2002 – 2021 കാലയളവിൽ ഉത്തരേന്ത്യയിലെ ഭൂഗർഭജലം 450 ക്യൂബിക് കിലോമീറ്റർ കുറഞ്ഞതായി പഠനം. ഇന്ത്യയിലെ ഏറ്റവും വലിയ അണക്കെട്ടായ ഇന്ദിര സാഗർ ഡാമിന് ആകെ ഉൾക്കൊള്ളാനാകുന്ന ജലത്തിന്റെ 37 മടങ്ങാണ് ഇതെന്നാണ് പഠനം പറയുന്നത്.
വ്യത്യസ്ത സ്ഥലങ്ങളിൽ നേരിട്ട് ചെന്ന് നടത്തിയ പഠനത്തിന്റെ ഭാഗമായും സാറ്റലൈറ്റ് വിവരങ്ങളുടെ അടിസ്ഥാനത്തിലും ഉത്തരേന്ത്യയിലെമ്പാടും ജൂൺ മുതൽ സെപ്റ്റംബർ വരെയുള്ള മൺസൂൺ കാലത്തെ മഴയുടെ ലഭ്യത 8.5% കുറഞ്ഞതായാണ് കണക്കാക്കുന്നത്. മാത്രവുമല്ല ഈ മേഖലയിൽ ശൈത്യകാലത്തെ താപനില 0.3% കുറഞ്ഞതായും കണക്കുകൾ പറയുന്നു.
മൺസൂണിൽ മഴയുടെ ലഭ്യത കുറയുന്നതും ശൈത്യകാലത്ത് താപനില വർധിക്കുന്നതും കൃഷിയുൾപ്പെടെയുള്ള കാര്യങ്ങൾക്ക് കൂടുതൽ ജലം ആവശ്യമായി വരുന്ന സാഹചര്യമുണ്ടാക്കും. ഇത് ഭൂഗർഭജലത്തിന്റെ അളവ് കുറയ്ക്കാൻ കാരണമാവും. കാലാവസ്ഥാ നിരീക്ഷണ വിഭാഗത്തിന്റെ രേഖകളിൽ ലഭ്യമായിട്ടുള്ള വിവരങ്ങളുടെ അടിസ്ഥാനത്തിൽ 1901 മുതലിങ്ങോട്ടുള്ള കണക്കുകൾ പരിശോധിച്ചാൽ, 2022-ലെ ശൈത്യകാലമാണ് ഇന്ത്യയിൽ ഇന്നുവരെ ഉണ്ടായിട്ടുള്ളതിൽ വച്ച് ഏറ്റവും താപനിലകൂടിയ അഞ്ചാമത്തെ ശൈത്യകാലം.
കാലാവസ്ഥാവ്യതിയാനത്തിന്റെ ഭാഗമായി കനത്ത മഴയും ഉണ്ടാകാറുണ്ട്. എന്നാൽ ഇത്തരം മേഘവിസ്ഫോടനങ്ങളുടെ ഭാഗമായി മണിക്കൂറുകൾ നീണ്ടുനിൽക്കുന്ന ഒറ്റപ്പെട്ട മഴ ഭൂഗർഭജലത്തിന്റെ അളവ് വർധിപ്പിക്കില്ല എന്നാണ് വിദഗ്ധർ ചൂണ്ടിക്കാണിക്കുന്നത്. ഈ പ്രതിഭാസം കാരണം ഭൂഗർഭജലം വർധിക്കുന്നത് 6 മുതൽ 12% വരെ കുറഞ്ഞതായാണ് പഠനം സൂചിപ്പിക്കുന്നത്. ഭൂഗർഭജലം കുറയാതെ നിലനിർത്താൻ കുറഞ്ഞ തോതിൽ അധികം ദിവസങ്ങൾ നീണ്ടുനിൽക്കുന്ന മഴയാണ് വേണ്ടത്.
2009-ലുണ്ടായ അസാധാരണമായ കാലാവസ്ഥയെക്കുറിച്ചും പഠനത്തിൽ സൂചിപ്പിക്കുന്നു. മൺസൂൺ 20% കുറവായിരുന്നു. ശൈത്യകാലത്തെ താപനില ഒരു ഡിഗ്രി കൂടുതലും. ഇത് ഭൂഗർഭജലത്തിന്റെ അളവിനെ കാര്യമായി തന്നെ ബാധിച്ചിട്ടുണ്ട്. ഏകദേശം 10 ശതമാനത്തോളം കുറവുണ്ടായി.
മൺസൂൺ 10 മുതൽ 15% വരെ കുറയുകയും ശൈത്യകാലത്തെ താപനില ഒന്ന് മുതൽ അഞ്ച് ഡിഗ്രി സെൽഷ്യസ് വരെ കൂടുകയുമാണെങ്കിൽ ഭൂഗർഭജലം 7 മുതൽ 10% വരെ കുറയുമെന്നാണ് പഠനം കണക്കാക്കുന്നത്. ജലലഭ്യതയെ മാത്രം ബാധിക്കുന്ന ഒരു പ്രശ്നമല്ല ഇത്. ഇന്ത്യയുടെ ഭക്ഷ്യസുരക്ഷയെയും ഇത് കാര്യമായി ബാധിക്കുമെന്നാണ് വിദഗ്ധർ പറയുന്നത്.



