...
Home News International സമീക്ഷ യുകെ വടംവലി മത്സരം: കിരീടം നിലനിർത്തി ഹെരിഫോർഡ് അച്ചായൻസ്; തുക വയനാടിന്‍റെ...

സമീക്ഷ യുകെ വടംവലി മത്സരം: കിരീടം നിലനിർത്തി ഹെരിഫോർഡ് അച്ചായൻസ്; തുക വയനാടിന്‍റെ പുനർനിർമാണത്തിന്

ഒന്നാം സ്ഥാനക്കാർക്ക് 1501 പൌണ്ടും ട്രോഫിയും സമ്മാനിച്ചു. 751 പൌണ്ടാണ് രണ്ടാം സ്ഥാനക്കാർക്ക് നല്‍കിയത്. മൂന്നും നാലും സ്ഥാനക്കാർക്ക് 501 പൌണ്ടും 251 പൌണ്ടും കൈമാറി.

423

സമീക്ഷ യുകെയുടെ ഓണാഘോഷങ്ങള്‍ക്ക് മുന്നോടിയായുള്ള കുടുംബസംഗമം കൂടിയായി മാറിയ വടംവലി മത്സരവേദിയിൽ ജേതാക്കളായി ഹെരിഫോർഡ് അച്ചായൻസ്. ഫൈനൽ മത്സരത്തിൽ കൊമ്പൻസ് കാൻ്റബെറിയെ പരാജയപ്പെടുത്തിയാണ് അച്ചായൻസ് തുടർച്ചയായ രണ്ടാം കിരീടം സ്വന്തമാക്കിയത് .

ആകെ പതിനാറ് ടീമുകള്‍ മാറ്റുരച്ച ടൂർണമെന്‍റില്‍ ടൺബ്രിഡ്ജ് വെൽസ് ടസ്കേഴ്സ് കിംഗ്സ് മൂന്നാംസ്ഥാനവും തൊമ്മനും മക്കളും ഈസ്റ്റ് ബോൺ നാലാം സ്ഥാനവും നേടി. ഫെയർ പ്ലേ അവാർഡ് സ്വന്തമാക്കിയത് ബ്രാഡ്ഫോഡില്‍ നിന്നുള്ള പുണ്യാളൻസ് ടീമാണ്. മികച്ച കമ്പവലിക്കാരനായി ഹെരിഫോർഡ് അച്ചായൻസിലെ അനൂപ് മത്തായി തെരഞ്ഞെടുക്കപ്പെട്ടു.

ഒന്നാം സ്ഥാനക്കാർക്ക് 1501 പൌണ്ടും ട്രോഫിയും സമ്മാനിച്ചു. 751 പൌണ്ടാണ് രണ്ടാം സ്ഥാനക്കാർക്ക് നല്‍കിയത്. മൂന്നും നാലും സ്ഥാനക്കാർക്ക് 501 പൌണ്ടും 251 പൌണ്ടും കൈമാറി. അഞ്ച് മുതല്‍ എട്ട് സ്ഥാനം വരെയുള്ളവർക്ക് പ്രോത്സാഹന സമ്മാനമായി 101 പൌണ്ട് നല്‍കി. ഫെയർ പ്ലേ അവാർഡ് 101 പൌണ്ടും മികച്ച വടംവലിക്കാരന് 51 പൌണ്ടുമാണ് സമ്മാനിച്ചത്.

മാഞ്ചസ്റ്റർ സിറ്റി കൌൺസില്‍ സ്പോർട്സ് സ്ട്രാറ്റജി ഓഫീസർ ഹീത് കോള്‍ ടൂർണമെന്‍റ് ഉദ്ഘാടനം ചെയ്തു. സമീക്ഷ നാഷണല്‍ സെക്രട്ടറി ദിനേഷ് വെള്ളാപ്പള്ളി അധ്യക്ഷത വഹിച്ച ചടങ്ങില്‍ സെക്രട്ടേറിയറ്റ് മെമ്പറും സ്പോർട്സ് കോഡിനേറ്ററുമായ ജിജു സൈമൺ സ്വാഗതം പറഞ്ഞു. മാഞ്ചസ്റ്റർ യൂണിറ്റ് സെക്രട്ടറി ഷിബിൻ കാച്ചപ്പള്ളി സംസാരിച്ചു. നാഷണൽ കമ്മിറ്റി അംഗവും വടംവലി കോർഡിനേറ്ററുമായ അരവിന്ദ് സതീഷ് നന്ദി പറഞ്ഞു.

വിശിഷ്ടാതിഥികളും ടീം ക്യാപ്റ്റൻമാരും ചേർന്ന് ദീപം തെളിയിച്ചു. ദിനേഷ് വെള്ളാപ്പള്ളി, ഭാസ്കരൻ പുരയില്‍, ജിജു സൈമൺ, അരവിന്ദ് സതീഷ്, അഡ്വ.ദിലീപ് കുമാർ, ഉണ്ണികൃഷ്ണൻ ബാലൻ, ശ്രീകാന്ത് കൃഷ്ണൻ, രാജി ഷാജി, ഗ്ലീറ്റർ, സുജീഷ് കെ അപ്പു, പ്രവീൻ രാമചന്ദ്രൻ, ബൈജു ലിസെസ്റ്റർ, വിനു ചന്ദ്രൻ എന്നിവർ സമ്മാനങ്ങള്‍ വിതരണം ചെയ്തു. ബിജോ പറശേരിലും സെബാസ്റ്റ്യൻ എബ്രഹാമുമാണ് മത്സരം നിയന്ത്രിച്ചത്.

ചടുലമായ അനൗൺസ്മെൻ്റിലൂടെ സാലിസ്ബറിയിൽ നിന്നുള്ള ജയേഷ് അഗസ്റ്റിൻ കാണികളെ ആവേശം കൊള്ളിച്ചു. വടംവലി മത്സരത്തില്‍ നിന്ന് സാമാഹരിച്ച തുക ഉരുള്‍പൊട്ടലില്‍ തകർന്നടിഞ്ഞ വയനാട് മുണ്ടക്കൈ ഗ്രാമത്തിന്‍റെ പുനർനിർമാണത്തിനായി ചിലവഴിക്കും. ദുരന്തത്തില്‍ വീട് നഷ്ടമായ ഒരു കുടുംബത്തിന് സ്നേഹഭവനം നിർമ്മിച്ചുനല്‍കാനും സമീക്ഷ തീരുമാനിച്ചിട്ടുണ്ട്. ഇതോടൊപ്പം , മത്സരവേദിയോട് ചേർന്ന് ചായക്കട നടത്തിയും സമീക്ഷ പണം സ്വരൂപിച്ചിരുന്നു.

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.