയ്യുന്നവരുടെ കുടുംബങ്ങൾക്കായി പ്രത്യേക സാമ്പിൾ വിഭാഗം ഉൾപ്പെടുത്തും. റൈഡ് ഹെയിലിങ് സേവനങ്ങൾ, ഭക്ഷണ വിതരണ ശൃംഖലകൾ, ഓൺലൈൻ വിപണന പ്ലാറ്റ്‌ഫോമുകൾ എന്നിവയിലൂടെ ജോലി ചെയ്യുന്നവരെയാണ് പ്രധാനമായും ഇതിൽ ഉൾപ്പെടുത്തുക. നിലവിലെ സാമ്പിൾ രീതിയിൽ ഈ വിഭാഗത്തിലെ തൊഴിലാളികളെ വേണ്ടത്ര പ്രതിനിധീകരിക്കാൻ കഴിഞ്ഞിരുന്നില്ലെന്ന കണ്ടെത്തലിനെ തുടർന്നാണ് നടപടി.
ഗ്രാമീണ, നഗര മേഖലകളിലെ കുടുംബങ്ങളിൽ അംഗങ്ങൾ ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകൾ വഴി ജോലി ചെയ്യുന്നുണ്ടോയെന്നും പുതുക്കിയ സർവേയിൽ ചോദിക്കും. കൂടാതെ സ്വന്തം ആവശ്യത്തിനായി ഉൽപ്പാദിപ്പിക്കുന്ന വസ്തുക്കൾ, പ്രതിഫലമില്ലാത്ത വീട്ടുജോലികൾ, പരിചരണ പ്രവർത്തനങ്ങൾ, സന്നദ്ധസേവനം, പ്രതിഫലമില്ലാത്ത പരിശീലനജോലികൾ എന്നിവ സംബന്ധിച്ച ചോദ്യങ്ങളും ഉൾപ്പെടുത്തും. നഗരവൽക്കരണം, ജില്ലകളുടെ അതിർത്തികളിലെ മാറ്റങ്ങൾ, ഭരണപരമായ യൂണിറ്റുകളുടെ രൂപീകരണം, വിഭജനം, ലയനം തുടങ്ങിയവ പ്രതിഫലിക്കുന്ന വിധത്തിൽ വിവരശേഖരണവും പുതുക്കും.
പുതിയ മാറ്റങ്ങൾ തൊഴിൽ മേഖലയുടെ കൂടുതൽ സമഗ്രമായ ചിത്രം ലഭ്യമാക്കാൻ സഹായിക്കുമെന്നാണ് മന്ത്രാലയത്തിന്റെ വിലയിരുത്തൽ. എന്നാൽ, പരിഷ്കരിച്ച സർവേയിൽ നിന്നുള്ള കണക്കുകൾ മുൻവർഷങ്ങളിലെ തൊഴിൽ വിവരങ്ങളുമായി താരതമ്യം ചെയ്യുന്നതിൽ വെല്ലുവിളികൾ ഉണ്ടായേക്കാമെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.
പുതുക്കിയ സർവേ തൊഴിൽ രീതികൾ, ഉയർന്നുവരുന്ന പുതിയ തൊഴിൽ മേഖലകൾ, കുടുംബങ്ങൾക്കും സമൂഹത്തിനും പ്രതിഫലമില്ലാത്ത പ്രവർത്തനങ്ങൾ നൽകുന്ന സംഭാവന എന്നിവയെക്കുറിച്ച് നയരൂപീകരണത്തിന് കൂടുതൽ വിശദമായ വിവരങ്ങൾ നൽകുമെന്ന് തൊഴിൽ സാമ്പത്തിക വിദഗ്ധൻ രമേഷ് കണ്ണൻ പറഞ്ഞു. ലോകത്തിലെ ഏറ്റവും ജനസംഖ്യയുള്ള രാജ്യമായ ഇന്ത്യയിൽ തൊഴിലില്ലായ്മ നിരക്ക് അഞ്ച് ശതമാനമാണെന്ന ഔദ്യോഗിക കണക്കുകൾക്കപ്പുറം, അപൂർണ തൊഴിലും ജോലികളുടെ ഗുണനിലവാരവും കണക്കുകൾ എത്രത്തോളം പ്രതിഫലിപ്പിക്കുന്നുവെന്ന ചർച്ചയ്ക്കും പരിഷ്കാരങ്ങൾ വഴിവെച്ചേക്കാമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
പരമ്പരാഗതമായി പ്രതിഫലം ലഭിക്കുന്ന ജോലികളിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനുപകരം വീട്ടുജോലികൾ, പരിചരണ പ്രവർത്തനങ്ങൾ തുടങ്ങിയ പ്രതിഫലമില്ലാത്ത തൊഴിൽരൂപങ്ങളും ഉൾപ്പെടുത്തുന്നതിലൂടെ ആളുകൾ സമയം ചെലവഴിക്കുന്ന രീതിയും സാമ്പത്തിക പ്രവർത്തനങ്ങളിലേക്കുള്ള അവരുടെ സംഭാവനയും കൂടുതൽ വ്യക്തമായി മനസ്സിലാക്കാനാകുമെന്നാണ് പ്രതീക്ഷ.


