കാഠ്മണ്ഡു: നേപ്പാളിലെ റസുവ, നുവാക്കോട്ട് ജില്ലകളിൽ ഉണ്ടായ ശക്തമായ വെള്ളപ്പൊക്കത്തിൽ വൻ നാശനഷ്ടം. പ്രകൃതിദുരന്തം ഏറ്റവും കൂടുതൽ ബാധിച്ചത് രാജ്യത്തെ ബാങ്കിംഗ് മേഖലയെയാണ്. 11 വാണിജ്യ ബാങ്കുകളുടെ 17 ശാഖകൾ വെള്ളപ്പൊപ്പത്തിൽ പൂർണ്ണമായും തകർന്നു. കെട്ടിടങ്ങൾക്ക് പുറമെ അവിടെ സൂക്ഷിച്ചിരുന്ന പണവും സ്വർണ്ണവും വെള്ളിയും പ്രധാനപ്പെട്ട രേഖകളും ഒഴുക്കിൽപ്പെട്ടു. ഇത് പ്രദേശത്തെ സാമ്പത്തിക വ്യവസ്ഥയെ കടുത്ത പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്.
കണക്കുകളിൽ ഒതുങ്ങാത്ത നഷ്ടം
ബാങ്കിംഗ് രേഖകൾ പ്രകാരം ദുരന്തം ബാധിച്ച 17 ശാഖകളിലായി 43.5 ബില്യൺ രൂപയുടെ നിക്ഷേപവും (43,500 കോടി രൂപ), 24.2 ബില്യൺ രൂപയുടെ വായ്പകളുമാണ് ഉണ്ടായിരുന്നത്. ഈ ശാഖകൾക്ക് കീഴിൽ 73,275 ഡെപ്പോസിറ്റ് അക്കൗണ്ടുകളും 2,125 ലോൺ അക്കൗണ്ടുകളുമാണ് പ്രവർത്തിച്ചിരുന്നത്. എന്നാൽ ഈ മുഴുവൻ തുകയും ശാഖകളിൽ ഭൗതികമായി സൂക്ഷിച്ചിരുന്നതല്ലെന്നും ഉപഭോക്താക്കളുടെ ആകെ നിക്ഷേപമാണിതെന്നും അധികൃതർ വ്യക്തമാക്കി. യഥാർത്ഥ നഷ്ടം എത്രയെന്ന് തിട്ടപ്പെടുത്തുന്നതിനുള്ള നടപടികൾ പുരോഗമിക്കുകയാണ്.
ഇതിനുപുറമെ റസുവയിലെ ജലവൈദ്യുത പദ്ധതികൾക്കും സാരമായ കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. ഇത് ബാങ്കുകളുടെ നിക്ഷേപ പോർട്ട്ഫോളിയോകളെയും നേരിട്ട് ബാധിക്കും.
താങ്ങാനാവാതെ മനുഷ്യനഷ്ടം
ദുരന്തത്തിന്റെ ഏറ്റവും വലിയ ആഘാതം മനുഷ്യജീവന് സംഭവിച്ച നഷ്ടമാണ്. ശനിയാഴ്ച വൈകുന്നേരം വരെയുള്ള കണക്കുകൾ പ്രകാരം ആകെ 35 ബാങ്കിംഗ് ജീവനക്കാരെ കാണാതായിട്ടുണ്ട്.
- 27 വാണിജ്യ ബാങ്ക് ജീവനക്കാർ
- 6 മൈക്രോഫിനാൻസ് ജീവനക്കാർ
- ഔദ്യോഗിക സന്ദർശനത്തിനെത്തിയ 2 ജീവനക്കാർ
എന്നിവരാണ് ദുരന്തത്തിൽപ്പെട്ടത്. കാണാതായവരെ കണ്ടെത്താൻ ബാങ്കുകളും ധനകാര്യ സ്ഥാപനങ്ങളും വ്യാഴാഴ്ച മുതൽ സോഷ്യൽ മീഡിയ വഴി വിവരങ്ങൾ പങ്കുവെക്കുന്നുണ്ട്. ജീവനക്കാരുടെ സുരക്ഷയ്ക്കാണ് പ്രഥമ പരിഗണനയെന്ന് അധികൃതർ വ്യക്തമാക്കി.
സേഫുകൾ ഒഴുകിപ്പോയി; പണം എടുത്ത 29 പേർ അറസ്റ്റിൽ
റസുവയിലെ തിമുറെ, സയാഫ്രുബെൻസി പ്രദേശങ്ങളിൽ വെള്ളത്തിന്റെ കുത്തൊഴുക്ക് ശക്തമായതിനാൽ ബാങ്ക് ശാഖകൾ ഉൾപ്പെടെ ഒഴുക്കിൽപ്പെടുകയായിരുന്നു. ഇവിടെയുണ്ടായിരുന്ന കൂറ്റൻ സേഫുകളും നഷ്ടപ്പെട്ടു. ത്രിശൂലി നദിയിലൂടെ ഒഴുകിവന്ന ബാങ്ക് സേഫുകളിൽ നിന്ന് പണം എടുത്തതിന് 29 പേരെ പോലീസ് അറസ്റ്റ് ചെയ്യുകയും ഇതരരിൽ നിന്ന് 92,68,505 രൂപ പിടിച്ചെടുക്കുകയും ചെയ്തു. പ്രതികളെ ഗജൂരിയിലെ റീജിയണൽ പോലീസ് ഓഫീസിലേക്ക് മാറ്റിയിട്ടുണ്ട്. ഒരു സേഫിൽ മാത്രം ഏകദേശം 125 മില്യൺ രൂപയുണ്ടായിരുന്നു എന്നാണ് ബാങ്ക് ഉദ്യോഗസ്ഥർ പറയുന്നത്.
അടിയന്തര നടപടി; നേപ്പാൾ രാഷ്ട്ര ബാങ്ക്
സംഭവത്തെ തുടർന്ന് നേപ്പാൾ രാഷ്ട്ര ബാങ്കും ബാങ്കേഴ്സ് അസോസിയേഷനും എല്ലാ സ്ഥാപനങ്ങളോടും വിശദമായ കണക്കുകൾ ആവശ്യപ്പെട്ടിട്ടുണ്ട്. മനുഷ്യനാശനഷ്ടങ്ങളും സാമ്പത്തിക നഷ്ടങ്ങളും സംബന്ധിച്ച അന്തിമ കണക്കുകൾ തിങ്കളാഴ്ചയോടെ ലഭ്യമാകുമെന്ന് നേപ്പാൾ ബാങ്കേഴ്സ് അസോസിയേഷൻ പ്രസിഡന്റ് സന്തോഷ് കൊയ്രാള അറിയിച്ചു.


