യുഡിഎഫ് മന്ത്രിമാർക്കായി തയ്യാറാക്കിയ ഗൺമാൻ പട്ടികയെച്ചൊല്ലി വിവാദം. കോൺഗ്രസ് അസോസിയേഷൻ തയ്യാറാക്കിയ നൽകിയ പട്ടികയിലാണ് വിവാദം. ആർ.എസ്.എസ് ബന്ധമുള്ളവരും സോളാർ വിവാദത്തിലെ സുരക്ഷാ വീഴ്‌ചയിൽ ആരോപണവിധേയരായ പൊലീസ് ഉദ്യോഗസ്ഥയും പട്ടികയിലുണ്ട്. കൂടാതെ പെരുമാറ്റ പ്രശ്‌നത്തിൽ അന്വേഷണം നേരിട്ട ഉദ്യോഗസ്ഥരും പട്ടികയിലുണ്ടെന്നാണ് ആരോപണം.
80 പേരുടെ പട്ടികയാണ് അസോസിയേഷൻ തയ്യാറാക്കി നൽകിയത്. സെക്യൂരിറ്റി വിഭാഗം പട്ടിക ഉത്തരവായി ഇറക്കുകയും ചെയ്‌തു. തിരുവനന്തപുരത്ത് പൊലീസ് ആസ്ഥാനത്തുനിന്ന് ഇൻ്റെലിജൻസ് വിഭാഗം എഡിജിപിയാണ് ഉത്തരവ് ഇറക്കിയത്. ഇൻസ്‌പെക്ടർ, സബ് ഇൻസ്‌പെക്ടർ, സിപിഒ തുടങ്ങിയ റാങ്കുകളിലുള്ള ഉദ്യോഗസ്ഥരാണ് പട്ടികയിലുള്ളത്.
ഉമ്മൻ ചാണ്ടി സർക്കാരിൻ്റെ കാലത്ത് ഗൺമാൻമാരുടെ ഇടപെടൽ വലിയ വിവാദമായിരുന്നു. എന്നാൽ ഇക്കാര്യം പരിശോധിക്കാതെയാണ് പട്ടിക തയ്യാറാക്കിയതെന്ന് കോൺഗ്രസിനകത്ത് വിമർശനം ഉയർന്നിട്ടുണ്ട്. ആർഎസ്എസ് ബന്ധമുള്ളവരെ അടക്കം ഉൾപ്പെടുത്തിയുള്ള പട്ടിക വിവാദത്തിലായ സാഹചര്യത്തിൽ കോൺഗ്രസ് നേതൃത്വം ഇതുവരെ പ്രതികരിച്ചിട്ടില്ല.



