സെക്കന്തരാബാദിലെ സൈനിക കേന്ദ്രത്തിൽ നിന്ന് അസോൾട്ട് റൈഫിളുകളും പിസ്റ്റളുകളും വെടിയുണ്ടകളും അടക്കമുള്ള ആയുധങ്ങള്‍ മോഷ്ടിക്കപ്പെട്ടു. സംഭവത്തില്‍ സൈന്യത്തിന്റെ പരാതിയില്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ആയുധങ്ങള്‍ നഷ്ടപ്പെട്ടതിന്റെ പശ്ചാത്തലത്തില്‍ സൈനിക അധികാരികളും വിശദമായ ആഭ്യന്തര അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്.
മദ്രാസ് റെജിമെന്റിന്റെ (20-ാം ബറ്റാലിയൻ) ലെഫ്റ്റനന്റ് കേണലിന്റെ പരാതിയിലാണ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഓഗസ്റ്റ് 31-ന് രാവിലെ 7:50-ഓടെ ആയുധപ്പുര (‘കോട്ട് ആൻഡ് ബറ്റാലിയൻ മാഗസിൻ’) തുറക്കുന്നതിനിടയിലാണ് വാതിലുകളുടെ പൂട്ടുകള്‍ തകര്‍ന്ന നിലയില്‍ കണ്ടെത്തിയത്. ആഗസ്റ്റ് 30-ന് വൈകുന്നേരം 6:00 മണിക്കാണ് ഇവിടെ അവസാനമായി ആയുധങ്ങളുടെ കണക്കെടുപ്പ് നടത്തിയത്. മോഷണം നടന്ന കൃത്യമായ സമയവും സാഹചര്യവും ഇതുവരെ വ്യക്തമായിട്ടില്ല.
അഞ്ച് അസോൾട്ട് റൈഫിളുകൾ, ഏഴ് പിസ്റ്റളുകൾ, 21 മാഗസിനുകൾ, വിവിധ വെടിയുണ്ടകൾ, ഒരു പാസീവ് നൈറ്റ് വിഷൻ ബൈനോക്കുലർ എന്നിവയാണ് ആയുധപ്പുരയില്‍ നിന്നും നഷ്ടപ്പെട്ടത്. സർവീസ് ആയുധങ്ങള്‍ ഇത്തരത്തില്‍ കാണാതാകുന്നത് അതീവ ഗൗരവത്തോടെയാണ് അധികാരികള്‍ കാണുന്നത്. ഇവ അനധികൃതമായി ദുരുപയോഗം ചെയ്യപ്പെടാനുള്ള സാധ്യതയുള്ളതിനാല്‍, പ്രതികളെ കണ്ടെത്താനും ആയുധങ്ങള്‍ വീണ്ടെടുക്കാനും അടിയന്തര നടപടികള്‍ സ്വീകരിക്കാന്‍ സൈന്യം പോലീസിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.
സംഭവത്തിന് പിന്നാലെ സൈനിക യൂണിറ്റ് ആഭ്യന്തര അന്വേഷണം ആരംഭിക്കുകയും രേഖകളുടെയും ഇഷ്യു/രസീത് രജിസ്റ്ററുകളുടെയും പുനഃപരിശോധന നടത്തുകയും ചെയ്തിട്ടുണ്ട്. സംഭരണ സ്ഥലത്തേക്ക് പ്രവേശനമുള്ള ഉദ്യോഗസ്ഥരെ കേന്ദ്രീകരിച്ചും ചോദ്യം ചെയ്യല്‍ പുരോഗമിക്കുകയാണ്. അന്വേഷണ ഏജൻസിക്ക് പൂര്‍ണ്ണ പിന്തുണയും വിവരങ്ങളും നല്കാന് തയ്യാറാണെന്ന് സൈനിക വൃത്തങ്ങള്‍ അറിയിച്ചു.


