...
Home News National ഭോജ്‌ശാലയിൽ ഹിന്ദു സംഘടനകളുടെ വിജയാഘോഷം

ഭോജ്‌ശാലയിൽ ഹിന്ദു സംഘടനകളുടെ വിജയാഘോഷം

കോടതി വിധിയെത്തുടർന്ന്, തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ ധാരാളം ഭക്തർ ഭോജ്‌ശാല സമുച്ചയം സന്ദർശിച്ചു

137

മധ്യപ്രദേശിലെ ധാർ ജില്ലയിലെ ചരിത്രപ്രസിദ്ധമായ ഭോജ്‌ശാല സമുച്ചയത്തിൽ ഹിന്ദു സംഘടനകൾ ‘വിജയാഘോഷം’ സംഘടിപ്പിച്ചു.

പ്രതിഷ്‌ഠയോടെയും ‘മഹാവിജയ മഹോത്സവം’ ആരംഭിച്ചതോടെ ധാറിൽ നിന്നും മറ്റ് സ്ഥലങ്ങളിൽ നിന്നുമുള്ള നിരവധി ഭക്തർ സമുച്ചയത്തിൽ തടിച്ചുകൂടിയതായി സംഘാടകർ പറഞ്ഞു. എല്ലാ ചൊവ്വാഴ്‌ചയും ഭോജ്‌ശാലയിൽ സത്യാഗ്രഹം സംഘടിപ്പിക്കാറുണ്ടെന്നും, എംപി ഹൈക്കോടതിയുടെ സമീപകാല വിധിയും ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയുടെ (എഎസ്ഐ) തീരുമാനങ്ങളും കണക്കിലെടുത്ത് ഈ ആഴ്‌ചയിലെ പരിപാടി മഹാസത്യാഗ്രഹമായി ആചരിക്കുകയാണെന്നും ഭോജ് ഉത്സവ് സമിതി അംഗം ഗോപാൽ ശർമ്മ പറഞ്ഞു.

വിജയ ആഘോഷത്തിൻ്റെ ഭാഗമായി പിന്നീട് വെടിക്കെട്ട് സംഘടിപ്പിക്കുമെന്ന് സമിതി അംഗങ്ങൾ പറഞ്ഞു. നിലവിൽ ലണ്ടനിലുണ്ടെന്ന് കരുതപ്പെടുന്ന വാഗ്ദേവിയുടെ യഥാർത്ഥ വിഗ്രഹം തിരികെ കൊണ്ടുവന്ന് ഭോജ്‌ശാലയിൽ സ്ഥാപിക്കണമെന്നും ചില ഭക്തർ ആവശ്യപ്പെട്ടിട്ടുണ്ട്. ഞായറാഴ്‌ച, ഹിന്ദു സംഘടനകൾ സമുച്ചയത്തിൽ ദേവിയുടെ വിഗ്രഹത്തിൻ്റെ ഒരു പകർപ്പ് സ്ഥാപിക്കുകയും ദിവസം മുഴുവൻ ആചാരങ്ങൾ നടത്തുകയും ചെയ്‌തതായി സംഘാടകർ പറഞ്ഞു. തർക്കത്തിലുള്ള ഭോജ്‌ശാല- കമൽ മൗല പള്ളി സമുച്ചയം സരസ്വതി ദേവിക്ക് സമർപ്പിച്ചിരിക്കുന്ന ഒരു ക്ഷേത്രമാണെന്ന് ഹൈക്കോടതി വെള്ളിയാഴ്‌ച വിധിച്ചിരുന്നു.

മുസ്ലീം സമൂഹത്തിന് വെള്ളിയാഴ്‌ച പ്രാർത്ഥന നടത്താൻ അനുവദിച്ചിരുന്ന പതിറ്റാണ്ടുകൾ പഴക്കമുള്ള എ.എസ്.ഐ ഉത്തരവ് റദ്ദാക്കി. ആരാധനക്കും മറ്റ് ആവശ്യങ്ങൾക്കുമായി സ്‌മാരകത്തിലേക്ക് ഹിന്ദുക്കൾക്ക് അനിയന്ത്രിതമായ പ്രവേശനം എ.എസ്.ഐ ശനിയാഴ്‌ച അനുവദിച്ചു.

ഒരു ക്ഷേത്രം എന്നതിലുപരി സംസ്‌കൃത ഭാഷ, വ്യാകരണം, സാഹിത്യം എന്നിവയെ കുറിച്ചുള്ള പഠനത്തിൻ്റെയും ഗവേഷണത്തിൻ്റെയും കേന്ദ്രമായിരുന്നു ഭോജ്‌ശാല എന്നതിനാൽ, ‘സരസ്വതി ദേവിയുടെ പുരാതന പഠനത്തിൻ്റെയും ആരാധനയുടെയും രീതിയുമായി ബന്ധപ്പെട്ട്’ ഹിന്ദു സമൂഹത്തിന് സമുച്ചയത്തിലേക്ക് അനിയന്ത്രിതമായ പ്രവേശനം ഉണ്ടായിരിക്കുമെന്ന് എ.എസ്.ഐ ഉത്തരവ് ഉദ്ധരിച്ച് ഒരു ഉദ്യോഗസ്ഥൻ പറഞ്ഞിരുന്നു.

പതിനൊന്നാം നൂറ്റാണ്ടിലെ സ്‌മാരകത്തിന്മേൽ ഹിന്ദുക്കളും മുസ്ലീങ്ങളും അവകാശവാദം ഉന്നയിച്ചതിനെ തുടർന്നാണ് കേസ് ഹൈക്കോടതി തീർപ്പാക്കിയത്.

എ.എസ്.ഐ സംരക്ഷിത സ്ഥലത്തിന്മേൽ ഒരു കൂട്ടം ജൈന സമുദായ അംഗങ്ങളും അവകാശവാദം ഉന്നയിച്ചിരുന്നു. കഴിഞ്ഞ ആഴ്‌ചത്തെ കോടതി വിധിയെത്തുടർന്ന്, തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ ധാരാളം ഭക്തർ ഭോജ്‌ശാല സമുച്ചയം സന്ദർശിച്ചു.

ഭോജ് ഉത്സവ് സമിതി അംഗങ്ങൾ സ്ഥലത്തെ ചരിത്രപരമായ തൂണുകളെയും ലിഖിതങ്ങളെയും കുറിച്ച് സന്ദർശകരെ അറിയിച്ചു.

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.