മുഖ്യതിരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാറിനെതിരേ രാജ്യവ്യാപകമായി ആരോപണങ്ങൾ ഉയരുമ്പോൾ, അദ്ദേഹത്തിന്റെ കേരളത്തിലെ സേവനകാലത്തെ പഴയ വിവരങ്ങൾ വീണ്ടും രാഷ്ട്രീയ ചർച്ചകളിൽ ഇടംപിടിക്കുന്നു. 2006-ൽ തിരുവനന്തപുരം-അങ്കമാലി എം.സി.റോഡ് വികസനവുമായി ബന്ധപ്പെട്ടുയർന്ന അഴിമതി ആരോപണങ്ങളെത്തുടർന്ന് പൊതുമരാമത്ത് സെക്രട്ടറി സ്ഥാനത്തുനിന്ന് അദ്ദേഹത്തെ സ്ഥലം മാറ്റിയിരുന്നു. ലോകബാങ്ക് സഹായത്തോടെയുള്ള കേരള സ്റ്റേറ്റ് ട്രാൻസ്പോർട്ട് പ്രോജക്ടിന്റെ (കെ.എസ്.ടി.പി.) ഭാഗമായി നടന്ന റോഡ് വികസന കരാറിലെ ക്രമക്കേടുകളും ബില്ലുകൾ തടഞ്ഞുവെച്ചതുമാണ് ഈ വിവാദങ്ങൾക്ക് വഴിവെച്ചത്. മുൻ ധനമന്ത്രി ടി.എം. തോമസ് ഐസക് ഉൾപ്പെടെയുള്ളവർ ഈ വിഷയം വീണ്ടും ഉയർത്തിക്കൊണ്ടുവന്നതോടെയാണ് പഴയ സംഭവം ചർച്ചയായത്.
എം.സി. റോഡ് വികസനത്തിനായി കരാറെടുത്തിരുന്നത് മലേഷ്യൻ കമ്പനിയായ പതിയും കൊച്ചി ആസ്ഥാനമായുള്ള ഭഗീരഥയും ചേർന്നുള്ള പതിബെൽ എന്ന കൺസോർഷ്യം ആയിരുന്നു. ഈ കമ്പനിയുടെ കേരള പ്രോജക്ട് മാനേജറായിരുന്ന മലേഷ്യൻ പൗരൻ ലീ ബിൻ സീൻ 2006 നവംബർ 13-ന് ക്വാലാലംപൂരിലെ സ്വവസതിയിൽ ആത്മഹത്യ ചെയ്തത് വലിയ രാഷ്ട്രീയ പ്രകമ്പനങ്ങൾ സൃഷ്ടിച്ചു. മരിക്കുന്നതിന് മുൻപ് അദ്ദേഹം എഴുതിവെച്ച ആത്മഹത്യാക്കുറിപ്പുകളിൽ അന്നത്തെ പൊതുമരാമത്ത് സെക്രട്ടറിയായിരുന്ന ഗ്യാനേഷ് കുമാറിന്റെയും മറ്റ് ചില ഉദ്യോഗസ്ഥരുടെയും പേരുകൾ വ്യക്തമായി പരാമർശിച്ചിരുന്നു.
പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥരുടെ അഴിമതിയും പീഡനവും മാനസിക ബുദ്ധിമുട്ടുകളും മൂലമാണ് താൻ ജീവിതം അവസാനിപ്പിക്കുന്നതെന്ന് ലീ ബിൻ സീൻ കത്തിൽ വ്യക്തമാക്കിയിരുന്നു. കമ്പനിക്ക് ലഭിക്കേണ്ട 13 കോടി രൂപയുടെ അവസാനഘട്ട ബില്ലുകൾ കൈക്കൂലി ആവശ്യപ്പെട്ടുകൊണ്ട് ഗ്യാനേഷ് കുമാറും സംഘവും തടഞ്ഞുവെച്ചതായിരുന്നു പ്രധാന ആരോപണം. എന്നാൽ, റോഡ് നിർമ്മാണം വൈകിപ്പിച്ചതിന് കമ്പനിക്ക് ചുമത്തിയ പിഴയായിരുന്നു ഇതെന്നാണ് പൊതുമരാമത്ത് വകുപ്പ് അന്ന് നൽകിയ വിശദീകരണം.
വിവാദം കൊഴുത്തതോടെ അന്നത്തെ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദൻ വിഷയത്തിൽ നേരിട്ട് ഇടപെടുകയും 2006 നവംബർ 22-ന് ഗ്യാനേഷ് കുമാറിനെ സെക്രട്ടറി സ്ഥാനത്തുനിന്ന് മാറ്റുകയും ചെയ്തു. സംഭവത്തിൽ വിജിലൻസ് അന്വേഷണത്തിന് ഉത്തരവിട്ടെങ്കിലും കേസ് പ്രാഥമിക അന്വേഷണത്തിൽ ഒതുങ്ങിപ്പോവുകയായിരുന്നു. എഫ്.ഐ.ആറോ കുറ്റപത്രമോ സമർപ്പിക്കാതെ കേസ് അവസാനിക്കുകയും, ഏതാനും മാസങ്ങൾക്കുള്ളിൽ ഗ്യാനേഷ് കുമാർ യു.പി.എ. സർക്കാരിന് കീഴിൽ പ്രതിരോധ വകുപ്പിലേക്ക് ഡെപ്യൂട്ടേഷൻ വാങ്ങി കേന്ദ്രത്തിലേക്ക് പോകുകയും ചെയ്തു.
സ്ഥലമേറ്റെടുപ്പ് വൈകിയതിനാലാണ് റോഡ് നിർമ്മാണം നീണ്ടുപോയതെന്ന് ചൂണ്ടിക്കാട്ടി കമ്പനി സർക്കാരിന് നോട്ടീസ് നൽകിയിരുന്നെങ്കിലും പൊതുമരാമത്ത് വകുപ്പ് അതിന് ഔദ്യോഗികമായി മറുപടി നൽകിയിരുന്നില്ല. ഇത് ആർബിട്രേഷനിൽ സർക്കാരിന്റെ തോൽവിക്ക് കാരണമാവുകയും, മലേഷ്യൻ കമ്പനിക്ക് 35 കോടി രൂപ നഷ്ടപരിഹാരമായി നൽകേണ്ടി വരികയും ചെയ്തു. ആത്മഹത്യ നടന്നത് മലേഷ്യയിലായതിനാലും രേഖകൾ ലഭ്യമല്ലാത്തതിനാലും കേരളത്തിൽ ഇന്റലിജൻസ് അന്വേഷണം നടന്നിരുന്നില്ലെന്ന് അന്നത്തെ എ.ഡി.ജി.പി ജേക്കബ് പുന്നൂസും വ്യക്തമാക്കിയിട്ടുണ്ട്.
മുൻപ് എറണാകുളം കളക്ടറായി സേവനമനുഷ്ഠിക്കുമ്പോഴും ഗ്യാനേഷ് കുമാർ വിവാദങ്ങളിൽ പെട്ടിട്ടുണ്ട്. അന്നത്തെ ഉന്നതതല യോഗത്തിനിടെ ടി.എച്ച്. മുസ്തഫ എം.എൽ.എ കളക്ടർക്ക് നേരെ ആക്രോശിച്ച് പാഞ്ഞടുത്ത സംഭവം വരെ ഉണ്ടായതായി രേഖകൾ വ്യക്തമാക്കുന്നു. മുൻകാലങ്ങളിലെ ഈ സംഭവങ്ങളെല്ലാം ഉയർത്തിക്കാട്ടിയാണ് മുഖ്യതിരഞ്ഞെടുപ്പ് കമ്മിഷണറുടെ നിലപാടുകളെ പ്രതിപക്ഷ പാർട്ടികൾ ചോദ്യം ചെയ്യുന്നത്.


