...
Home News Kerala ‘ഇന്ന് ഗാസയിലെങ്കിൽ നാളെ ഇന്ത്യയിലും സംഭവിക്കാം’: ശിവപ്രസാദ്

‘ഇന്ന് ഗാസയിലെങ്കിൽ നാളെ ഇന്ത്യയിലും സംഭവിക്കാം’: ശിവപ്രസാദ്

കൊല്ലപ്പെട്ട കുഞ്ഞുങ്ങളുടെ എണ്ണം ഔദ്യോഗിക കണക്ക് അനുസരിച്ച് 20,000 ത്തിന് മുകളിലാണ്‌

297

ഗാസയിലെ കുഞ്ഞുങ്ങള്‍ക്ക് വേണ്ടി സംസാരിച്ച സാഹിത്യകാരി ഡോ. എം.ലീലാവതിക്ക്‌ എതിരായ സംഘപരിവാര്‍ ആക്രമണത്തില്‍ അപലപിച്ച് എസ്എഫ്‌ഐ സംസ്ഥാന പ്രസിഡന്റ് എം.ശിവപ്രസാദ്. പലസ്‌തീനെ മായ്ച്ചു കളയാന്‍ ഇസ്രയേല്‍ ശ്രമിക്കുമ്പോള്‍ അവസാനിക്കുന്നത് പതിനായിരക്കണക്കിന് കുഞ്ഞുങ്ങളുടെ ജീവിതവും സ്വപ്‌നങ്ങളും ആണെന്ന് ശിവപ്രസാദ് ഫേസ്ബുക്കില്‍ കുറിച്ചു.

‘ടീച്ചറെ വേട്ടയാടാന്‍ വെമ്പുന്ന വര്‍ഗീയ തെമ്മാടി കൂട്ടത്തോടാണ്. പലസ്‌തീൻ എന്ന ഒരു നാട് ഭൂപടത്തില്‍ നിന്ന് മായ്ച്ചു കളയാന്‍ ഇസ്രയേല്‍ എന്ന തെമ്മാടി രാഷ്ട്രം ശ്രമിക്കുമ്പോള്‍ അവിടെ അവസാനിക്കുന്നത് എവിടേക്ക് തങ്ങള്‍ ജനിച്ചു വീണത് എന്ന തിരിച്ചറിവ് പോലും എത്തിയിട്ടില്ലാത്ത പതിനായിരക്കണക്കിന് കുഞ്ഞുങ്ങളുടെ ജീവിതവും സ്വപ്‌നങ്ങളുമാണ്’, ശിവപ്രസാദ് പറഞ്ഞു.

ഗാസയില്‍ 2023 ജൂലൈ മുതല്‍ ഇന്ന് വരെ കൊല്ലപ്പെട്ട കുഞ്ഞുങ്ങളുടെ എണ്ണം ഔദ്യോഗിക കണക്ക് അനുസരിച്ച് 20,000 ത്തിന് മുകളിലാണെന്നും വിശന്ന് മരിച്ച കുട്ടികള്‍ 145 ആണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പോഷകാഹാര കുറവ് നേരിടുന്ന ലക്ഷകണക്കിന് കുട്ടികളുണ്ട്. ഈ കണക്കുകള്‍ നിങ്ങളെ ആകുലപ്പെടുത്തുന്നില്ലെങ്കില്‍ നിങ്ങള്‍ മനുഷ്യ വര്‍ഗ്ഗത്തില്‍ തന്നെ ജനിച്ചതാണോ എന്ന് സ്വയം പരിശോധിക്കേണ്ടി വരുമെന്നും ശിവപ്രസാദ് പറഞ്ഞു.

‘മനുഷ്യരോടാണ്, നിരുപാധികം നാം ഈ ജനതയോട്, അവരുടെ സഹനത്തോട്, ചെറുത്തു നില്‍പ്പിനോട്, ഗാസയിലെ കുഞ്ഞുങ്ങള്‍ക്ക് വേണ്ടി സംസാരിച്ചതിൻ്റെ പേരില്‍ സൈബര്‍ അക്രമണത്തിന് വിധേയമായ ലീലാവതി ടീച്ചറോട് ഐക്യപ്പെടണം. ഇന്ന് ഗാസയില്‍ എങ്കില്‍ നാളെ ഇത് ഫാസിസം ശക്തിപ്പെടുന്ന ഇന്ത്യയിലും സംഭവിക്കാം’, ശിവപ്രസാദ് പറഞ്ഞു.

‘ഭക്ഷണത്തിനായി പാത്രവും നീട്ടി നില്‍ക്കുന്ന കുഞ്ഞുങ്ങളെ കാണുമ്പോള്‍ എനിക്ക് എങ്ങനെയാണ് ചോറ് തൊണ്ടയില്‍ നിന്നിറങ്ങുക’ എന്ന തൻ്റെ 98ാം പിറന്നാള്‍ ദിനത്തില്‍ ലീലാവതി പറഞ്ഞ വാക്കുകള്‍ക്ക് എതിരെയാണ് ലീലാവതിക്കെതിരെ സംഘപരിവാര്‍ ആക്രമണം നടക്കുന്നത്.

ഗാസയില്‍ മാത്രമല്ല, ലോകത്തെ മറ്റ് സ്ഥലങ്ങളിലും കുഞ്ഞുങ്ങള്‍ കൊല്ലപ്പെടുന്നുണ്ടെന്നും അപ്പോഴൊന്നും ഈ പ്രശ്‌നം കണ്ടില്ലല്ലോ എന്നുമാണ് അധിക്ഷേപം. ഇസ്രയേലിന് ഒപ്പമെന്ന് പറഞ്ഞ് കെപി ശശികലയുടെയും അടക്കം പേജുകളില്‍ ലീലാവതിക്ക് എതിരെ വലിയ രീതിയില്‍ ആക്രമണം നടക്കുകയാണ്.

അതേസമയം തന്നെ ഈ വിമര്‍ശനങ്ങള്‍ ബാധിക്കാറില്ല എന്നാണ് ലീലാവതി റിപ്പോര്‍ട്ടറിനോട് വാർത്തയോട് പറഞ്ഞത്. എന്ത് വിമര്‍ശിച്ചാലും പ്രശ്‌നമില്ല. വലിയ വിമര്‍ശനങ്ങള്‍ ഏറ്റിട്ടുണ്ടെന്നും ലീലാവതി പറഞ്ഞു.

‘കുഞ്ഞുങ്ങള്‍ക്ക് ജാതിയും മതവും വര്‍ണവുമില്ല. കുഞ്ഞുങ്ങള്‍ കുഞ്ഞുങ്ങള്‍ മാത്രമാണ്. കുഞ്ഞുങ്ങള്‍ക്ക് വിശക്കുന്നത് എനിക്ക് വിഷമമുണ്ടാക്കുന്ന കാര്യമാണ്. അവരുടെ അച്ഛനമ്മമാര്‍ ആരെന്ന് ഞാന്‍ ആലോചിക്കാറില്ല. അത് എനിക്ക് പ്രസക്തമല്ല’, എന്നായിരുന്നു സംഘപരിവാര്‍ ആക്രമണത്തിനെതിരായ ലീലാവതിയുടെ പ്രതികരണം. നിരവധിപ്പേരാണ് ഡോ. എം.ലീലാവതിക്ക് പിന്തുണയുമായി രംഗത്തെത്തിയത്.

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.