...
Home News Kerala ‘വെടിക്കെട്ട് ദുരന്തം’; പാടശേഖരത്തിൽ നിന്ന് കണ്ടെത്തിയ മനുഷ്യൻ്റെ തല സുഹൃത്തുക്കൾ തിരിച്ചറിഞ്ഞു

‘വെടിക്കെട്ട് ദുരന്തം’; പാടശേഖരത്തിൽ നിന്ന് കണ്ടെത്തിയ മനുഷ്യൻ്റെ തല സുഹൃത്തുക്കൾ തിരിച്ചറിഞ്ഞു

അപകടത്തിൽ മരിച്ചവരുടെ ഡിഎൻഎ പരിശോധന ഫലം മറ്റന്നാൾ മുതൽ ലഭിച്ചു തുടങ്ങുമെന്ന് തൃശൂർ ജില്ലാ കളക്ടർ

281

മുണ്ടത്തിക്കോട് വെടിക്കെട്ട് അപകടം വ്യാഴാഴ്‌ച തെരച്ചിലിൽ സ്ഥലത്തുനിന്ന് കണ്ടെത്തിയ തല കാണാതായ കോട്ടപ്പുറം സ്വദേശി ഗിരീഷിൻ്റെത് എന്ന് നിഗമനം. മെഡിക്കൽ കോളേജ് മോർച്ചറിയിൽ സുഹൃത്തുക്കൾ എത്തി തിരിച്ചറിഞ്ഞു. മുണ്ടത്തിക്കോട് വെടിക്കെട്ട് പുരക്ക് ചുറ്റും വൈകിട്ട് നടത്തിയ മാസ് പരിശോധനയിലാണ് അപകടത്തിൽപ്പെട്ട ഒരാളുടെ തല കണ്ടെത്തിയത്.

ബോംബ് സ്‌ക്വാഡിൻ്റെയും കെഡാവർ നായകളുടെയും സഹായത്തോടെ നടത്തിയ തെരച്ചിലിൽ പത്ത് ശരീര ഭാഗങ്ങൾ കൂടി കിട്ടി. സ്ഥലത്ത് നിന്ന് പിടിച്ചെടുത്ത 362 കിലോ വെടിമരുന്ന് പൊലീസ് സുരക്ഷിത കേന്ദ്രത്തിലേക്ക് മാറ്റി. മൂന്ന് കേടാവർ നായകളും ബോംബ് സ്‌ക്വാഡിലെ രണ്ട് നായകളും മുതൽ തെരച്ചിലിന് വഴി കാട്ടി.

സ്ഥലത്ത് എത്തിയ സിറ്റി പൊലീസ് കമ്മിഷണർ തുടർനടപടികൾ വിശദീകരിച്ചു. 37 പേരാണ് ദുരന്തത്തിൽ ഉൾപ്പെട്ടതെന്ന് പൊലീസ് പറയുന്നു. നിലവിൽ പത്ത് പേർ ആശുപത്രിയിൽ ചികിത്സയിലുണ്ട്. വെടിക്കെട്ട് കരാറുകാരൻ സതീശൻ ഉൾപ്പെടെ നാല് പേരുടെ നില ഗുരുതരമാണ്. തിരിച്ചറിയാൻ കഴിയാത്ത ശരീര ഭഗാങ്ങളിൽ നിന്ന് ഡിഎൻഎ സാമ്പിൾ പരിശോധനക്ക് അയച്ചു.

അതേസമയം, മുണ്ടത്തിക്കോട് അപകടത്തിൽ മരിച്ചവരുടെ ഡിഎൻഎ പരിശോധന ഫലം മറ്റന്നാൾ മുതൽ ലഭിച്ചു തുടങ്ങുമെന്ന് തൃശൂർ ജില്ലാ കളക്ടർ അറിയിച്ചു. 29 ശരീരഭാഗങ്ങളുടെ ഡിഎൻഎ സാമ്പിളുകൾ അയച്ചിട്ടുണ്ട്. ഇപ്പോൾ ലഭിച്ച തലയിൽ നിന്നും ഡിഎൻഎ സാമ്പിളുകൾ ശേഖരിക്കും. ആരെന്നത് ഔദ്യോഗികമായി ഡിഎൻഎ ഫലത്തിനുശേഷം സ്ഥിരീകരിക്കുമെന്നും കളക്ടർ പറഞ്ഞു. മൊബൈൽ ഡിഎൻഎ യൂണിറ്റ് സന്ദർശിച്ചതിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുക ആയിരുന്നു കളക്ടർ.

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.