...
Home News Kerala പത്രസമ്മേളനങ്ങൾ കൊണ്ട് ഭരണത്തുടർച്ചയുണ്ടാക്കിയ ഒരു മുഖ്യമന്ത്രിയുണ്ടെങ്കിൽ, അത് പിണറായി വിജയനാണ്

പത്രസമ്മേളനങ്ങൾ കൊണ്ട് ഭരണത്തുടർച്ചയുണ്ടാക്കിയ ഒരു മുഖ്യമന്ത്രിയുണ്ടെങ്കിൽ, അത് പിണറായി വിജയനാണ്

കഴിഞ്ഞ പത്ത് വർഷത്തിനിടയിൽ 700-ലധികം തവണയാണ് പിണറായി പത്രസമ്മേളനം നടത്തിയത് (ബൈറ്റുകൾ വേറെ!). അതായത്, മാസത്തിൽ ശരാശരി ആറുതവണ മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങളെ അദ്ദേഹം അഭിമുഖീകരിച്ചിട്ടുണ്ട്.

197

| ഷിബു ഗോപാലകൃഷ്ണൻ

പത്രസമ്മേളനങ്ങൾ കൊണ്ട് ഭരണത്തുടർച്ചയുണ്ടാക്കിയ ഒരു മുഖ്യമന്ത്രിയുണ്ടെങ്കിൽ, അത് പിണറായി വിജയനാണ്. മാധ്യമങ്ങളെ പ്രീണിപ്പിക്കാതെ, അതിനുവേണ്ടി സ്വന്തം ശൈലിയിൽ ഒരിഞ്ചു പോലും മാറ്റം വരുത്താതെ അയാൾ അവരെ ഉപയോഗിച്ചു—അവർ പോലുമറിയാതെ.

പറഞ്ഞ സമയത്ത് തുടങ്ങും; നിശ്ചയിച്ച സമയത്ത് അവസാനിപ്പിക്കും. സമയത്തെ അച്ചടക്കത്തിന്റെ അരിവാൾ കൊണ്ട് നിലക്കുനിർത്തുന്ന ഈ രീതിയെ ധാർഷ്ട്യമെന്നോ അഹങ്കാരമെന്നോ വിളിക്കുന്നവർക്ക്, അതിനുള്ള സ്വാതന്ത്ര്യം വിട്ടുനൽകുകയേ നിവർത്തിയുള്ളൂ. കൃത്യനിഷ്ഠയോടെ കാര്യങ്ങൾ ചെയ്യണമെന്ന് ശഠിക്കുന്ന ഒരാൾക്ക്, എല്ലാത്തിനും സമയം കിറുകൃത്യമായി വീതിച്ചു നൽകേണ്ടി വരും. അതേ കൃത്യനിഷ്ഠത കൊണ്ടുതന്നെയാണ് പ്രകടനപത്രികയിൽ പറഞ്ഞിരിക്കുന്ന കാര്യങ്ങൾ സമയബന്ധിതമായി പൂർത്തിയാക്കണമെന്ന് അയാൾ ശഠിക്കുന്നതും.

പ്രചാരണ രംഗത്ത് മുഖ്യമന്ത്രി ഇറങ്ങിയ ശേഷമുള്ള കഴിഞ്ഞ രണ്ടാഴ്ചയിലെ പത്രസമ്മേളനങ്ങളുടെ വിശദാംശങ്ങൾ എഐയുടെ (AI) സഹായത്തോടെ പരിശോധിച്ചപ്പോൾ മനസ്സിലായ കാര്യങ്ങൾ ഇതാണ്: ശരാശരി സമയം 40 മിനിറ്റ്. ആദ്യ 20-25 മിനിറ്റ് മുൻകൂട്ടി തയ്യാറാക്കിയ കുറിപ്പുകൾ വായിക്കാനോ വികസന കാര്യങ്ങൾ വിശദീകരിക്കാനോ ഉപയോഗിക്കുന്നു. ബാക്കി 15-20 മിനിറ്റ് ചോദ്യങ്ങൾക്കായി (ശരാശരി 12 ചോദ്യങ്ങൾ) നീക്കിവെക്കുന്നു.

ഇന്നത്തെ കൊല്ലം പ്രസ് മീറ്റിലും ഈ കൃത്യതയുണ്ടായിരുന്നു. 25 മിനിറ്റ് സാമ്പത്തിക ഭദ്രതയെക്കുറിച്ചുള്ള വിശദീകരണം; സംസ്ഥാനം കടക്കെണിയിലാണെന്ന ആരോപണങ്ങൾ കണക്കുകൾ നിരത്തി തള്ളിക്കളയുന്നു. ബാക്കി 15 മിനിറ്റിൽ ഉയർന്നത് 7 പ്രധാന ചോദ്യങ്ങൾ. ആദ്യ ചോദ്യങ്ങൾക്ക് വിശദമായ മറുപടി ആവശ്യമായി വന്നതിനാൽ ചോദ്യങ്ങളുടെ എണ്ണം ഏഴായി ചുരുങ്ങുന്നു.

അതിൽ ഒരെണ്ണം ദേശാഭിമാനിയും ഒരെണ്ണം കൈരളിയുമാണ് ചോദിച്ചതെങ്കിൽ, ബാക്കി അഞ്ച് ചോദ്യങ്ങളും ചോദിച്ചത് ഏഷ്യാനെറ്റ്, മനോരമ, മാതൃഭൂമി, 24 ന്യൂസ്, റിപ്പോർട്ടർ ടിവി എന്നീ ചാനലുകളാണ്. എഐ പറയുന്നത് കേട്ടിട്ട് എനിക്ക് തോന്നിയത്, കൈരളിയും ദേശാഭിമാനിയും മാത്രമല്ല—എഐയും പിണറായിയുടെ ആളാണെന്നാണ്.

കഴിഞ്ഞ പത്ത് വർഷത്തിനിടയിൽ 700-ലധികം തവണയാണ് പിണറായി പത്രസമ്മേളനം നടത്തിയത് (ബൈറ്റുകൾ വേറെ!). അതായത്, മാസത്തിൽ ശരാശരി ആറുതവണ മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങളെ അദ്ദേഹം അഭിമുഖീകരിച്ചിട്ടുണ്ട്. ഒരുപക്ഷേ, അതിന് സമയക്ലിപ്തത ഉണ്ടായിരുന്നിരിക്കാം. എന്നാൽ, ഏതെങ്കിലും പ്രത്യേക മാധ്യമങ്ങളുടെ ചോദ്യങ്ങളെ മാത്രം അഭിമുഖീകരിച്ചുകൊണ്ട് അതിന്റെ പരിലാളനയിലായിരുന്നു അതൊക്കെ എന്ന് പറഞ്ഞാൽ—പ്രിയപ്പെട്ട മാധ്യമപ്രവർത്തകരെ, പ്രിയപ്പെട്ട പ്രേക്ഷകരെ എന്ന ടോണിൽ വായിക്കണം—അറിഞ്ഞില്ല, ആരും പറഞ്ഞില്ല!.

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.