...
Home News റാമിനേക്കാൾ മികച്ചു നിൽക്കുന്ന രചനകൾ ഷോർട്ട് ലിസ്റ്റ് ചെയ്യപ്പെട്ട സ്ഥലത്ത് ‘റാമി’ന് അവാർഡ് കിട്ടി എന്നതാണ്...

റാമിനേക്കാൾ മികച്ചു നിൽക്കുന്ന രചനകൾ ഷോർട്ട് ലിസ്റ്റ് ചെയ്യപ്പെട്ട സ്ഥലത്ത് ‘റാമി’ന് അവാർഡ് കിട്ടി എന്നതാണ് വിഷയം

ലക്ഷക്കണക്കിന് കോപ്പികൾ വിറ്റു എന്നതോ, റീൽസുകളിൽ ട്രെന്റിങ് ആയിരുന്നു എന്നതോ, വായനക്കാരുടെ അഭിപ്രായത്തിൽ നിന്ന് തിരഞ്ഞെടുത്തതായിരുന്നു എന്നോ ജൂറി പറഞ്ഞാൽ അവിടെ തീർന്നു ഈ വിഷയത്തിലെ ചർച്ച.

385

| ശരണ്യ എം ചാരു

റാം കെയർ ഓഫ് ആനന്ദി വായിച്ചിരുന്നു . ഒടയും പെണ്ണപ്പനും, സിൽക്ക് റൂട്ടും, കുളെയും വായിച്ചിട്ടുണ്ട്. അവർഡ് റാമിന് കിട്ടി എന്നതല്ല ഇവിടത്തെ വിഷയം, റാമിനേക്കാൾ മികച്ചു നിൽക്കുന്ന രചനകൾ ഷോർട്ട് ലിസ്റ്റ് ചെയ്യപ്പെട്ട സ്ഥലത്ത് ‘റാമി’ന് അവാർഡ് കിട്ടി എന്നതാണ് വിഷയം. റാം തീരെ വായിക്കാൻ കൊള്ളാത്ത പുസ്തകമാണെന്നോ, ഉള്ളിൽ ഒന്നുമേ ഇല്ലാത്ത രചനയാണെന്നോ അല്ല പറഞ്ഞു വരുന്നത്. ഞാൻ വായിച്ച മറ്റുള്ളവ എന്തുകൊണ്ടും റാമിനേക്കാൾ ഒന്നോ രണ്ടോ മൂന്നോ പടി മികച്ചതായിരുന്നു എന്നെ പറയുന്നുള്ളൂ.

വായിക്കാത്ത ബാക്കി പുസ്തകങ്ങളിൽ വായിച്ചതിനെക്കാൾ നല്ലതുണ്ടാകാം, റാമിലും താഴെ നിൽക്കുന്നതുമുണ്ടാകാം. അതാണ് ഇവിടെ കുറേ മനുഷ്യർ ഇന്നലെ മുതൽ പറയാൻ ശ്രമിച്ചു കൊണ്ടേ ഇരിക്കുന്നത്. അങ്ങനെ ഇരിക്കെ എന്തു കൊണ്ട് ജൂറി റാമിനെ പരിഗണിച്ചു എന്നൊരു വായനക്കാരന് ചോദിക്കാൻ പാടില്ലേ. കാശ് കൊടുത്തു പുസ്തകം വാങ്ങി, മണിക്കൂറുകളോ ദിവസങ്ങളോ മാറ്റി വച്ചത് വായിക്കുന്നൊരു മനുഷ്യന്, വായനക്കാരന് അവൻ വായിച്ച പുസ്തങ്ങളിൽ ഏറ്റവും മികച്ചത് ഇതല്ല, അതിനേക്കാൾ നല്ലതാ ലിസ്റ്റിൽ ഉണ്ടായിരുന്നു എന്ന് പറയാൻ പാടില്ലെന്നാണോ…?

അങ്ങനെ പറഞ്ഞാൽ അത് അവാർഡ് കിട്ടാത്തതിലുള്ള കിറുവ് കൊണ്ടോ കുശുമ്പും അസൂയ്യയും കൊണ്ടുമാണെന്നാണോ? പിന്നെ, ഈ വിഷയത്തിൽ വിമർശിക്കുന്നത് അഖിലിനെ മാത്രമാകുമ്പോഴും, അഖിലിനെ മാത്രമാണ് വിമർശിക്കുന്നതെന്ന് തോനുന്നിടത്തുമാണ് പ്രശ്‌നമിരിക്കുന്നത്. വിമർശിക്കേണ്ടത് ജൂറിയെ ആണ്. ഉത്തരം പറയേണ്ടതും ജൂറിയാണ്. എന്തു കൊണ്ട് റാമിന് അവാർഡ് കിട്ടി എന്ന ചോദ്യത്തിന് ഉത്തരം പറയേണ്ട എന്തെങ്കിലുമൊരു ബാധ്യത മറ്റെല്ലാവരെയും പോലെ തന്നെ തന്റെ ഒരു പുസ്തകം അവാർഡിന് അയച്ച അഖിലിനുണ്ടെന്ന് ഞാൻ കരുതുന്നില്ല. അത് പറയേണ്ടത് ജൂറിയാണ്. മൂന്ന് ജൂറി അംഗങ്ങളാണ്.

എന്തിന്റെ അടിസ്ഥാനത്തിലാണ് ഇത്രയും പ്രധാനപ്പെട്ട ഒരു അവർഡ് റാമിന് കിട്ടിയത്? എന്തു പോരായ്മ കൊണ്ട് ലിസ്റ്റിലെ മറ്റ് കൃതികൾ തിരസ്കരിക്കപ്പെട്ടു? മറ്റുള്ളവയെ അപേക്ഷിച്ചു റാമിൽ ഉള്ള പുതുമയും പ്രത്യേകതയുമെന്താണ്, തുടങ്ങിയ നിരവധി അനവധി ചോദ്യങ്ങൾക്ക് തീർച്ചയായും ജൂറി മറുപടി നൽകേണ്ടതുണ്ട്?

ലക്ഷക്കണക്കിന് കോപ്പികൾ വിറ്റു എന്നതോ, റീൽസുകളിൽ ട്രെന്റിങ് ആയിരുന്നു എന്നതോ, വായനക്കാരുടെ അഭിപ്രായത്തിൽ നിന്ന് തിരഞ്ഞെടുത്തതായിരുന്നു എന്നോ ജൂറി പറഞ്ഞാൽ അവിടെ തീർന്നു ഈ വിഷയത്തിലെ ചർച്ച. അഖിലിന് മുന്നിലും അവാർഡിനെ വിമർശിച്ചു സംസാരിക്കുന്നവർക്ക് മുന്നിലും മാറി മാറി മൈക്ക് വയ്ക്കുന്ന മീഡിയകൾ ജൂറിയെ ഒന്ന് കണ്ടു സംസാരിച്ചാൽ കാര്യം കുറെ കൂടി എളുപ്പത്തിലും വേഗത്തിലും തീരുന്നതെ ഉള്ളൂ.

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.