...
Home News Kerala ക്ഷാമബത്ത ജീവനക്കാരുടെ അവകാശമല്ലെന്ന സർക്കാർ നിലപാട് ഇരട്ടത്താപ്പ്: രമേശ് ചെന്നിത്തല

ക്ഷാമബത്ത ജീവനക്കാരുടെ അവകാശമല്ലെന്ന സർക്കാർ നിലപാട് ഇരട്ടത്താപ്പ്: രമേശ് ചെന്നിത്തല

ജീവനക്കാരുടെ ആനുകൂല്യങ്ങൾ ഉറപ്പാക്കാനാണ് സർക്കാർ ശ്രമിക്കുന്നതെന്നും ആർക്കും ആശങ്ക വേണ്ടെന്നും മന്ത്രി പറയുമ്പോഴും, കോടതിയിൽ ഇതിന് വിപരീതമായ നിലപാട് സ്വീകരിച്ചത് എന്തിനാണെന്ന് ചെന്നിത്തല ചോദിച്ചു.

259

സംസ്ഥാനത്തെ സർക്കാർ ജീവനക്കാരുടെയും അധ്യാപകരുടെയും ക്ഷാമബത്ത (DA) ജീവനക്കാരുടെ അവകാശമല്ലെന്ന് ഹൈക്കോടതിയിൽ സത്യവാങ്മൂലം നൽകിയ സർക്കാരിന്റെ നടപടി ഇരട്ടത്താപ്പാണെന്ന് കോൺഗ്രസ് പ്രവർത്തക സമിതി അംഗം രമേശ് ചെന്നിത്തല. ഇതു സംബന്ധിച്ച വാർത്തകൾ പുറത്തുവന്നപ്പോൾ ഉണ്ടായ ജാള്യത മറയ്ക്കാനാണ് ധനമന്ത്രി പത്രസമ്മേളനം നടത്തി വിശദീകരണം നൽകിയതെന്ന് അദ്ദേഹം പരിഹസിച്ചു.

ജീവനക്കാരുടെ ആനുകൂല്യങ്ങൾ ഉറപ്പാക്കാനാണ് സർക്കാർ ശ്രമിക്കുന്നതെന്നും ആർക്കും ആശങ്ക വേണ്ടെന്നും മന്ത്രി പറയുമ്പോഴും, കോടതിയിൽ ഇതിന് വിപരീതമായ നിലപാട് സ്വീകരിച്ചത് എന്തിനാണെന്ന് ചെന്നിത്തല ചോദിച്ചു. സർക്കാരിന്റെ ഈ പരസ്പരവിരുദ്ധമായ നിലപാടുകൾ ജീവനക്കാർക്കിടയിൽ വലിയ ആശങ്കയുണ്ടാക്കിയിട്ടുണ്ടെന്നും ചെന്നിത്തല വ്യക്തമാക്കി. ക്ഷാമബത്തയും അതിന്റെ കുടിശ്ശികയും സംബന്ധിച്ച ഹർജിയിൽ സർക്കാർ സ്വീകരിച്ച ഈ നിലപാട് ജീവനക്കാരോടുള്ള അവഗണനയായാണ് പ്രതിപക്ഷം കണക്കാക്കുന്നത്.

തൊഴിലാളികളുടെ അവകാശ സംരക്ഷകരെന്ന പേരിൽ അധികാരത്തിലെത്തിയവർ ഡിഎ പോലും ജീവനക്കാരുടെ അവകാശമല്ലെന്ന് പറയുന്നത് വർഗ വഞ്ചന ആണെന്നും ചെന്നിത്തല കുറ്റപ്പെടുത്തി. സർക്കാർ അറിയാതെയാണ് ഇത്തരമൊരു സത്യവാങ്മൂലം കോടതിയിൽ നൽകിയതെന്ന ഭരണാനുകൂല ജീവനക്കാരുടെ വാദം അപഹാസ്യമാണെന്നും അദ്ദേഹം പറഞ്ഞു.

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.