മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ നേതൃത്വത്തിലുള്ള തെരഞ്ഞെടുപ്പ് കമ്മീഷന്റെ പ്രവർത്തനം വീണ്ടും ദേശീയ ശ്രദ്ധയിൽ. തെരഞ്ഞെടുപ്പ് കമ്മീഷണർമാരായ സുഖ്ബീർ സിങ് സന്ധുവും വിവേക് ജോഷിയും കഴിഞ്ഞ പത്ത് മാസത്തിനിടെ കുറഞ്ഞത് 14 തവണ കമ്മീഷന്റെ തീരുമാനങ്ങളിൽ ഔദ്യോഗികമായി എതിർപ്പ് രേഖപ്പെടുത്തിയെന്ന ദേശീയ മാധ്യമമായ ‘ദി ഇന്ത്യൻ എക്സ്പ്രസ്’ അന്വേഷണ റിപ്പോർട്ടാണ് പുതിയ വിവാദത്തിന് വഴിവച്ചത്. വോട്ടർ പട്ടികയിലെ പുതിയ രജിസ്ട്രേഷൻ, പേരുകൾ ചേർക്കൽ–നീക്കം ചെയ്യൽ, വോട്ടർ ഡാറ്റാബേസിന്റെ കേന്ദ്രീകരണം തുടങ്ങിയ വിഷയങ്ങളിലാണ് ഇരുവരും ആശങ്കകൾ ഉന്നയിച്ചത്.
ഗ്യാനേഷ് കുമാറിന്റെ 19 മാസത്തെ കാലയളവിൽ വിവിധ സംസ്ഥാനങ്ങളിലെ സ്പെഷ്യൽ ഇൻറൻസീവ് റിവിഷൻ നടപടികളും വലിയ രാഷ്ട്രീയ ചർച്ചകൾക്ക് കാരണമായി. പ്രതിപക്ഷ പാർട്ടികൾ തെരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടികളെക്കുറിച്ച് ആരോപണങ്ങൾ ഉന്നയിച്ചപ്പോഴും അവ കമ്മീഷണർ നിഷേധിച്ചിരുന്നു. അതേസമയം, കമ്മീഷനിലെ രണ്ട് അംഗങ്ങൾ രേഖാമൂലം എതിർപ്പുകൾ ഉന്നയിച്ചതായുള്ള റിപ്പോർട്ട് പുറത്തുവന്നതോടെ വിവാദം പുതിയ തലത്തിലേക്ക് കടന്നു.
14 രേഖാമൂലമുള്ള എതിർപ്പുകൾ
അന്വേഷണപ്രകാരം, സന്ധുവും ജോഷിയും തെരഞ്ഞെടുപ്പ് കമ്മീഷന്റെ പേരിൽ എടുത്ത ചില തീരുമാനങ്ങൾ തങ്ങളുടെ അറിവോ മുൻകൂർ കൂടിയാലോചനയോ ഇല്ലാതെയാണെന്ന് ചൂണ്ടിക്കാട്ടി കുറഞ്ഞത് 14 തവണ എതിർപ്പ് രേഖപ്പെടുത്തി. പുതിയ വോട്ടർമാരുടെ രജിസ്ട്രേഷൻ, വോട്ടർ പട്ടികയിൽ നിന്ന് പേരുകൾ നീക്കം ചെയ്യൽ, പേരുകൾ പുനഃസ്ഥാപിക്കൽ, Form 6-ലെ മാറ്റങ്ങൾ, വോട്ടർ ഡാറ്റാബേസിന്റെ നിയന്ത്രണം എന്നിവയുമായി ബന്ധപ്പെട്ടായിരുന്നു പ്രധാനമായും എതിർപ്പുകൾ.
വോട്ടർ പട്ടികയുമായി ബന്ധപ്പെട്ട ഡാറ്റാബേസിലേക്കുള്ള നിയന്ത്രണം ക്രമേണ ഡൽഹിയിലെ കേന്ദ്ര ഓഫീസിലേക്ക് കേന്ദ്രീകരിക്കുന്നതിനെതിരെയും ഇരുവരും ആശങ്ക പ്രകടിപ്പിച്ചു. ചില വിഷയങ്ങളിൽ കേന്ദ്ര കാബിനറ്റ് സെക്രട്ടറിയുടെ ഇടപെടൽ തേടി കത്തയച്ചതായും അന്വേഷണ റിപ്പോർട്ടിൽ പറയുന്നു.
എന്നാൽ തെരഞ്ഞെടുപ്പ് കമ്മീഷൻ ഈ രേഖകൾ നിലവിലുണ്ടെന്ന കാര്യം നിഷേധിച്ചിട്ടില്ല. ഇത്തരം എതിർപ്പുകൾ തീരുമാനമെടുക്കൽ പ്രക്രിയയുടെ ഭാഗമാണെന്നാണ് കമ്മീഷൻ വിശദീകരിച്ചത്. SIR ഉൾപ്പെടെയുള്ള തീരുമാനങ്ങൾ മൂന്ന് അംഗങ്ങളുടെയും അംഗീകാരത്തോടെയാണ് എടുത്തതെന്നും കമ്മീഷൻ വൃത്തങ്ങൾ വ്യക്തമാക്കിയിട്ടുണ്ട്.
കേരളത്തിൽ നിന്ന് കശ്മീരിലേക്ക്
1988 ബാച്ചിലെ കേരള കേഡർ ഐഎഎസ് ഉദ്യോഗസ്ഥനാണ് ഗ്യാനേഷ് കുമാർ. തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഔദ്യോഗിക പ്രൊഫൈൽ പ്രകാരം കാൺപൂർ ഐഐടിയിൽ നിന്ന് ബി.ടെക് ബിരുദവും ഹാർവാർഡ് സർവകലാശാലയിൽ നിന്ന് എൻവയോൺമെന്റൽ ഇക്കണോമിക്സിൽ പഠനവും നേടിയിട്ടുണ്ട്. 1990ൽ പത്തനംതിട്ട സബ് കളക്ടറായാണ് കേരളത്തിലെ ആദ്യ നിയമനം. പിന്നീട് സംസ്ഥാന സർക്കാരിന്റെ വിവിധ വകുപ്പുകളിൽ പ്രവർത്തിച്ച അദ്ദേഹം 2012ൽ ഡൽഹിയിലെ കേരള ഹൗസിന്റെ റസിഡന്റ് കമ്മീഷണറായി ചുമതലയേറ്റു.
2016 മെയ് മാസത്തിൽ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിലെ കശ്മീർ വിഭാഗം ജോയിന്റ് സെക്രട്ടറിയായി നിയമിതനായതോടെയാണ് അദ്ദേഹത്തിന്റെ കേന്ദ്രസർക്കാർ ഉദ്യോഗസ്ഥ ജീവിതത്തിൽ നിർണായക വഴിത്തിരിവുണ്ടായത്. 2019ൽ അമിത് ഷാ ആഭ്യന്തര മന്ത്രിയായതിന് പിന്നാലെ ജമ്മു കശ്മീർ പുനഃസംഘടന ബിൽ തയ്യാറാക്കുന്നതിൽ അദ്ദേഹം പങ്കാളിയായി . ആർട്ടിക്കിൾ 370 റദ്ദാക്കലിനും ജമ്മു കശ്മീരിനെ രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളായി വിഭജിച്ചതിനുമുള്ള നിയമനടപടികളുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളിലും അദ്ദേഹം പങ്കെടുത്തു.
തുടർന്ന് അയോധ്യയിലെ രാമജന്മഭൂമി തീർഥ ക്ഷേത്ര ട്രസ്റ്റിന്റെ രൂപീകരണവുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളിലും അദ്ദേഹം പങ്കാളിയായതായി റിപ്പോർട്ടിൽ പറയുന്നു. 2021 ഫെബ്രുവരിയിൽ പാർലമെന്ററി കാര്യ മന്ത്രാലയ സെക്രട്ടറിയായ അദ്ദേഹം പിന്നീട് സഹകരണ മന്ത്രാലയത്തിന്റെ സെക്രട്ടറിയായും പ്രവർത്തിച്ചു.
വിരമിക്കലിന് പിന്നാലെ തെരഞ്ഞെടുപ്പ് കമ്മീഷനിലേക്ക്
2024 ജനുവരിയിൽ സർവീസിൽ നിന്ന് വിരമിച്ചതിന് പിന്നാലെ രണ്ട് മാസത്തിനുള്ളിൽ ഗ്യാനേഷ് കുമാറിനെ തെരഞ്ഞെടുപ്പ് കമ്മീഷണറായി നിയമിച്ചു. 2024 മാർച്ച് 15ന് നിയമനം പ്രഖ്യാപിച്ചു. പിന്നാലെ 2024ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിനും ജമ്മു കശ്മീർ, ഹരിയാന, മഹാരാഷ്ട്ര, ജാർഖണ്ഡ്, ഡൽഹി നിയമസഭാ തിരഞ്ഞെടുപ്പുകൾക്കും അദ്ദേഹം കമ്മീഷന്റെ ഭാഗമായി പ്രവർത്തിച്ചു.
2025 ഫെബ്രുവരിയിൽ അദ്ദേഹം മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറായി ചുമതലയേറ്റു. ചുമതലയേറ്റതിന് പിന്നാലെ തെരഞ്ഞെടുപ്പ് കമ്മീഷൻ ആസ്ഥാനമായ നിർവചന സദനിലെ ജീവനക്കാർക്ക് ബയോമെട്രിക് ഹാജർ നിർബന്ധമാക്കിയതും അദ്ദേഹത്തിന്റെ ആദ്യ ഉത്തരവുകളിൽ ഒന്നായിരുന്നുവെന്ന് റിപ്പോർട്ടിൽ പറയുന്നു.
അതേസമയം, അദ്ദേഹത്തിന്റെ കാലയളവിൽ നടപ്പാക്കിയ SIR നടപടികളാണ് പിന്നീട് വലിയ രാഷ്ട്രീയ വിവാദത്തിന് കാരണമായത്. വോട്ടർ പട്ടികയിൽ നിന്ന് പേരുകൾ നീക്കം ചെയ്യുന്നതിലും പുതിയ വോട്ടർമാരെ ചേർക്കുന്നതിലും പക്ഷപാതപരമായ ഇടപെടലുകൾ നടക്കുന്നുവെന്ന ആരോപണങ്ങൾ പ്രതിപക്ഷം ഉന്നയിച്ചു. ഗ്യാനേഷ് കുമാർ ഈ ആരോപണങ്ങൾ നിഷേധിക്കുകയും രാഹുൽ ഗാന്ധി ഉന്നയിച്ച ‘വോട്ട് ചോരി’ ആരോപണങ്ങൾക്ക് തെളിവ് ഹാജരാക്കുകയോ രാജ്യത്തോട് മാപ്പ് പറയുകയോ വേണമെന്ന് ആവശ്യപ്പെടുകയും ചെയ്തിരുന്നു.
നിലവിലെ വിവാദത്തിന്റെ പശ്ചാത്തലത്തിൽ ഗ്യാനേഷ് കുമാറിന്റെ മുൻ ഉദ്യോഗസ്ഥ ജീവിതവും തെരഞ്ഞെടുപ്പ് കമ്മീഷനിലെ പ്രവർത്തന ശൈലിയും വീണ്ടും ദേശീയ രാഷ്ട്രീയ ചർച്ചയുടെ ഭാഗമായിരിക്കുകയാണ്. അതേസമയം, കമ്മീഷനിലെ രേഖാമൂലമുള്ള എതിർപ്പുകളും അതിനുള്ള ഔദ്യോഗിക വിശദീകരണവും സംബന്ധിച്ച കൂടുതൽ വിവരങ്ങളാണ് ഇപ്പോൾ ശ്രദ്ധാകേന്ദ്രം.


