...
Home News Kerala പിതാവിനെ വാർധക്യത്തിൽ സംരക്ഷിക്കാൻ ആൺമക്കൾ ബാധ്യസ്ഥരെന്ന് ഹൈക്കോടതി

പിതാവിനെ വാർധക്യത്തിൽ സംരക്ഷിക്കാൻ ആൺമക്കൾ ബാധ്യസ്ഥരെന്ന് ഹൈക്കോടതി

ജോലി ചെയ്യാനാവില്ലെന്നും കുവൈറ്റിൽ നല്ല രീതിയിൽ ജീവിക്കുന്ന മക്കളിൽ നിന്നും സഹായം വേണമെന്നായിരുന്നു പിതാവിൻ്റെ ആവശ്യം

243

മക്കളെ കഷ്‌ടപ്പെട്ട് വളർത്തുന്ന പിതാവിനെ വാർദ്ധക്യകാലത്ത് സംരക്ഷിക്കാൻ ആൺമക്കൾ ബാധ്യസ്ഥരാണെന്ന് കേരള ഹൈക്കോടതി. ധാർമികമായ ചുമതല എന്നതിനപ്പുറം നിയമപരമായ ഉത്തരവാദിത്തമാണ് ഇതെന്നും കോടതി ഉത്തരവിലൂടെ വ്യക്തമാക്കി. ജീവിക്കാൻ മക്കളിൽ നിന്ന് സഹായം വേണമെന്ന് ആവശ്യപ്പെട്ട് മലപ്പുറം വളാഞ്ചേരി എടയൂരിലെ 74കാരൻ നൽകിയ ഹർജിയിലാണ് ഉത്തരവ്. ഇയാളുടെ ആൺമക്കൾ മാസംതോറും ഇരുപതിനായിരം രൂപ നൽകണമെന്നും കോടതി ഉത്തരവിട്ടു.

വിശുദ്ധ ഗ്രന്ഥങ്ങളെ ഉദ്ധരിച്ച് ഉത്തരവ് പുറപ്പെടുവിച്ച കോടതി വേദോപനിഷത്തുകളിലും പിതാവ് ഈശ്വരതുല്യൻ ആണെന്ന് പറയുന്നുണ്ടെന്നും മാതാപിതാക്കളോട് കരുണ കാണിക്കണമെന്നാണ് ഖുർആനും ബൈബിളും പഠിപ്പിക്കുന്നതെന്നും വ്യക്തമാക്കി. വയോധികനായ പിതാവിനെ അവഗണിക്കുന്നത് സമൂഹത്തിൻ്റെ അടിത്തറ ദുർബലപ്പെടുത്തുമെന്നും ജസ്റ്റിസ് ഡോ. കൗസർ എടപ്പഗത്ത് പറഞ്ഞു.

ഹർജിക്കാരൻ്റെ വാദം തിരൂർ കുടുംബക്കോടതി തള്ളിയതിനെ തുടർന്നാണ് ഹൈക്കോടതിയെ സമീപിച്ചത്. പിതാവിന് സ്വന്തം നിലയ്ക്ക് ജീവിക്കാനാകും എന്നായിരുന്നു മക്കളുടെ വാദം. ഇത് അംഗീകരിച്ച് തിരൂർ കുടുംബക്കോടതി പിതാവിൻ്റെ ഹർജി തള്ളുകയായിരുന്നു.

ആദ്യ വിവാഹത്തിൽ ഉണ്ടായ മൂന്ന് ആൺമക്കളിൽ നിന്ന് സഹായം തേടിയാണ് ഹർജിക്കാരൻ കോടതിയിൽ സമീപിച്ചത്. പ്രായാധിക്യം കൊണ്ട് ജോലി ചെയ്യാനാവില്ലെന്നും കുവൈറ്റിൽ നല്ല രീതിയിൽ ജീവിക്കുന്ന മക്കളിൽ നിന്നും സഹായം വേണമെന്നായിരുന്നു പിതാവിൻ്റെ ആവശ്യം. ആദ്യഭാര്യയെ തലാഖ് ചൊല്ലി ഒഴിഞ്ഞ ഹർജിക്കാരൻ രണ്ടാം ഭാര്യക്ക് ഒപ്പമാണ് നിലവിൽ താമസം.

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.