...
Home News Kerala ‘സ്വർണക്കൊള്ള’; ശബരിമലയിൽ അന്വേഷണത്തിന് ഇഡിയും

‘സ്വർണക്കൊള്ള’; ശബരിമലയിൽ അന്വേഷണത്തിന് ഇഡിയും

ദ്വാരപാലക ശിൽപത്തിലെ സ്വർണം കടത്തിയ സംഭവത്തിൽ ഒമ്പത് പേരെയാണ് പ്രതി ചേർത്തിരിക്കുന്നത്

228

ശബരിമല സ്വർണക്കൊള്ള അന്വേഷിക്കാൻ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി). ക്രൈംബ്രാഞ്ച് എഫ്‌ഐആർ രജിസ്റ്റർ ചെയ്‌തതിന് പിന്നാലെയാണ് തീരുമാനം. ദേവസ്വം വിജിലൻസ് റിപ്പോർട്ടും മൊഴികളും ഇഡി പരിശോധിക്കും. പ്രാഥമിക അന്വേഷണത്തിന് ശേഷം ഇസിഐആർ രജിസ്റ്റർ ചെയ്യുന്നതിൽ തീരുമാനമെടുക്കും. വൈകാതെ പ്രാഥമിക അന്വേഷണം നടത്തുമെന്നാണ് വിവരം.

ശബരിമല സ്വർണക്കൊള്ളയിൽ പ്രത്യേക അന്വേഷണ സംഘം രണ്ട് എഫ്ഐആറുകളാണ് രജിസ്റ്റർ ചെയ്‌തിരിക്കുന്നത്. ദ്വാരപാലക ശിൽപത്തിൻ്റെ സ്വർണപ്പാളി കടത്തിയതും കട്ടിളപ്പാളിയിലെ സ്വർണം പതിപ്പച്ച പാളികൾ കടത്തിയതും രണ്ട് കേസുകളായാണ് രജിസ്റ്റർ ചെയ്‌തത്. രണ്ടിലും ഉണ്ണികൃഷ്‌ണൻ പോറ്റിയാണ് ഒന്നാം പ്രതി. ദ്വാരപാലക ശിൽപത്തിലെ സ്വർണം കടത്തിയ സംഭവത്തിൽ ഒമ്പത് പേരെയാണ് പ്രതി ചേർത്തിരിക്കുന്നത്.

ഡിജിപി റവാഡ ചന്ദ്രശേഖറിൻ്റെ നിര്‍ദേശത്തിൻ്റെ അടിസ്ഥാനത്തിൽ ആയിരുന്നു കേസ് പ്രത്യേക അന്വേഷണ സംഘത്തിന് കൈമാറിയത്. എഡിജിപി എച്ച്. വെങ്കിടേഷിൻ്റെ മേല്‍നോട്ടത്തില്‍ പൊലീസ് അക്കാദമി അസിസ്റ്റന്റ് ഡയറക്ടര്‍ എസ്. ശരിധരൻ്റെ മേല്‍നോട്ടത്തിൽ ആണ് അന്വേഷണം. അന്വേഷണത്തിൻ്റെ ഭാഗമായി എസ്‌ഐടി സംഘം ദേവസ്വം ആസ്ഥാനത്ത് എത്തി പരിശോധന നടത്തിയിരുന്നു.

രണ്ട് സമയങ്ങളിലായിരുന്നു ശബരിമലയിൽ സ്വർണക്കൊള്ള നടന്നതെന്നാണ് വിലയിരുത്തപ്പെടുന്നത്. വാതിൽപ്പാളിയിലെ സ്വർണം 2019 മാർച്ചിൽ കടത്തിക്കൊണ്ടു പോയി ഉരുക്കിയതായാണ് കരുതപ്പെടുന്നത്. ദ്വാരപാലക ശിൽപങ്ങളിലെ സ്വർണം 2019 ഓഗസ്റ്റിൽ കവർന്നതായും കരുതപ്പെടുന്നു. ഇതിലാണ് എസ്ഐടി സംഘം വിശദമായ അന്വേഷണം നടത്തുക.

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.