...
Home News Kerala ശബരിമലയെ തകര്‍ക്കുന്നത് അഴിമതി, ഭഗവാന് സ്പോൺസർമാരുടെ ആവശ്യമില്ല: കെ. ജയകുമാർ

ശബരിമലയെ തകര്‍ക്കുന്നത് അഴിമതി, ഭഗവാന് സ്പോൺസർമാരുടെ ആവശ്യമില്ല: കെ. ജയകുമാർ

ശബരിമലയിലെ പോരായ്മകളെക്കുറിച്ച് ലേഖനം എഴുതാനോ പ്രസംഗിക്കാനോ താനില്ലെന്നും എങ്ങനെ അവ പരിഹരിക്കാം എന്നതിലാണ് ഇനി തൻ്റെ ചിന്തയെന്നും അദ്ദേഹം വ്യക്തമാക്കി.

223

ശബരിമലയെ തകർക്കുന്നത് രാഷ്ട്രീയമല്ല; അതിനപ്പുറം അവിടെ നടക്കുന്ന അഴിമതിയാണെന്ന് ദേവസ്വം ബോർഡ് പ്രസിഡൻ്റ് കെ. ജയകുമാർ. എല്ലാ തലത്തിലും അഴിമതി പെരുകിയിരിക്കുകയാണെന്ന് ഒരു അഭിമുഖത്തിൽ അദ്ദേഹം പറഞ്ഞു.

അയ്യപ്പനെ മുൻനിർത്തി പരമാവധി പണമുണ്ടാക്കുക എന്നതാണ് ചിലരുടെ ചിന്ത. അതിൽ ഒന്ന് നേരായ രീതിയിലുള്ള കച്ചവടങ്ങളിലൂടെയാണെങ്കിൽ, മറ്റൊന്ന് വളഞ്ഞ വഴികളിലൂടെയാണ്. അവരെക്കൊണ്ട് പൊറുതിമുട്ടിയിരിക്കുകയാണ്. അവർക്ക് അയ്യപ്പൻ ഒരു സ്വർണ്ണഖനിയോ പൊന്മുട്ടയിടുന്ന താറാവോ ആണ്.

ഒരു പ്രത്യേക വിഭാഗം കാലങ്ങളായി പരമ്പരാഗതമായി ശബരിമലയെ ചൂഷണം ചെയ്തുകൊണ്ടിരിക്കുകയാണ്. അവർ ഇതിൽ ഉറച്ചുപോയി എന്ന് മാത്രമല്ല, മോഷണം നടത്തുന്നത് തങ്ങളുടെ അവകാശമാണെന്ന രീതിയിലാണ് അവരുടെ പെരുമാറ്റം. ഇത് ഇന്നോ ഇന്നലെയോ തുടങ്ങിയതല്ല, പതിറ്റാണ്ടുകളുടെ പഴക്കമുണ്ട്. ഇതിനെല്ലാം തടയിടും.

ദേവസ്വം ബോർഡ് പ്രസിഡൻ്റ് സ്ഥാനത്ത് വരുന്നതിനുമുമ്പ് കമ്മീഷണറായിരുന്ന വ്യക്തിയാണ് താൻ. ആ സമയം മുതൽ ഇതെല്ലാം മനസ്സിലാക്കിയതാണ്. ഇപ്പോൾ കൂടുതൽ സ്വതന്ത്രമായ പദവിയിൽ എത്തിയ സാഹചര്യത്തിൽ, അഴിമതിയുടെ പുഴുക്കുത്തുകളെ ഒന്നൊന്നായി തുടച്ചുനീക്കുമെന്ന് തികഞ്ഞ ആത്മവിശ്വാസത്തോടെ കെ. ജയകുമാർ പറഞ്ഞു.

ശബരിമല തീർത്ഥാടനം നടക്കുന്നത് തീർത്തും ‘അൺപ്രൊഫഷണൽ’ ആയാണ്. പ്രൊഫഷണലിസം എന്നത് അവിടെ തീരെയല്ല. മുൻകൂട്ടി ആസൂത്രണം ചെയ്യാതെയാണ് കോടിക്കണക്കിന് അയ്യപ്പഭക്തന്മാർ മല ചവിട്ടുന്ന ശബരിമലയിലെ പ്രവർത്തനങ്ങൾ നടക്കുന്നത്. ഇതിനിടയിൽ വീഴ്ചകളും ചോർച്ചകളും പതിവുപോലെ സംഭവിക്കുന്നു. കേരള ഹൈക്കോടതി പോലും അതീവ ദുഃഖത്തോടെ ഇത് വ്യക്തമാക്കിയിട്ടും യാതൊരു മാറ്റവും ഉണ്ടായിട്ടില്ല എന്നത് ഗൗരവതരമാണെന്ന് ജയകുമാർ വിഷമത്തോടെ പങ്കുവെച്ചു.

ശബരിമലയിലെ പോരായ്മകളെക്കുറിച്ച് ലേഖനം എഴുതാനോ പ്രസംഗിക്കാനോ താനില്ലെന്നും എങ്ങനെ അവ പരിഹരിക്കാം എന്നതിലാണ് ഇനി തൻ്റെ ചിന്തയെന്നും അദ്ദേഹം വ്യക്തമാക്കി. “എൻ്റെ ഊഴം വരാനിരിക്കുന്നതേയുള്ളൂ. കഴിഞ്ഞ മണ്ഡല-മകരവിളക്ക് സീസണിന് തൊട്ടുമുൻപാണ് ഞാൻ നിയമിതനായത്. അന്ന് ഒന്നിനും സമയം തികഞ്ഞില്ല. ഇനി തുടക്കം മുതൽ കാര്യങ്ങൾ ക്രമീകരിക്കും. അതിനുള്ള പ്രവർത്തനങ്ങൾ ആരംഭിച്ചുകഴിഞ്ഞു,” ജയകുമാർ ആത്മവിശ്വാസം പ്രകടിപ്പിച്ചു.

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.