...
Home News Kerala ‘പി ജയരാജൻ്റെ പുസ്‌തകം പുറത്തിറക്കിയാല്‍ കൊന്നുകളയും’; ചിന്ത പബ്ലിഷേഴ്‌സ് മാനേജര്‍ക്ക് വധഭീഷണി

‘പി ജയരാജൻ്റെ പുസ്‌തകം പുറത്തിറക്കിയാല്‍ കൊന്നുകളയും’; ചിന്ത പബ്ലിഷേഴ്‌സ് മാനേജര്‍ക്ക് വധഭീഷണി

പുസ്‌തക രചനയുടെ ഭാഗമായി പി.ജയരാജന്‍ കൊടുങ്ങല്ലൂര്‍ ശ്രീകുരുംബ ഭഗവതി ക്ഷേത്രം സന്ദര്‍ശിച്ചത് വിവാദമാക്കിയിരുന്നു

185

‘സനാതനികളുടെ ഹിന്ദുത്വ വഴികള്‍’ എന്ന പി ജയരാജൻ്റെ പുസ്‌തകം പുറത്തിറക്കിയാല്‍ കൊന്നുകളയുമെന്നാണ് ഭീഷണി. ചിന്ത പബ്ലിഷേഴ്‌സ് മാര്‍ക്കറ്റിങ് മാനേജര്‍ സിപി രമേശന്‍ കന്റോണ്‍മെന്റ് പൊലീസില്‍ പരാതി നല്‍കി.

കഴിഞ്ഞ ദിവസം രാത്രി ഫോണിലൂടെ ആയിരുന്നു രമേശന് ഭീഷണി വന്നത്. ‘ആര്‍എസ്എസിനെ നിങ്ങള്‍ക്ക് അറിയില്ലേ’ എന്ന് ചോദിച്ചതായി രമേശന്‍ പറയുന്നു. പുസ്‌തക വില്‍പ്പന പോലും അനുവദിക്കില്ലെന്നും ഭീഷണി മുഴക്കിയതായും രമേശന്‍ പറഞ്ഞു. സംഘപരിവാര്‍ സംഘടനകളാണ് ഭീഷണിക്ക് പിന്നിലെന്ന് പി.ജയരാജന്‍ പറഞ്ഞു. ഒരു പുസ്‌തകത്തെ പോലും സംഘപരിവാര്‍ ഭയപ്പെടുകയാണ്. പുസ്‌തക വില്‍പ്പന പോലും അനുവദിക്കില്ല എന്നാണ് നിലപാട്. ഇത്തരത്തിലുള്ള നീക്കത്തെ പൊതുസമൂഹം അപലപിക്കണമെന്നും പി.ജയരാജന്‍ കൂട്ടിച്ചേര്‍ത്തു. ഈ മാസം 20-നാണ് ജയരാജൻ്റെ പുസ്‌തക പ്രകാശനം തീരുമാനിച്ചിരിക്കുന്നത്. പിണറായി വിജയനാണ് പുസ്‌തക പ്രകാശനം നിര്‍വഹിക്കുന്നത്.

പുസ്‌തക രചനയുടെ ഭാഗമായി പി.ജയരാജന്‍ കൊടുങ്ങല്ലൂര്‍ ശ്രീകുരുംബ ഭഗവതി ക്ഷേത്രം സന്ദര്‍ശിച്ചത് ഒരു വിഭാഗം വിവാദമാക്കിയിരുന്നു. കമ്മ്യൂണിസ്റ്റായ പി.ജയരാജന്‍ ഒളിഞ്ഞും പതുങ്ങിയും ക്ഷേത്രദര്‍ശനം നടത്തിയെന്നായിരുന്നു ആരോപണം. സംഭവത്തില്‍ പ്രതികരണവുമായി പി.ജയരാജന്‍ രംഗത്തെത്തിയിരുന്നു. കൊടുങ്ങല്ലൂര്‍ കാവില്‍ പോയതുകൊണ്ട് താന്‍ ഒരു ‘ഭക്തന്‍’ ആയി മാറിയെന്നോ, ആരാധനാലയങ്ങളെ മാറ്റിനിര്‍ത്തിയാലേ ഈ നാടിൻ്റെ സാമൂഹ്യചരിത്രം പഠിക്കാന്‍ കഴിയൂ എന്നോ ആരെങ്കിലും പ്രചരിപ്പിക്കാന്‍ ശ്രമിക്കുന്നുവെങ്കില്‍ അവരോട് സഹതാപമേ ഉള്ളൂവെന്നായിരുന്നു ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പില്‍ ജയരാജന്‍ പറഞ്ഞത്.

കൊടുങ്ങല്ലൂരില്‍ മാത്രമല്ല, കേരളത്തിലെ പ്രസിദ്ധവും അത്ര പ്രസിദ്ധമല്ലാത്തതുമായ അനേകം ആരാധനാലയങ്ങളില്‍ താന്‍ പോയിട്ടുണ്ട്. അജ്‌മീര്‍ ദര്‍ഗയിലും പഞ്ചാബിലെ സുവര്‍ണ ക്ഷേത്രത്തിലും പോയിട്ടുണ്ട്. നിരവധി ക്രൈസ്‌തവ ദേവാലയങ്ങളിലും സന്ദര്‍ശനം നടത്തിയിട്ടുണ്ട്. ഇതെല്ലാം ഭക്തിപ്രകടനമായി അല്ല. സമൂഹത്തെയും ചരിത്രത്തെയും ജനവിശ്വാസങ്ങളെയും കൂടുതല്‍ മനസിലാക്കാനുള്ള അവസരങ്ങളായിട്ടാണ് താന്‍ ഉപയോഗിച്ചതെന്നും ജയരാജന്‍ കുറിപ്പില്‍ പറഞ്ഞിരുന്നു.

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.