മംഗളുരു / കേരളം: ദുരന്ത നിവാരണങ്ങൾ എന്നത് ഒരു ശാസ്ത്രവും ഒരു സംവിധാനവുമാണ്. അതിനുള്ളിൽ കമ്മ്യൂണിറ്റികൾ അപകട സാധ്യത കുറയ്ക്കുകയും ദുരന്തങ്ങളെ നേരിടുകയും ചെയ്യുന്നു. ദുരന്തങ്ങൾ കൈകാര്യം ചെയ്യുന്നതിന് വ്യക്തികളിൽ നിന്നും വീടുകളിൽ നിന്നും സംഘടനകളിൽ നിന്നും പ്രാദേശികമായും അല്ലെങ്കിൽ ഗവൺമെൻ്റിൻ്റെ ഉന്നത തലങ്ങളിൽ നിന്നും ചില സംയോജന പ്രവർത്തനങ്ങൾ ആവശ്യമാണ്. കർണാടകയിലും മറ്റ് ചില സംസ്ഥാങ്ങളിലും പലപ്പോഴും അതുണ്ടാകുന്നില്ല എന്നതാണ് വാസ്‌തവം.
ദുരന്തങ്ങളെ പ്രവചിക്കാൻ AI ഉപയോഗിക്കുന്നത് മുതൽ ക്രൗഡ് സോഴ്‌സിംഗ് വരെ ഉപയോഗിച്ച് പ്രകൃതി ദുരന്തങ്ങളെ നേരിടാനുള്ള ശ്രമത്തിൽ ഇന്ത്യയുടെ സാങ്കേതികവിദ്യ വളരെയധികം ഉപയോഗിക്കുന്ന കാലത്താണ് കർണാടകയിൽ രക്ഷാ പ്രവർത്തനങ്ങളിൽ പരാജയങ്ങൾ സംഭവിക്കുന്നത്. പ്രകൃതി ദുരന്തങ്ങൾ എല്ലാ രാജ്യത്തും സംഭവിക്കുന്നുവെങ്കിലും അവ മുൻകൂട്ടി അറിയാനും മനുഷ്യനും സ്വത്തുക്കൾക്കും വളർത്തു മൃഗങ്ങൾക്കും സംരക്ഷണം നൽകാൻ കഴിയുന്നില്ലെങ്കിൽ അത് ഭരണകൂടത്തിൻ്റെ പരാജയമായി സമ്മതിക്കേണ്ടിയിരിക്കുന്നു. മണ്ണിടിച്ചിലിൽ ഉത്തര കന്നഡയിലെ ഷിരൂരിൽ കാണാതായ കോഴിക്കോട് സ്വദേശി അർജുന് വേണ്ടിയുള്ള ദൗത്യം പത്താംനാളും നൊമ്പരങ്ങളുടെ കാത്തിരിപ്പായി മാറുന്നു.
പ്രകൃതി ദുരന്തങ്ങളും നിരവധി ഖനികളും, കെമിക്കൽ ഫാക്ടറികളും, സ്ഫോടക നിർമാണ കേന്രങ്ങളും, വൻകിട വ്യവസായശാലകളും അപകടകരമായ സാഹചര്യങ്ങളിൽ തൊഴിൽ ചെയ്യുന്ന സാധാരണക്കാരായ തൊഴിലാളികൾക്ക് സുരക്ഷിതത്വം നൽകാൻ പലപ്പോഴും കർണാടകയിൽ മാറിമാറി ഭരിക്കുന്ന സർക്കാരുകൾക്ക് കഴിയാതെ പോകുന്നത് നിരാശാജനകമാണ്.
അടിസ്ഥാ ജനവിഭാഗത്തിലെ മരിച്ചവരുടെ ആശ്രിതർക്ക് തുച്ഛമായ സാമ്പത്തിക സഹായം പ്രഖ്യാപിച്ച് മുഖം രക്ഷിക്കുന്ന ഭരകൂട വ്യവസ്ഥികൾ മാറേണ്ടതുണ്ട്. ഏതെങ്കിലും ദുരന്തങ്ങളിൽ പൊലിഞ്ഞു പോകുന്ന മനുഷ്യ ജീവന് വിലയിടുന്നവർക്കെതിരെ ദരിദ്രരായ ആളുകളുടെ ജീവിക്കാനുള്ള അവകാശങ്ങൾക്ക് വേണ്ടി രാജ്യത്തെ ഉന്നത നിയമ സംവിധാനങ്ങൾ ഉണരേണ്ടതുണ്ട്.
അർജുനുവേണ്ടി നാവികസേന ദൗത്യം
പത്ത് ദിവസങ്ങളായെങ്കിലും അർജുൻ ഓടിച്ചിരുന്നുവെന്ന് കരുതുന്ന ട്രക്ക് കിടക്കുന്ന അവസ്ഥയും സ്ഥാനവും കൃത്യമായി നിർണയിക്കാൻ ഐബോഡ് ഉപയോഗിച്ച് പരിശോധന ആരംഭിച്ചു. ഡ്രോൺ ഇപയോഗിച്ച് പ്രവർത്തിക്കുന്ന സ്‌കാനറിൽ പുഴയ്ക്ക് അടിയിലെ സിഗ്നലും പരിശോധിക്കുന്നു. നോയിഡയിൽ നിന്ന് കേന്ദ്രത്തിൻ്റെ പ്രത്യേക അനുമതിയോടെയാണ് ഐബോഡെത്തിച്ചത്. അർജുൻ ഉൾപ്പെടെ മൂന്ന് പേരെയാണ് ഇനിയും കണ്ടെടുക്കാനുളളത്.
എമർജൻസി മാനേജ്‌മെന്റിൽ അഞ്ച് ഘട്ടങ്ങളിൽ ആദ്യത്തെ നാലുഘട്ടങ്ങളായ പ്രതിരോധം, ലഘൂകരണം, തയ്യാറെടുപ്പ്, പ്രതികരണം എന്നിവ നടപ്പിലാക്കുന്നതിൽ കർണാടക സർക്കാർ പരാജയപ്പെട്ടു. അഞ്ചാമത്തെ ഘട്ടമായ വീണ്ടെടുക്കലിന് രാജ്യത്തിൻ്റെ നാവികസേന വിഭാഗം ഉൾപ്പെടെ എത്തി പ്രവർത്തന സജ്ജമാകുമ്പോഴേക്കും ഏറെ വൈകിപ്പോയിരിക്കുന്നു.
സാങ്കേതികവിദ്യ സഹായിക്കുമോ?
ഇന്ത്യയിൽ വിവിധ സംസ്ഥാനങ്ങൾ ആരംഭിക്കുന്ന ചില പൈലറ്റ് പ്രോജക്ടുകളും സംരംഭങ്ങളും മറ്റ് സംസ്ഥാനങ്ങൾക്ക് പിന്തുടരാനുള്ള ശരിയായ മാതൃകകളായിരിക്കും. ഉദാഹരണത്തിന്, പട്‌നയിലെ വെള്ളപ്പൊക്ക സാഹചര്യം കണക്കാക്കാൻ കേന്ദ്ര ജലകമ്മീഷനുമായി സഹകരിച്ച് ഗൂഗിൾ നടത്തിയ പൈലറ്റ് പ്രോജക്റ്റ്. പാറ്റ്‌നയ്ക്ക് ചുറ്റുമുള്ള ആയിരം ചതുരശ്ര കിലോമീറ്ററിനുള്ളിൽ താമസിക്കുന്ന ആളുകൾക്ക് മാപ്പ് അധിഷ്‌ഠിത മുന്നറിയിപ്പ് അയയ്‌ക്കാൻ AI അടിസ്ഥാനമാക്കിയുള്ള മോഡൽ ഉപയോഗിച്ചതായി Google അവകാശപ്പെടുന്നു.
ഏതൊക്കെ പ്രദേശങ്ങളാണ് കൂടുതൽ വെള്ളപ്പൊക്കത്തിന് സാധ്യതയെന്നും ഏതൊക്കെ മേഖലകളിൽ വെള്ളപ്പൊക്കാം ഉണ്ടാകാതിരിക്കാനുള്ള സാധ്യതയുണ്ടെന്നും ഭൂപടത്തിൽ സൂചിപ്പിച്ചിരുന്നു. തങ്ങളുടെ മോഡലിൻ്റെ കൃത്യത 90 ശതമാനത്തിലേറെയാ ആണെന്ന് ഗൂഗിൾ അവകാശപ്പെടുന്നു.
സാമൂഹിക ഏകോപനവും വേണം
2015ൽ ചെന്നൈ വെള്ളപ്പൊക്കത്തെ കുറിച്ചുള്ള സുപ്രധാന വിവരങ്ങൾ (ഹെൽപ്‌ലൈൻ ഫോൺ നമ്പറുകൾ, ട്രെയിൻ ഷെഡ്യൂളുകൾ, ദുരിതാശ്വാസ കൗണ്ടറുകൾ, കാലാവസ്ഥാ പ്രവചനങ്ങൾ മുതലായവ) പങ്കിടാൻ നിരവധി സർക്കാർ ഗ്രൂപ്പുകളും ആളുകളും സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ Twitter ഉപയോഗിച്ചു. പ്രകൃതി ദുരന്തങ്ങളുമായി ബന്ധപ്പെട്ട ഫലപ്രദമായ ആശയ വിനിമയത്തിന് സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകൾ എങ്ങനെ പ്രയോജനപ്പെടുത്താമെന്ന് സർക്കാർ ഏജൻസികളെ കാണിച്ചു.
2018ൽ കേരളത്തിലുണ്ടായ പ്രളയം നിരവധി ജില്ലകൾ വെള്ളത്തിൽ മുങ്ങി. കേരളം കണ്ട എക്കാലത്തെയും ദുരന്തമായിരുന്നു അത്. നിരവധിപേർക്ക് ജീവൻ നഷ്‌ടപ്പെട്ടുവെങ്കിലും മത്സ്യത്തൊഴിലാളികൾ തോണികളുമായി നാടൊന്നാകെ രക്ഷാ പ്രവർത്തനത്തിൽ സജ്ജരായി. സർക്കാർ സംവിധാനങ്ങൾ ഉണർന്നു പ്രവർത്തിച്ചു. ദുരന്തങ്ങൾ നേരിടുന്ന ഒരു സംസ്ഥാനത്തിന് വേണ്ടി ലക്ഷക്കണക്കിന് ജീവൻ രക്ഷിക്കാനുള്ള യാത്ര അത്ര എളുപ്പമല്ല.
ദുരന്തമുഖത്ത് വിറങ്ങലിച്ചുപോയ മനുഷ്യ ജീവനുകളെ ജീവിതത്തിലേക്ക് കൈപിടിച്ചു. സ്‌കൂളുകളും ഓഡിറ്റോറിങ്ങളും ദുരിതാശ്വാസ ക്യാമ്പുകളായി. ഭക്ഷണങ്ങളും വസ്ത്രങ്ങളും നാനാദേശത്തു നിന്നും എത്തി. സുനാമിയും, ഓഖിയും, പ്രളയവും, ഉരുൾപൊട്ടലും കേരളത്തിൻ്റെ ഡിസാസ്റ്റർ മാനേജ്മെന്റിന് നൽകിയ ഒരു പുതിയ പാഠമായിരുന്നു.
ഓരോ ദുരന്തത്തിലും ഒരുപാട് പാഠങ്ങൾ പഠിക്കാനുണ്ട്. ഓരോ ദുരന്തസമയത്തും നിരീക്ഷിക്കപ്പെട്ട മികച്ച സമ്പ്രദായങ്ങൾ ഇന്ത്യ രേഖപ്പെടുത്തുകയും ആധുനിക ഇ-ലേണിംഗ് ടൂളുകളോടൊപ്പം ഒരു വിജ്ഞാന മാനേജ്മെൻ്റ് പ്ലാറ്റ്ഫോം രൂപത്തിൽ പിടിച്ചെടുക്കുകയും ചെയ്യുന്നുവെന്ന് ഉറപ്പാക്കുകയും വേണം. അങ്ങനെ ഓരോ സംസ്ഥാനത്തിനും പരസ്‌പരം പഠിക്കാനും അതിനുള്ള സംവിധാനങ്ങൾ സ്ഥാപിക്കാനും കഴിയും. ഭാവിയിലെ ദുരന്തങ്ങൾ കൈകാര്യം ചെയ്യാൻ നാം സദാസമയവും തയ്യാറായിരിക്കണം.



