...
Home News Kerala കൊടകര കുഴല്‍പ്പണക്കേസ് രാഷ്ട്രീയമായി സിപിഎം എങ്ങിനെ ഉപയോഗിക്കും?

കൊടകര കുഴല്‍പ്പണക്കേസ് രാഷ്ട്രീയമായി സിപിഎം എങ്ങിനെ ഉപയോഗിക്കും?

സംസ്ഥാനത്തെ മൂന്ന് മണ്ഡലങ്ങളിൽ ഉപതിരഞ്ഞെടുപ്പിന് ദിവസങ്ങള്‍ മാത്രം അവശേഷിക്കുമ്പോഴാണ് ഈ വിവാദം ഉയരുന്നത്. മാത്രമല്ല, മുഖ്യമന്ത്രിയുടെ മകള്‍ വീണക്കെതിരായ മാസപ്പടി കേസില്‍ എസ്എഫ്‌ഐഒ അന്വേഷണ റിപ്പോര്‍ട്ട് കോടതിയില്‍ നല്‍കാനുളള തയാറെടുപ്പിലുമാണ്.

210

കഴിഞ്ഞ സംസ്ഥാന നിയമസഭാ തിരഞ്ഞെടുപ്പ് സമയം ഏറെ രാഷ്ട്രീയ വിവാദം ഉണ്ടാക്കിയതാണ് കൊടകര കുഴല്‍പ്പണക്കേസ്. കള്ളപ്പണ ഇടപാട് നടത്തിയവരുമായി ബിജെപി കേരളാ അധ്യക്ഷന്‍ കെ സുരേന്ദ്രന്റെ മകന്‍ സംസാരിച്ചതായുള്ള ഫോണ്‍ രേഖകള്‍ പുറത്തു വന്നതോടെ പാർട്ടി വലിയ പ്രതിരോധത്തിലായി മാറിയിരുന്നു .

വളരെയധികം പാടുപെട്ടാണ് കേസില്‍ ശക്തമായ രീതിയിൽ നടപടിയുണ്ടാകാതെ അന്ന് ഒതുക്കി തീര്‍ത്തത്. അതിനുവേണ്ടി സിപിഎമ്മുമായി പലവിധ അഡജസ്റ്റ്‌മെന്റുകള്‍ ബിജെപിക്ക് നടത്തേണ്ടി വന്നു എന്ന ആരോപണം അണിയറയിൽ ഇപ്പോഴും നിലനില്‍ക്കുകയാണ്.

മുഖ്യമന്ത്രി പിണറായി വിജയനും മകള്‍ വീണക്കുമെതിരായ കേന്ദ്രഏജന്‍സികളുടെ അന്വേഷണം അവസാനിച്ചതും ഈ കേസുമായി ബന്ധപ്പെട്ട നീക്കുപോക്കിന്റെ ഭാഗമാണെന്നും ആരോപണം ഉണ്ട്.
കുഴൽപ്പണ കേസുമായി ബന്ധപ്പെട്ട ചർച്ചകൾ അവസാനിച്ചിരിക്കേയാണ് പെട്ടെന്നുതന്നെ ഈ വിഷയം വീണ്ടും ഉയര്‍ന്നത്.

ആദ്യം വിവാദം ഉണ്ടായപ്പോൾ ബിജെപി ജില്ലാ കമ്മറ്റി ഓഫീസിന്റെ ചുമതലയുണ്ടായിരുന്ന തിരൂര്‍ സതീശനാണ് ഈ കേസ് വീണ്ടും ചര്‍ച്ചയാകാന്‍ കാരണമായത്. തിരഞ്ഞെടുപ്പ് സാമഗ്രികള്‍ എന്ന പേരില്‍ കോടികള്‍ ബിജെപി ഓഫീസില്‍ എത്തിച്ചെന്നും ഈ സമയത്ത് കെ സുരേന്ദ്രന്‍ ഓഫീസിലുണ്ടായിരുന്നു എന്നുമാണ് സതീശ് വെളിപ്പെടുത്തിയത്.

ആദ്യ ഘട്ടത്തിൽ അന്വേഷണസംഘത്തിന് നല്‍കിയത് പാര്‍ട്ടി നേതാക്കള്‍ പറഞ്ഞ് പഠിപ്പിച്ച മൊഴിയാണ്. ചാക്കു കെട്ടുകളിലായാണ് പണം എത്തിച്ചത്. സത്യസന്ധമായ രീതിയിലെ അന്വേഷണമാണെങ്കില്‍ സഹകരിക്കുമെന്നും സതീശന്‍ പറഞ്ഞു. ഇതോടുകൂടി രാഷ്ട്രീയ പാര്‍ട്ടികള്‍ ഈ വിഷയം ഏറ്റെടുത്ത് ബിജെപിക്കെതിരെ ആക്രമണം ശക്തമാക്കി.

നിലവിൽ ഇടതുമുന്നണിയിലെ പ്രധാന പാർട്ടിയായ സിപിഎം ഇതിനെ അവസരമായി കണ്ട് അതിവേഗ നടപടികളുമായി മുന്നോട്ടു പോവുകയാണ്. ഇന്ന് രാവിലെ ചേര്‍ന്ന സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം വിഷയത്തില്‍ പുനരന്വേഷണം ആവശ്യപ്പെട്ടു.

ഏതാനും മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ മുഖ്യമന്ത്രി സംസ്ഥാന പോലീസ് മേധാവിയെ വിളിച്ചു വരുത്തി ചര്‍ച്ച നടത്തിയ ശേഷം പുനരന്വേഷണത്തിന് നിര്‍ദ്ദേശം നല്‍കുകുയും ചെയ്തു. തിരൂര്‍ സതീശന്റെ വിശദമായ മൊഴി രേഖപ്പെടുത്തിയ ശേഷം കോടതിയെ സമീപിച്ച് പുനരന്വേഷണത്തിന് അപേക്ഷ നല്‍കാനാണ് ഇപ്പോഴത്തെ തീരുമാനം.

അതേസമയം, എന്തുകൊണ്ട് ഇപ്പോൾ കുഴല്‍പ്പണക്കേസ് ഉയര്‍ന്നു എന്നത് വിശദമായി പരിശോധിക്കേണ്ട കാര്യമാണ്. സംസ്ഥാനത്തെ മൂന്ന് മണ്ഡലങ്ങളിൽ ഉപതിരഞ്ഞെടുപ്പിന് ദിവസങ്ങള്‍ മാത്രം അവശേഷിക്കുമ്പോഴാണ് ഈ വിവാദം ഉയരുന്നത്. മാത്രമല്ല, മുഖ്യമന്ത്രിയുടെ മകള്‍ വീണക്കെതിരായ മാസപ്പടി കേസില്‍ എസ്എഫ്‌ഐഒ അന്വേഷണ റിപ്പോര്‍ട്ട് കോടതിയില്‍ നല്‍കാനുളള തയാറെടുപ്പിലുമാണ്.

അതുകൊണ്ടുതന്നെ ഇപ്പോഴുണ്ടായ പുതിയ വെളിപ്പെടുത്തലെല്ലാം സിപിഎം സൃഷ്ടിച്ചതാണെന്ന് ചില കോണുകളിൽ നിന്നും സംശയങ്ങൾ ഉയരുന്നുണ്ട് . വെളിപ്പെടുത്തലുകള്‍ നടത്തിയ തിരൂർ സതീശനെ പാര്‍ട്ടിയില്‍ നിന്ന് രണ്ടുവര്‍ഷം മുമ്പ് തന്നെ സാമ്പത്തിക തിരിമറിയുടെ പേരില്‍ പുറത്താക്കിയതാണെന്നതാണ് എന്നതുമാത്രമാണ് ബിജെപിയുടെ കൈവശമുള്ള പ്രതിരോധം എന്നതും ശ്രദ്ധേയമാണ്.

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.