കാറ്റിലും കൊടുങ്കാറ്റിലും മറ്റ് പ്രകൃതിഘടകങ്ങളാലും വളഞ്ഞുപോകുന്ന മരങ്ങൾ പിന്നീട് പതിയെ സ്വയം നിവർന്നുനിൽക്കുന്നത് നമ്മൾ പലപ്പോഴും കാണാറുണ്ട്. മരങ്ങൾ എങ്ങനെയാണ് ഈ രീതിയിൽ സ്വന്തം ആകൃതി തിരിച്ചറിഞ്ഞ് തിരുത്തുന്നതെന്നതിന്റെ ശാസ്ത്രീയ രഹസ്യമാണ് ഗവേഷകർ ഇപ്പോൾ കണ്ടെത്തിയിരിക്കുന്നത്. മനുഷ്യരിലെ ശരീരസ്ഥിതി തിരിച്ചറിയുന്ന സംവിധാനത്തിന് സമാനമായി, മരങ്ങൾക്കും സ്വന്തം വളവ് തിരിച്ചറിയാനുള്ള കഴിവുണ്ടെന്നാണ് പഠനം വ്യക്തമാക്കുന്നത്.
ഫ്രാൻസിലെ INRAEയിലെയും ക്ലെർമോൺ-ഓവർഗ്നെ സർവകലാശാലയിലെയും ഗവേഷകരാണ് നിർണായക കണ്ടെത്തൽ നടത്തിയത്. പഠനഫലങ്ങൾ New Phytologist ജേണലിൽ പ്രസിദ്ധീകരിച്ചു. മരത്തിന്റെ ഉള്ളിൽ രൂപപ്പെടുന്ന പ്രത്യേകതരം തടി അഥവാ ‘ടെൻഷൻ വുഡ്’ പേശിയെപ്പോലെ പ്രവർത്തിച്ചാണ് വളഞ്ഞ തണ്ടിനെ വീണ്ടും നേരെയാക്കുന്നതെന്നാണ് ഗവേഷകർ കണ്ടെത്തിയത്.
ശരീരത്തിന്റെ സ്ഥാനം തിരിച്ചറിയാനുള്ള കഴിവിനെ ശാസ്ത്രത്തിൽ പ്രോപ്രിയോസെപ്ഷൻ (proprioception) എന്നാണ് വിളിക്കുന്നത്. ഈ കഴിവ് മൃഗങ്ങളിൽ മാത്രമാണെന്നായിരുന്നു നേരത്തെയുള്ള ധാരണ. എന്നാൽ സസ്യങ്ങൾക്കും സ്വന്തം ആകൃതിയും വളവും തിരിച്ചറിയാൻ കഴിയുമെന്ന് നേരത്തെയുള്ള ഗവേഷണങ്ങൾ സൂചിപ്പിച്ചിരുന്നു. ഇതിന് പിന്നിലെ ജൈവപ്രക്രിയ എന്താണെന്നത് ഇതുവരെ പൂർണമായി വ്യക്തമല്ലായിരുന്നു.
പുതിയ പഠനത്തിലൂടെ ഇതിന് പിന്നിൽ ടെൻഷൻ വുഡിന് നിർണായക പങ്കുണ്ടെന്ന് കണ്ടെത്തുകയായിരുന്നു.
യുവ പോപ്ലർ മരങ്ങളിലാണ് ഗവേഷകർ പരീക്ഷണം നടത്തിയത്. ആദ്യം മരങ്ങളെ തിരശ്ചീനമായി വളച്ചുനിർത്തി. തുടർന്ന് അവയുടെ തണ്ടിന്റെ മുകളിലായി ടെൻഷൻ വുഡ് രൂപപ്പെടുകയും തണ്ടിനെ മുകളിലേക്ക് വലിച്ച് വീണ്ടും നിവർന്ന നിലയിലേക്ക് കൊണ്ടുവരികയും ചെയ്തു.
ഏകദേശം പത്ത് ദിവസത്തിന് ശേഷം ഈ മരങ്ങളെ പ്രത്യേക പരീക്ഷണ സംവിധാനത്തിലേക്ക് മാറ്റി. പ്രകാശത്തിന്റെ ദിശയും ഗുരുത്വാകർഷണവുമായി ബന്ധപ്പെട്ട സൂചനകളും പരമാവധി ഒഴിവാക്കിയായിരുന്നു പരീക്ഷണം. എന്നിട്ടും മരങ്ങൾ പതിയെ എതിർദിശയിലേക്ക് വളഞ്ഞ് ഒടുവിൽ നേരെയാകുന്നത് ഗവേഷകർ നിരീക്ഷിച്ചു.
ഇതിനിടെ ആദ്യഘട്ടത്തിൽ തണ്ടിന്റെ മുകൾഭാഗത്ത് രൂപപ്പെട്ട ടെൻഷൻ വുഡിന്റെ പ്രവർത്തനം നിലച്ചു. പകരം എതിർവശത്ത് സമാനമായ ടെൻഷൻ വുഡ് രൂപപ്പെട്ടു. ഇത് ഒരു ‘എതിർ പേശി’ പോലെ പ്രവർത്തിച്ച് തണ്ടിനെ വിപരീത ദിശയിൽ വലിക്കുകയും ക്രമേണ നേരെയാക്കുകയും ചെയ്യുന്നതായാണ് ഗവേഷകരുടെ കണ്ടെത്തൽ.
ടെൻഷൻ വുഡ് തണ്ടിന്റെ ഒരു പ്രത്യേക വശത്ത് മാത്രമാണ് രൂപപ്പെടുന്നതെന്നും അതിലൂടെ മരത്തെ മുകളിലേക്ക് വളയ്ക്കുകയാണ് പ്രധാന പ്രവർത്തനമെന്നുമായിരുന്നു പരമ്പരാഗത ധാരണ.
എന്നാൽ പുതിയ പഠനം ഈ ധാരണയെ ചോദ്യം ചെയ്യുന്നു. മരത്തിന്റെ വളവിനനുസരിച്ച് ടെൻഷൻ വുഡ് വ്യത്യസ്ത വശങ്ങളിൽ രൂപപ്പെടുകയും അതുവഴി തണ്ടിനെ വളയ്ക്കാനും പിന്നീട് നേരെയാക്കാനും കഴിയുമെന്നാണ് ഗവേഷകർ വ്യക്തമാക്കുന്നത്. മൃഗങ്ങളിലെ പേശികൾ ശരീരത്തിന്റെ നിലയും ചലനവും നിയന്ത്രിക്കുന്നതുപോലെ മരത്തിന്റെ തടി സംവിധാനവും പ്രവർത്തിക്കുന്നുവെന്നാണ് കണ്ടെത്തൽ.
മരങ്ങളുടെ ഈ സ്വയം തിരുത്തൽ കഴിവ് പ്രകൃതിദുരന്തങ്ങളെ അതിജീവിക്കുന്നതിൽ നിർണായകമാണെന്നാണ് ശാസ്ത്രജ്ഞരുടെ വിലയിരുത്തൽ. ശക്തമായ കാറ്റ്, കൊടുങ്കാറ്റ്, മണ്ണിടിച്ചിൽ തുടങ്ങിയവ മൂലം മരങ്ങളുടെ സ്ഥാനം മാറിയാലും സ്വന്തം ആകൃതി തിരിച്ചറിഞ്ഞ് വളർച്ച ക്രമീകരിക്കാൻ ഈ സംവിധാനം സഹായിക്കുന്നു. കാലാവസ്ഥാ വ്യതിയാനത്തിന്റെ പശ്ചാത്തലത്തിൽ ഇത്തരം കഴിവുകൾക്ക് കൂടുതൽ പ്രാധാന്യമുണ്ടാകുമെന്നും ഗവേഷകർ ചൂണ്ടിക്കാട്ടുന്നു.
പഠനത്തിന്റെ പ്രാധാന്യം മരങ്ങളിൽ മാത്രം ഒതുങ്ങുന്നില്ല. കാറ്റിൽ വീഴാതെ നേരെ നിൽക്കുന്ന വിളകൾ വികസിപ്പിക്കുന്നതിനും ഈ കണ്ടെത്തൽ ഭാവിയിൽ സഹായകമാകുമെന്നാണ് ഗവേഷകരുടെ പ്രതീക്ഷ.
പ്രത്യേകിച്ച് അരി, ഗോതമ്പ് തുടങ്ങിയ ധാന്യവിളകൾ കാറ്റിൽ വീണുപോകുന്ന ‘ലോഡ്ജിങ്’ എന്ന പ്രശ്നം കുറയ്ക്കാൻ സസ്യങ്ങളുടെ സ്വന്തം ആകൃതി തിരിച്ചറിയാനുള്ള കഴിവിനെ അടിസ്ഥാനമാക്കിയുള്ള തിരഞ്ഞെടുപ്പ് രീതികൾ പ്രയോജനപ്പെടുത്താനാകുമെന്നാണ് വിലയിരുത്തൽ.
മരങ്ങൾ വെറും നിശ്ചലമായി വളരുന്ന ജീവികളല്ലെന്നും സ്വന്തം ശരീരത്തിന്റെ ആകൃതി തിരിച്ചറിഞ്ഞ് അതനുസരിച്ച് വളർച്ചയിൽ മാറ്റം വരുത്തുന്ന സങ്കീർണമായ ജൈവ നിയന്ത്രണ സംവിധാനങ്ങൾ അവയ്ക്കുണ്ടെന്നും ഈ പഠനം വ്യക്തമാക്കുന്നു. മരത്തിന്റെ തടി രൂപപ്പെടുന്നതിലും അതിനുള്ളിലെ ആന്തരിക സമ്മർദങ്ങളിലും പുതിയ ഗവേഷണ സാധ്യതകളും പഠനം തുറന്നിടുന്നു.


