...
Home News പുരുഷ താരമെന്ന് ആരോപണം; വിവാദങ്ങൾക്കുള്ള മറുപടി സ്വർണ്ണം കൊണ്ട് നൽകി ഇമാനെ ഖലീഫ്

പുരുഷ താരമെന്ന് ആരോപണം; വിവാദങ്ങൾക്കുള്ള മറുപടി സ്വർണ്ണം കൊണ്ട് നൽകി ഇമാനെ ഖലീഫ്

2023 ൽ ഡൽഹിയിൽ നടന്ന അന്താരാഷ്ട്ര ചാമ്പ്യൻഷിപ്പിൽനിന്നും ഇമാനെയെ അന്താരാഷ്ട്ര ബോക്‌സിങ് അസോസിയേഷൻ പുറത്താക്കിയിരുന്നു.

264

പാരീസ് ഒളിമ്പിക്സ് 2024 ൽ പുരുഷ താരമെന്ന ആരോപണം നേരിട്ട അൾജീരിയൻ ബോക്‌സർ ഇമാനെ ഖലീഫിന് ഫൈനലിൽ വിജയത്തോടെ സ്വർണം. വനിതകളുടെ 66 കിലോ ബോക്‌സിംഗിലാണ് ഇമാൻ സ്വർണമണിഞ്ഞത്. ചൈനീസ് താരമായ യാങ് ലിയുവിനെ പരാജയപ്പെടുത്തിയാണ് ഇമാനെയുടെ നേട്ടം.

അതേസമയം, നേരത്തെ ഇമാനെ ഖലീഫ് പുരുഷ ബോക്‌സറെന്ന വിമർശനവുമായി അമേരിക്കൻ മുൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഉൾപ്പെടെ രംഗത്തെത്തിയിരുന്നു. ഒളിമ്പിക്സ് പ്രീ ക്വാർട്ടറിൽ ഇറ്റലിയുടെ ഏഞ്ചെല കാരിനി, മത്സരം തുടങ്ങി 46 സെക്കൻഡായപ്പോഴേക്കും പിന്മാറിയതായിരുന്നു വിവാദത്തിന്റെ തുടക്കം.

2023 ൽ ഡൽഹിയിൽ നടന്ന അന്താരാഷ്ട്ര ചാമ്പ്യൻഷിപ്പിൽനിന്നും ഇമാനെയെ അന്താരാഷ്ട്ര ബോക്‌സിങ് അസോസിയേഷൻ പുറത്താക്കിയിരുന്നു. ഇതേ കാരണത്താൽ തായ്‌വാന്റെ ലിൻ യു ടിങ്ങും അസോസിയേഷന്റെ വിലക്ക് നേരിടുന്നുണ്ട്. പക്ഷെ പാരീസിൽ മത്സരിക്കാൻ ഇരുവർക്കും ഒളിമ്പിക് കമ്മിറ്റി അനുമതി നൽകുകയായിരുന്നു.

വനിതാ ബോക്‌സിംഗിൽ സ്വർണം നേടുന്ന ആദ്യ അൾജീരിയൻ താരവും 1996നുശേഷം അൾജീരിയക്കായി ബോക്‌സിംഗ് സ്വർണം നേടുന്ന ആദ്യ താരവുമാണ് ഇമാനെ ഖലീഫ്. ആരോപണങ്ങൾക്ക് ബോക്‌സിങ് റിംഗിൽ മറുപടി നൽകുമെന്നായിരുന്നു ഇമാനെയുടെ പ്രതികരണം. മറ്റേതൊരു സ്ത്രീയെയും പോലെ താനുമൊരു സ്ത്രീ ആണെന്നായിരുന്നു സ്വർണം നേടിയശേഷം ഇമാനെയുടെ പ്രതികരണം.

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.