ഇന്ത്യൻ റെയിൽവേ കാറ്ററിംഗ് ആൻഡ് ടൂറിസം കോർപ്പറേഷൻ (IRCTC) വെബ്‌സൈറ്റിലൂടെയും മൊബൈൽ ആപ്പുകളിലൂടെയും ടിക്കറ്റ് ബുക്ക് ചെയ്യുന്ന യാത്രക്കാരിൽ ഭൂരിഭാഗവും വിവിധ സാങ്കേതിക പ്രശ്‌നങ്ങൾ നേരിടുന്നതായി ദേശീയ തലത്തിലുള്ള സർവേ റിപ്പോർട്ട്. ലോക്കൽ സർക്കിൾസ് നടത്തിയ പഠനത്തിൽ പങ്കെടുത്തവരിൽ ഏകദേശം 70 ശതമാനം പേരും ടിക്കറ്റ് ബുക്കിംഗ് സമയത്ത് ബുദ്ധിമുട്ടുകൾ അനുഭവിച്ചതായി വ്യക്തമാക്കി.
സർവേ പ്രകാരം, ഉപയോക്താക്കളെ ഏറ്റവും കൂടുതൽ ബാധിക്കുന്ന പ്രശ്‌നം മുന്നറിയിപ്പില്ലാതെ അക്കൗണ്ടുകൾ പെട്ടെന്ന് ലോഗ് ഔട്ട് ആകുന്നതാണ്. 42 ശതമാനം പേർ ഇത്തരത്തിലുള്ള പ്രശ്‌നം പതിവായി നേരിടുന്നുവെന്ന് പറഞ്ഞപ്പോൾ, 28 ശതമാനം പേർ ഇടയ്ക്കിടെ ഇത്തരം അനുഭവങ്ങൾ ഉണ്ടായിട്ടുണ്ടെന്ന് വ്യക്തമാക്കി. ഇതുമൂലം ബുക്കിംഗ് പൂർത്തിയാക്കാൻ കഴിയാതെ പോകുകയും, ആവശ്യമായ ട്രെയിനുകളിലെ സീറ്റുകൾ നഷ്ടപ്പെടുകയും ചെയ്തതായി നിരവധി യാത്രക്കാർ പരാതിപ്പെട്ടു.
ഉപയോക്താക്കളെ അലട്ടുന്ന മറ്റ് പ്രധാന പ്രശ്‌നങ്ങൾ
ശല്യപ്പെടുത്തൽ (46%) – ടിക്കറ്റ് ബുക്കിംഗ് അല്ലെങ്കിൽ റദ്ദാക്കൽ സമയത്ത് മറ്റ് ആപ്പുകൾ ഡൗൺലോഡ് ചെയ്യാനോ അധിക വ്യക്തിഗത വിവരങ്ങൾ നൽകാനോ ആവർത്തിച്ചുള്ള നിർദേശങ്ങൾ.
ബാസ്‌ക്കറ്റ് സ്നീക്കിംഗ് (45%) – ഉപഭോക്താവിന്റെ വ്യക്തമായ സമ്മതമില്ലാതെ ഇൻഷുറൻസ്, സംഭാവന തുടങ്ങിയ അധിക ചാർജുകൾ ബില്ലിൽ ഉൾപ്പെടുത്തുന്നത്.
ഡ്രിപ്പ് പ്രൈസിംഗ് (43%) – അന്തിമ പേയ്‌മെന്റ് ഘട്ടത്തിൽ മാത്രമാണ് ചില അധിക ഫീസുകളും ചാർജുകളും കാണിക്കുന്നത്.
ബെയ്റ്റ് ആൻഡ് സ്വിച്ച് (38%) – ബുക്കിംഗ് അവസാനഘട്ടത്തിൽ ആദ്യം തിരഞ്ഞെടുത്ത ഓപ്ഷന് പകരം മറ്റൊരു ട്രെയിനോ സീറ്റോ ലഭിക്കുന്നത്.
ഇന്റർഫേസ് ഇടപെടൽ (31%) – ബുക്കിംഗ് പ്രക്രിയയ്ക്കിടെ പരസ്യങ്ങളും പ്രമോഷണൽ സന്ദേശങ്ങളും ഇടപെടുന്നത്.
രാജ്യത്തെ 324 ജില്ലകളിലായി 90,000-ത്തിലധികം ഉപയോക്താക്കളിൽ നിന്ന് ശേഖരിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ലോക്കൽ സർക്കിൾസ് സർവേ റിപ്പോർട്ട് തയ്യാറാക്കിയത്.
ഉപഭോക്തൃ അനുഭവം മെച്ചപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ ജൂലൈയിൽ IRCTC പുതിയ വെബ്‌സൈറ്റും നവീകരിച്ച സേവനങ്ങളും അവതരിപ്പിച്ചിരുന്നു. എന്നാൽ പുതിയ സംവിധാനങ്ങൾ വന്നിട്ടും ടിക്കറ്റ് ബുക്കിംഗിനിടെ യാത്രക്കാർ നേരിടുന്ന സാങ്കേതിക തടസങ്ങളും ബുദ്ധിമുട്ടുകളും തുടരുന്നതായാണ് സർവേ വ്യക്തമാക്കുന്നത്.
പ്രത്യേകിച്ച് തിരക്കേറിയ സമയങ്ങളിൽ ടിക്കറ്റ് ബുക്കിംഗ് കൂടുതൽ പ്രയാസകരമാകുന്നതായും, സേവനങ്ങളുടെ വിശ്വാസ്യതയും ഉപയോഗസൗകര്യവും മെച്ചപ്പെടുത്താൻ അടിയന്തര നടപടികൾ ആവശ്യമാണ് എന്നുമാണ് റിപ്പോർട്ടിലെ വിലയിരുത്തൽ.


