...
Home News Kerala ‘ശബരിമലയിലെ സ്വര്‍ണ്ണവും ചെമ്പ് പാളിയും മറിച്ചു വിറ്റു’; ദേവസ്വം വിജിലന്‍സ് റിപ്പോര്‍ട്ട്

‘ശബരിമലയിലെ സ്വര്‍ണ്ണവും ചെമ്പ് പാളിയും മറിച്ചു വിറ്റു’; ദേവസ്വം വിജിലന്‍സ് റിപ്പോര്‍ട്ട്

ബാംഗ്ലൂരില്‍ എത്തിച്ച് വില്‍പ്പന നടത്തിയതിൻ്റെ നിര്‍ണായക വിവരങ്ങള്‍ ദേവസ്വം വിജിലന്‍സിന് ലഭിച്ചു

148

ഉണ്ണികൃഷ്‌ണന്‍ പോറ്റി ഇടനിലക്കാരനായി ശബരിമലയിലെ സ്വര്‍ണ്ണവും ചെമ്പ് പാളിയും മറിച്ചു വിറ്റുവെന്ന് ദേവസ്വം വിജിലന്‍സ് റിപ്പോര്‍ട്ട്. വില്‍പ്പന നടത്തിയത് ബാംഗ്ലൂരിലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. അല്‍പ്പസമയം മുമ്പാണ് ഹൈക്കോടതിയില്‍ ദേവസ്വം വിജിലന്‍സ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. 20 പേജുള്ള റിപ്പോര്‍ട്ടാണ് സമര്‍പ്പിച്ചത്.

2016 മുതല്‍ നടത്തിയ ഗൂഢാലോചനയുടെ പരിണിത ഫലമാണ് 2019ല്‍ നടന്നത് എന്നത് വ്യക്തമാക്കുന്നുണ്ട്. പിന്നില്‍ വന്‍ ഗൂഢാലോചന നടന്നിട്ടുണ്ടെന്നും വ്യക്തമാകുന്നു. സ്വര്‍ണവും ചെമ്പ് പാളികളും ബാംഗ്ലൂരില്‍ എത്തിച്ച് വില്‍പ്പന നടത്തിയതിൻ്റെ നിര്‍ണായക വിവരങ്ങള്‍ ദേവസ്വം വിജിലന്‍സിന് ലഭിച്ചു എന്നുള്ള കാര്യങ്ങളും റിപ്പോര്‍ട്ടില്‍ പറയുന്നു.

അന്വേഷണ ഉദ്യോഗസ്ഥന്‍ എസ്. ശശിധരനോട് നേരിട്ട് കോടതി നേരിട്ട് വിവരങ്ങള്‍ തേടി. അന്വേഷണ സംഘത്തിന് കോടതി നിര്‍ദേശങ്ങള്‍ നല്‍കി. വിജിലന്‍സ് സെക്യൂരിറ്റി ഓഫിസറോടും ദേവസ്വം ബെഞ്ച് വിവരങ്ങള്‍ നേരിട്ട് തേടി.

തിരുവാഭരണ കമ്മീഷണര്‍ അടക്കം അന്നത്തെ പ്രധാനപ്പെട്ട ഉദ്യോഗസ്ഥരുടെ പേര് പരാമര്‍ശിച്ചു കൊണ്ടാണ് റിപ്പോര്‍ട്ട്. 2019ല്‍ സ്വര്‍ണം പൂശുന്നതിനായി ചെമ്പല്ല, സ്വര്‍ണപ്പാളികള്‍ തന്നെയാണ് പോറ്റിക്ക് നല്‍കിയതെന്ന് തെളിയിക്കുന്ന മൊഴികളും റിപ്പോര്‍ട്ടിലുണ്ട്. ഇതോടെ മോഷണം നടന്നെന്ന നിഗമനത്തിലാണ് വിജിലന്‍സ്.

ദേവസ്വം വിജിലന്‍സ് റിപ്പോര്‍ട്ട് പരിശോധിച്ചതിന് പിന്നാലെ പൊലീസില്‍ പരാതി നല്‍കാനാണ് ബോര്‍ഡ് തീരുമാനം. ഉണ്ണികൃഷ്‌ണന്‍ പോറ്റിക്കെതിരെ ആകും പൊലീസില്‍ പരാതി നല്‍കുക. എഫ്‌ഐആറിൻ്റെ അടിസ്ഥാനത്തിലാകും അന്വേഷണം നടത്തുക. സ്‌മാര്‍ട് ക്രിയേഷന്‍സ് സിഇഒ പങ്കജ് ഭണ്ഡാരി നല്‍കിയ മൊഴിയും നിര്‍ണായകമാണ്.

2019ല്‍ സ്വര്‍ണം പൂശാനായി ഉണ്ണികൃഷ്‌ണന്‍ പോറ്റി ചെന്നൈയില്‍ എത്തിച്ചത് കാലപ്പഴക്കമില്ലാത്ത ദ്വാരപാലക ശില്‍പത്തിലെ പാളിയെന്നാണ് പങ്കജ് ഭണ്ഡാരി ദേവസ്വം വിജിലന്‍സിന് മൊഴി നല്‍കിയത്. മുമ്പ് സ്വര്‍ണം പാകിയ പാളികളല്ല കൊണ്ടുവന്നതെന്നും ഭണ്ഡാരി മൊഴി നല്‍കിയിരുന്നു. ഇതോടെ ഉണ്ണികൃഷ്‌ണന്‍ പോറ്റി സ്വര്‍ണ്ണപ്പാളി മറിച്ചു വിറ്റതാകാമെന്ന സംശയത്തിലാണ് ദേവസ്വം വിജിലന്‍സ്.

1998ല്‍ വ്യവസായി വിജയ് മല്യ സ്വര്‍ണം പൊതിഞ്ഞു നല്‍കിയ ദ്വാരലപാലക ശില്‍പത്തില്‍ ചെമ്പ് തെളിഞ്ഞെന്ന് പറഞ്ഞ് ചെന്നൈയിലെ സ്‌മാര്‍ട് ക്രിയേഷന്‍സില്‍ എത്തിച്ചായിരുന്നു സ്വര്‍ണം പൂശിയത്. ഞായറാഴ്‌ച ശബരിമലയില്‍ എത്താന്‍ സ്‌മാര്‍ട് ക്രിയേഷന് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ജസ്റ്റിസ് കെ.ടി ശങ്കരൻ്റെതാണ് ആവശ്യം. ദ്വാരപാലക ശില്‍പ്പപാളി പരിശോധിക്കുമ്പോള്‍ എത്തണമെന്നാണ് നിര്‍ദേശിച്ചിരിക്കുന്നത്. ഞായറാഴ്‌ച ജസ്റ്റിസ് കെ.ടി ശങ്കരന്‍ സന്നിധാനത്തെ സ്‌ട്രോങ് റൂം പരിശോധിക്കും.

അതിനിടെ, വിവാദങ്ങളില്‍ ഇനി ഒരു മറുപടിയും പറയാനില്ലെന്ന് ഉണ്ണികൃഷ്‌ണന്‍ പോറ്റി പറഞ്ഞു. അന്വേഷണത്തിൻ്റെ കീഴില്‍ ഇരിക്കുന്ന കാര്യമാണ്. വിജിലന്‍സ് സംഘം ഹൈക്കോടതിയില്‍ എന്ത് റിപ്പോര്‍ട്ട് ആണ് കൊടുത്തിരിക്കുന്നത് എന്ന് എനിക്കറിയില്ല. അറിയാത്ത കാര്യത്തെ കുറിച്ച് സംസാരിക്കാന്‍ ഇല്ലെന്നും ഉണ്ണികൃഷ്‌ണന്‍ പോറ്റി പറഞ്ഞു.

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.