...
Home News National ആശ്രിത നിയമനം എങ്ങനെ?; ചെങ്ങന്നൂര്‍ മുൻ എംഎൽഎയുടെ മകൻ്റെ നിയമനം സുപ്രീം കോടതി റദ്ദാക്കി

ആശ്രിത നിയമനം എങ്ങനെ?; ചെങ്ങന്നൂര്‍ മുൻ എംഎൽഎയുടെ മകൻ്റെ നിയമനം സുപ്രീം കോടതി റദ്ദാക്കി

ഒരു എംഎല്‍എയുടെ മകന് ഇത്തരത്തിലൊരു നിയമനം നല്‍കാന്‍ കഴിയില്ലെന്ന് വ്യക്തമാക്കിയാണ് ഹൈക്കോടതി നിയമനം റദ്ദാക്കിയത്‌.

244

ന്യൂഡല്‍ഹി: ചെങ്ങന്നൂര്‍ മുന്‍ എംഎല്‍എയായിരുന്ന കെകെ രാമചന്ദ്രന്‍ നായരുടെ മകൻ്റെ ആശ്രിത നിയമനം റദ്ദാക്കിയ ഹൈക്കോടതി വിധി സുപ്രീംകോടതി ശരിവച്ചു. 2016 മുതൽ 2018വരെ എംഎൽഎയായിരുന്ന കെകെ രാമചന്ദ്രൻ നായരുടെ മകൻ ആർ പ്രശാന്തിൻ്റെ ആശ്രിത നിയമനം റദ്ദാക്കിയ ഹൈക്കോടതി വിധി ചോദ്യം ചെയ്‌ത്‌ സംസ്ഥാന സർക്കാർ സമർപ്പിച്ച ഹര്‍ജി സുപ്രീംകോടതി തള്ളി.

ഒരു മുന്‍ എംഎല്‍എയുടെ മകന് എങ്ങനെയാണ് ആശ്രിത നിയമനം നൽകാനാകുക എന്ന് സുപ്രീം കോടതി ചോദിച്ചു. എന്നാല്‍, മതിയായ യോഗ്യതകള്‍ പ്രശാന്തിനുണ്ടെന്നും അതിൻ്റെ അടിസ്ഥാനത്തിലാണ് നിയമനം നല്‍കിയതെന്നുമാണ് സംസ്ഥാന സര്‍ക്കാര്‍ സത്യവാങ്മൂലത്തില്‍ അവകാശപ്പെട്ടത്.

പ്രശാന്ത് സര്‍വീസില്‍ ഇരുന്ന കാലത്ത് വാങ്ങിയിരുന്ന ശമ്പളവും മറ്റ് ആനുകൂല്യങ്ങളും തിരിച്ച് പിടിക്കരുതെന്ന് ഹര്‍ജിക്കാരന്‍ ആവശ്യപ്പെട്ടിരുന്നു. ഇക്കാര്യം സുപ്രീം കോടതി അംഗീകരിച്ചു.

2018 ജനുവരി 14ന് മരിച്ച കെ രാമചന്ദ്രന്‍ നായരുടെ മകന്‍ പ്രശാന്തിന് പൊതുമരാമത്ത് വകുപ്പില്‍ അസിസ്റ്റന്റ് എഞ്ചിനീയറായി ആശ്രിത നിയമനം നൽകാൻ ജനുവരി 24ന് ചേർന്ന മന്ത്രിസഭായോഗം തീരുമാനിക്കുകയായിരുന്നു. കേരള സബോഡിനേറ്റ് സര്‍വീസ് ചട്ടം പ്രകാരം തസ്‌തിക സൃഷ്ടിച്ച് ഇത്തരത്തിലൊരു നിയമനം നടത്താന്‍ മന്ത്രിസഭയ്ക്ക് കഴിയുമോയെന്ന കാര്യവും സുപ്രീം കോടതി പരിശോധിച്ചു. ഒരു എംഎല്‍എയുടെ മകന് ഇത്തരത്തിലൊരു നിയമനം നല്‍കാന്‍ കഴിയില്ലെന്ന് വ്യക്തമാക്കിയാണ് ഹൈക്കോടതി നിയമനം റദ്ദാക്കിയത്‌.

പൊതുതാത്പര്യ ഹര്‍ജിയില്‍ നിയമനം റദ്ദാക്കാന്‍ ഹൈക്കോടതിക്ക് അധികാരമില്ലെന്ന് ആയിരുന്നു സംസ്ഥാന സർക്കാർ ഉന്നയിച്ച പ്രധാനവാദം. നിയമനത്തിനായി പ്രത്യേക തസ്‌തിക രൂപീകരിക്കാന്‍ മന്ത്രിസഭയ്ക്ക് അധികാരം ഉണ്ടെന്നും സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ വാദിച്ചു.

സംസ്ഥാന സർക്കാരിന് വേണ്ടി സീനിയര്‍ അഭിഭാഷകന്‍ ജയ്‌ദീപ് ഗുപ്‌ത, സ്റ്റാൻഡിങ് കോണ്‍സല്‍ സികെ ശശി എന്നിവരും ആര്‍ പ്രശാന്തിന് വേണ്ടി സീനിയര്‍ അഭിഭാഷകന്‍ വി ഗിരി, മുഹമ്മദ് സാദിഖ് എന്നിവരും ഹാജരായി. ഹര്‍ജിക്കാരന് വേണ്ടി അഭിഭാഷകന്‍ എ കാര്‍ത്തിക്കും ഹാജരായി.

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.