...
Home News National പശ്ചിമ ബംഗാളിൽ കനത്ത പോളിങ്; തമിഴകത്ത് സൂപ്പർ താരങ്ങൾ വോട്ട് രേഖപ്പെടുത്തി

പശ്ചിമ ബംഗാളിൽ കനത്ത പോളിങ്; തമിഴകത്ത് സൂപ്പർ താരങ്ങൾ വോട്ട് രേഖപ്പെടുത്തി

പശ്ചിമ ബംഗാളിൽ വ്യാഴാഴ്‌ച 16 ജില്ലകളിലായി 152 മണ്ഡലങ്ങളിലായാണ് വോട്ടെടുപ്പ് നടന്നത്

208

പശ്ചിമ ബംഗാൾ നിയമസഭാ തെരഞ്ഞെടുപ്പിൻ്റെ ആദ്യഘട്ട വോട്ടെടുപ്പിൽ കനത്ത പോളിംഗ് രേഖപ്പെടുത്തി. എസ്ഐആർ ഏറെ വിവാദമായ മുർഷിദാബാദിൽ തൃണമൂൽ കോൺഗ്രസും ആം ജനത ഉന്നായൻ പാർട്ടിയും തമ്മിൽ സംഘർമുണ്ടായി. പരസ്‌പരം കല്ലെറിഞ്ഞ് സംഘർഷ സാഹചര്യം ഉണ്ടാക്കിയതോടെ പൊലീസ് ലാത്തി ചാർജ് നടത്തിയാണ് സ്ഥിതിഗതികൾ നിയന്ത്രിച്ചത്. പ്രദേശത്ത് തെരഞ്ഞെടുപ്പിന് മുമ്പുതന്നെ ആക്രമ സംഭവങ്ങൾ അരങ്ങേറിയിരുന്നു.

പശ്ചിമ ബംഗാളിൽ വ്യാഴാഴ്‌ച 16 ജില്ലകളിലായി 152 മണ്ഡലങ്ങളിലായാണ് വോട്ടെടുപ്പ് നടന്നത്. ഇത്തവണ വിജയം ഉറപ്പിക്കുമെന്ന ആത്മവിശ്വാസത്തോടെ ഇടതുപക്ഷവും മത്സര രം​ഗത്തുണ്ട്. അതിശക്തമായ സുരക്ഷാ ക്രമീകരണങ്ങളാണ് പോളിംഗ് സ്റ്റേഷനുകളിൽ ഒരുക്കിയിരിക്കുന്നത്. ആകെയുള്ള 44,378 ബൂത്തുകളിൽ 7384 ബൂത്തുകളും പ്രശ്‌നബാധിത ബൂത്തുകൾ ആണ്. നിലവിൽ 150 ഓളം പേരെ നോർത്ത് 24 പർഗനാസ്, മാൾഡ ജില്ലകളിൽ നിന്ന് കരുതൽ തടങ്കലിലേക്ക് മാറ്റി.

തമിഴ്‌നാട്ടിൽ വോട്ടിംഗ് ആരംഭിച്ച് മണിക്കൂറുകൾ കഴിഞ്ഞപ്പോൾ തന്നെ ഉയർന്ന പോളിങാണ് രേഖപ്പെടുത്തിയത്. സൂപ്പര്‍ താരങ്ങളായ രജനികാന്ത്, കമല്‍ഹാസന്‍, അജിത്കുമാര്‍, ടിവികെ നേതാവും സ്ഥാനാര്‍ഥി കൂടിയുമായ വിജയ് എന്നിവര്‍ വോട്ട് ചെയ്‌തു.

എംകെ സ്റ്റാലിൻ്റെ മകൾ സെന്താമരൈ സ്റ്റാലിനും മരുമകൻ ശബരീശനും ചെന്നൈയിലെ ഒരു പോളിംഗ് സ്റ്റേഷനിൽ വോട്ട് രേഖപ്പെടുത്തി. ചെന്നൈയിലെ സ്റ്റെല്ല മാരിസ് കോളേജിലാണ് രജനികാന്ത് വോട്ട് ചെയ്യാനെത്തിയത്. വോട്ട് രേഖപ്പെടുത്തിയശേഷം പോളിങ് ബൂത്തിന് മുമ്പില്‍ തടിച്ചുകൂടിയ ആരാധകരെ അഭിവാദ്യം ചെയ്‌ത ശേഷമാണ് താരം മടങ്ങിയത്.

ചെന്നൈയിലെ തിരുവാണ്‍മിയൂരിലാണ് അജിത് കുമാര്‍ വോട്ട് രേഖപ്പെടുത്തിയത്. ആല്‍വാര്‍പേട്ട് സ്‌കൂളിലാണ് കമല്‍ഹാസന്‍ വോട്ട് ചെയ്‌തത്. മകള്‍ ശ്രുതി ഹാസനോടൊപ്പമാണ് താരം പോളിങ് ബൂത്തില്‍ എത്തിയത്.

ചെന്നൈയിലെ നീലങ്കരൈയിലുള്ള പോളിങ് ബൂത്തിലാണ് വിജയ് വോട്ട് രേഖപ്പെടുത്തിയത്. തമിഴ് നടിയായ തൃഷയും വോട്ട് ചെയ്‌തു. ചെന്നൈയിലെ ആല്‍വാര്‍പേട്ടിലുള്ള പോളിങ് ബൂത്തിലാണ് തൃഷ വോട്ട് ചെയ്‌തത്. നടന്‍മാരായ ധനുഷ്, ശിവകാര്‍ത്തികേയന്‍, വിക്രം, വിജയ് സേതുപതി, സംവിധായകന്‍ ആറ്റ്‌ലി, സംഗീത സംവിധായകരായ ഇളയരാജ, അനിരുദ്ധ് രവിചന്ദര്‍, നടിയും രാഷ്ട്രീയ നേതാവുമായ ഖുഷ്ബു തുടങ്ങിയവരും വോട്ട് രേഖപ്പെടുത്തി.

കോയമ്പത്തൂരിലെ പോളിംഗ് സ്റ്റേഷന് സമീപം ഡിഎംകെ- ബിജെപി പ്രവർത്തകർ തമ്മിൽ വാക്കേറ്റം ഉണ്ടായതായുള്ള റിപ്പോർട്ടുകൾ പുറത്തുവരുന്നുണ്ട്.

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.