അഴിമതിക്കെതിരെ ശക്തമായ നടപടികളുമായി മുന്നേറുന്ന ഇറാഖിൽ, പാർലമെന്റ് അംഗങ്ങളുടെയും ഉന്നത സർക്കാർ ഉദ്യോഗസ്ഥരുടെയും വീടുകളിലും സ്വത്തുക്കളിലും നടത്തിയ വ്യാപക പരിശോധനയിൽ ആയിരക്കണക്കിന് കോടി രൂപയുടെ പണവും സ്വത്തുക്കളും പിടിച്ചെടുത്തതായി റിപ്പോർട്ട്. ഏകദേശം 2,700 കോടി രൂപയുടെ അനധികൃത സമ്പത്താണ് സുരക്ഷാ സേന കണ്ടെത്തിയതെന്ന് അന്തർദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
മുൻ പ്രധാനമന്ത്രി മുഹമ്മദ് ഷിയ അൽ-സുഡാനിയുടെ പ്രിൻസിപ്പൽ സെക്രട്ടറിയായും പ്രവർത്തിച്ചിരുന്ന പാർലമെന്റ് അംഗം ആലിയ നാസിഫിന്റെ വസതിയിൽ നടത്തിയ റെയ്ഡിൽ വൻതോതിൽ പണവും സ്വർണവും വിദേശ കറൻസിയും കണ്ടെത്തിയതായി റിപ്പോർട്ടുണ്ട്. സംഭവവുമായി ബന്ധപ്പെട്ട് ആലിയ നാസിഫിനെയും മകനെയും സുരക്ഷാ സേന കസ്റ്റഡിയിലെടുത്തതായും വിവരമുണ്ട്.
രാജ്യത്തെ അഴിമതി ശൃംഖലകൾ പൂർണമായും തകർക്കുമെന്ന് പ്രഖ്യാപിച്ച പുതിയ ഭരണകൂടത്തിന്റെ നേതൃത്വത്തിൽ ബാഗ്ദാദിലെ അതീവ സുരക്ഷാ മേഖലയായ ‘ഗ്രീൻ സോൺ’ കേന്ദ്രീകരിച്ചായിരുന്നു മെഗാ റെയ്ഡ്. വിവിധ കേന്ദ്രങ്ങളിൽ ഒരേസമയം നടത്തിയ പരിശോധനകളിൽ നൂറുകണക്കിന് കോടികളുടെ സ്വത്തുക്കൾ കണ്ടെത്തി.
സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന ദൃശ്യങ്ങളിൽ, ഒരു മുറിയിൽ കെട്ടിക്കിടക്കുന്ന നോട്ടുകെട്ടുകളുടെ കൂമ്പാരങ്ങൾ കാണാം. റെയ്ഡിൽ നൂറുകണക്കിന് കോടി രൂപയുടെ പണവും സ്വർണവും വിദേശ കറൻസികളും പിടിച്ചെടുത്തതായാണ് റിപ്പോർട്ടുകൾ.
അഴിമതി കേസിൽ നേരത്തെ അറസ്റ്റിലായ മുൻ എണ്ണ ഡെപ്യൂട്ടി മന്ത്രി അദ്‌നാൻ അൽ-ജുമൈലി നൽകിയ രഹസ്യ മൊഴിയുടെ അടിസ്ഥാനത്തിലാണ് അന്വേഷണം വ്യാപിപ്പിച്ചതെന്നാണ് വിവരം. അദ്ദേഹത്തിന്റെ വെളിപ്പെടുത്തലുകളെ തുടർന്ന് നിലവിലെ എംപിമാരുടെയും ഉന്നത ഉദ്യോഗസ്ഥരുടെയും പേരുകൾ അന്വേഷണ പരിധിയിലായി.
പോലീസ് നടപടി ആരംഭിക്കുന്നതിന് മുൻപ് ചിലർ രക്ഷപ്പെടാൻ ശ്രമിച്ചതിനെ തുടർന്ന് ബാഗ്ദാദിലെ ഗ്രീൻ സോണിലേക്കുള്ള പ്രവേശന കവാടങ്ങൾ താൽക്കാലികമായി അടച്ചതായും റിപ്പോർട്ടുണ്ട്.
അന്വേഷണത്തിന്റെ ഭാഗമായി നടത്തിയ മറ്റൊരു പരിശോധനയിൽ സർക്കാർ പണമായി കരുതുന്ന 1,000 കോടിയിലധികം രൂപ വിവിധ സ്ഥലങ്ങളിൽ നിന്ന് കണ്ടെത്തി. ചില വീടുകളുടെ അടിയിൽ രഹസ്യ അറകൾ നിർമ്മിച്ച് പണം കുഴിച്ചിട്ട നിലയിലായിരുന്നുവെന്ന് അന്വേഷണ ഉദ്യോഗസ്ഥർ വ്യക്തമാക്കി.
വളരെ ആഴത്തിൽ ഒളിപ്പിച്ചിരുന്ന പണം പുറത്തെടുക്കാൻ വലിയ യന്ത്രങ്ങളുടെ സഹായം തേടേണ്ടി വന്നതായും റിപ്പോർട്ടുകളുണ്ട്. പണത്തിനൊപ്പം കിലോഗ്രാം കണക്കിന് സ്വർണവും അനധികൃത ആയുധങ്ങളും പിടിച്ചെടുത്തതായി അധികൃതർ അറിയിച്ചു. ഇറാഖിലെ രാഷ്ട്രീയ-ഭരണ തലങ്ങളിലേക്കും വ്യാപിച്ചിരിക്കുന്ന അഴിമതി ശൃംഖലയെ പുറത്തുകൊണ്ടുവരാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് അന്വേഷണം തുടരുന്നത്. കൂടുതൽ പ്രമുഖരുടെ പേരുകൾ പുറത്തുവരാനിടയുണ്ടെന്നാണ് സൂചന.


