| ശ്രീകാന്ത് പികെ
“ജനം വീട്ടിലിരുത്തിയവർക്ക് ആര് മറുപടി നൽകാൻ, പോയി പണി നോക്ക്..” ’30 ദിവസത്തിനിടെ 87 പേർ സംസ്ഥാനത്ത് പനി ബാധിച്ച് മരിച്ചെന്ന കണക്കുകൾ മുന്നിലുള്ളപ്പോൾ, ആരോഗ്യ മന്ത്രി നിസ്സാരമായി കാര്യങ്ങളെ കാണാതെ വകുപ്പിനെ ഏകോപനത്തോടെ നയിച്ച് ജനങ്ങളുടെ ആശങ്ക അകറ്റാൻ ഫലപ്രദമായ ഇടപെടൽ നടത്തണമെന്ന്’ മുൻ ആരോഗ്യ മന്ത്രി സ. വീണ ജോർജ്ജ് ഫെയ്സ് ബുക്ക് കുറിപ്പിലൂടെ വിമർശിച്ചിരുന്നു. അതിനെ കുറിച്ചുള്ള മാദ്ധ്യമ പ്രവർത്തകരുടെ ചോദ്യത്തോടാണ് ഇപ്പോഴത്തെ ആരോഗ്യ മന്ത്രി കെ. മുരളീധരന്റെ ഈ പ്രതികരണം.
വീണ ജോർജ്ജ് അവരുടെ ജീവിതത്തിൽ രാഷ്ട്രീയ തെരഞ്ഞെടുപ്പ് തോൽക്കുന്നത് 2019 ലെ ലോകസഭാ തെരഞ്ഞെടുപ്പും പിന്നീട് 2026 – ലെ കേരള നിയമ സഭാ തെരഞ്ഞെടുപ്പിലുമാണ്. അതിനിടയിൽ ശക്തമായ കോൺഗ്രസ് വേരോട്ടമുള്ള മണ്ഡലത്തിൽ രണ്ട് തവണ മുൻനിര കോൺഗ്രസ് നേതാക്കളെ മലർത്തിയടിച്ചാണ് മുഴുവൻ സമയ രാഷ്ട്രീയ പാരമ്പര്യമില്ലാതെ വീണാ ജോർജ്ജ് എംഎൽഎ ആയതും മന്ത്രി ആയതും. വന്മരങ്ങൾ വീണ ശക്തമായ ഇടത് വിരുദ്ധ തരംഗമുണ്ടായിരുന്ന കഴിഞ്ഞ തെരഞ്ഞെടുപ്പിൽ അവർ പരാജയപ്പെട്ടു.
കോൺഗ്രസ് അതികായൻ കെ.കരുണാകരന്റെ അഡ്രസ് സ്വന്തമായുള്ള, അനേകം പതിറ്റാണ്ടുകൾ മുഴുവൻ സമയ രാഷ്ട്രീയത്തിൽ തായം കളിക്കുന്ന കെ. മുരളീധരൻ അവസാനമായി തോറ്റത്, മുരളീധരന്റെ ഭാഷയിൽ ജനങ്ങൾ വീട്ടിലിരുത്തിയത് കഴിഞ്ഞ ലോകസഭാ തെരഞ്ഞെടുപ്പിലാണ്. അതും ചെറിയ വീട്ടിലിരുത്തലല്ല, സിറ്റിംഗ് മണ്ഡലത്തിൽ തോറ്റ് തുന്നംപാടി മൂന്നാം സ്ഥാനത്തെത്തി വീട്ടിലിരുന്നു. ആഞ്ഞു വീശിയ യുഡിഎഫ് തരംഗത്തിലും സിറ്റിംഗ് മണ്ഡലത്തിൽ തോറ്റു.
അതിന് മുന്നേ നേമത്ത് നിന്ന് തോറ്റ കെ. മുരളീധരൻ ഓൾറെഡി ലോകസഭയിലെ അംഗമായതിനാൽ ആ കാലത്ത് വീട്ടിലിരിക്കേണ്ടി വന്ന് കാണില്ല. പക്ഷേ സംസ്ഥാനത്തിന്റെ ചരിത്രത്തിൽ തന്നെ അപൂർവ്വമായ സംഭവമായ, മന്ത്രിയായിരിക്കുമ്പോൾ മത്സരിച്ച് തോറ്റ് മന്ത്രി സ്ഥാനം പോയി വീട്ടിലിരിക്കേണ്ടി വന്നതിന്റെ റെക്കോർഡ് 2004 മുതൽ കെ. മുരളീധരന് സ്വന്തമാണ്.
അതിനിടക്ക് കോൺഗ്രസിനോട് തെറ്റിപ്പിരിഞ്ഞ് സോണിയാ ഗാന്ധിയെ മദാമ്മ ഗാന്ധിയെന്നും അഹമ്മദ് പട്ടേലിനെ അലൂമിനിയം പട്ടേലെന്നും ഉമ്മൻചാണ്ടി കള്ളു കച്ചവടക്കാരുടേയും റിയൽ എസ്റ്റേറ്റ് മാഫിയയുടേയും ഏജന്റാണെന്നൊക്കെ വിളിച്ച് നടന്ന് ഡിക്ക് (DIC-K) രൂപീകരിച്ച കാലത്ത് 2006 – ൽ കൊടുവള്ളി നിന്നും തോറ്റ് വീട്ടിലിരുന്നു. മൂന്ന് വർഷത്തിനുള്ളിൽ ഗതികെട്ടാതെ അലഞ്ഞിരുന്ന കാലത്ത് എൻസിപിയുടെ ബാനറിലാണെന്ന് തോന്നുന്നു 2009-ൽ വയനാട് ലോകസഭാ മണ്ഡലത്തിലും മത്സരിച്ച് തോറ്റ് വീട്ടിലിരുന്നു. ഇക്കാലത്തിനിടെ മന്ത്രി എന്ന നിലയിലുള്ള ഒരു അഡ്മിനിസ്ട്രേഷൻ എക്‌പീരിയൻസ് ആകെ ലഭിച്ചത് എംഎൽഎ അല്ലാതെ മന്ത്രിയായി തെരഞ്ഞെടുപ്പിൽ തോറ്റ് വീട്ടിലിരിക്കും മുന്നേയുള്ള ആറു മാസക്കാലം മാത്രമാണ്.
ഇങ്ങനെ പലതവണ തോറ്റ് വീട്ടിലിരിക്കുന്ന കാലത്ത് കെ. മുരളീധരൻ രാഷ്ട്രീയ അഭിപ്രായങ്ങളും വിമർശനങ്ങളും നടത്തിയിട്ടുണ്ടെങ്കിൽ വീണാ ജോർജ്ജിന് അത് ആയിരം തവണ നടത്താം. വീണ ജോർജ്ജ് മുരളീധരൻ പറഞ്ഞത് പോലെ ‘എരണം കെട്ടവൻ ഭരിക്കുന്നത് കൊണ്ടാണ് അസുഖങ്ങൾ വരുന്നത്’ എന്നത് പോലെയുള്ള ഊച്ചാളിത്തരമല്ല പറഞ്ഞത്, കാമ്പുള്ള വിമർശനമാണ്.
പല പ്രയാസങ്ങൾക്കും വെല്ലുവിളികൾക്കുമിടയിലും അഞ്ച് വർഷം ആരോഗ്യ വകുപ്പ് ഭരിച്ച് എക്സ്പീരിയൻസുള്ള ഒരു മുൻ മന്ത്രിയാണ്. അവരുടെ അനുഭവങ്ങളേയും വിമർശനങ്ങളേയും പൊസിറ്റീവായി ഉൾകൊള്ളുക, രാഷ്ട്രീയ വിമർശനങ്ങളോട് രാഷ്ട്രീയമായ മറുപടി പറയുക. ജനങ്ങൾ വീട്ടിലിരുത്തിയവർക്ക് വാ തുറക്കാൻ പറ്റില്ലേൽ കേരളത്തിൽ തന്നെ റെക്കോർഡ് തോൽവികളേറ്റ് വാങ്ങിയ അച്ഛന്റെ തഴമ്പിൽ രാഷ്ട്രീയത്തിലെത്തിയ കെ. മുരളീധരൻ മുതൽ – മുതു മുത്തച്ഛന്റെ തഴമ്പിൽ രാഷ്ട്രീയത്തിലെത്തി, അപ്പനപ്പൂപ്പന്മാർ കൈവശം വച്ച് അനുഭവിച്ചു പോന്ന കുടുംബ മണ്ഡലത്തിൽ അര ലക്ഷം വോട്ടിന് തോല്പിച്ച് വീട്ടിലിരുത്തിയ രാഹുൽ ഗാന്ധിക്ക് വരെ അത് ബാധകമാവും.
ഷിഗല്ല അതി വേഗം വ്യാപിക്കുകയാണ്. രോഗലക്ഷണങ്ങളോടെ ചികിത്സയിൽ കഴിഞ്ഞിരുന്ന ഒരു മധ്യവയസ്ക കൂടി മരിച്ചെന്നു വാർത്ത കാണുന്നു. ഡെങ്കി അടക്കം പലതരം പനികൾ വ്യാപിക്കുകയാണ്. വകുപ്പുകൾ തമ്മിൽ ഏകോപനമില്ലെന്നും മന്ത്രിക്ക് വകുപ്പിൽ നിയന്ത്രണമില്ലെന്നും കോൺഗ്രസ് ഗ്രൂപ്പുകളിൽ പോലും വരുന്ന വിമർശനങ്ങളാണ്. അത് കൊണ്ട് ഇമ്മാതിരി ഊളത്തരം പറച്ചിൽ നിർത്തി ചെയ്യേണ്ട പണി മര്യാദക്ക് ചെയ്താൽ മൂക്കില്ലാ മന്ത്രി സഭയിലെ മുറി മൂക്കൻ മന്ത്രി എന്ന പേരെങ്കിലും കിട്ടും.
കൂട്ടത്തിൽ ബോധമുള്ള നേതാവ് എന്നാണ് പലരും കെ. മുരളീധരനെ കുറിച്ച് പറഞ്ഞ് കേട്ടിട്ടുള്ളത്. ബോധമുള്ളത് ഇങ്ങനെ, അപ്പോൾ ബാക്കിയുള്ളവരുടെ ബോധമെന്താണാവോ


