ഇന്ത്യൻ കാലാവസ്ഥാ വകുപ്പ് (IMD), അതിൻ്റെ പ്രതിമാസ പ്രവചനത്തിൽ, ആൻഡമാൻ നിക്കോബാർ ദ്വീപുകളിൽ മെയ് 14-16 തീയതികളിൽ തെക്കുപടിഞ്ഞാറൻ മൺസൂൺ ആരംഭിക്കുമെന്ന് പ്രവചിച്ചിട്ടുണ്ട്. അതേസമയം മെയ് മാസത്തിൽ രാജ്യത്തുടനീളം ശരാശരി മഴ സാധാരണയേക്കാൾ കൂടുതലായിരിക്കുമെന്ന് എടുത്തുകാണിക്കുന്നു.
“മെയ് 14-16 തീയതികളിൽ ആൻഡമാൻ നിക്കോബാർ ദ്വീപുകളിൽ മൺസൂൺ എത്തുമെന്ന്,” ഐഎംഡിയിലെ കാലാവസ്ഥാ നിരീക്ഷണ ഡയറക്ടർ ജനറൽ മൃത്യുഞ്ജയ് മൊഹാപത്ര പിടിഐയോട് പറഞ്ഞു.
മെയ് മാസത്തിൽ, കിഴക്കൻ, വടക്കുകിഴക്കൻ, കിഴക്കൻ മധ്യ ഇന്ത്യയുടെ ചില ഭാഗങ്ങൾ ഒഴികെ, ഇന്ത്യയിൽ സാധാരണയേക്കാൾ കൂടുതൽ മഴ ലഭിക്കുമെന്ന് കാലാവസ്ഥാ ഏജൻസി പറഞ്ഞിരുന്നു.
ഏപ്രിലിൽ ഇന്ത്യയെ ഏഴ് പാശ്ചാത്യ അസ്വസ്ഥതകൾ ബാധിച്ചതായും, ഇതിൻ്റെ ഫലമായി ഇന്ത്യയുടെ തെക്കൻ ഉപദ്വീപിലെ പ്രദേശങ്ങൾ ഒഴികെ രാജ്യത്തിൻ്റെ മിക്ക ഭാഗങ്ങളിലും സാധാരണ മുതൽ സാധാരണയിൽ താഴെ വരെ ഉയർന്ന താപനില രേഖപ്പെടുത്തിയതായും ഐഎംഡി അഭിപ്രായപ്പെട്ടു.
മഴക്കുള്ള കാലാവസ്ഥാ പ്രവചനം
മെയ് 7 വരെ പഞ്ചാബ്, ഹരിയാന, ചണ്ഡീഗഡ്, രാജസ്ഥാൻ എന്നിവിടങ്ങളിൽ നേരിയതോ മിതമായതോ ആയ മഴയ്ക്കും ഇടിമിന്നലോട് കൂടിയ മഴക്കും മണിക്കൂറിൽ 30-40 കിലോമീറ്റർ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ട്.
ഉത്തർപ്രദേശ്: മെയ് 4നും മെയ് 7നും ഇടയിൽ മഴയും ഇടിമിന്നലും രൂക്ഷമാകും.
ജമ്മു- കാഷ്‌മീർ (മെയ് 3), ഹിമാചൽ പ്രദേശ് (മെയ് 3-4), ഉത്തരാഖണ്ഡ് (മെയ് 4-5) എന്നിവിടങ്ങളിൽ ആലിപ്പഴ വീഴ്‌ചക്കുള്ള മുന്നറിയിപ്പ്.
മെയ് 3 വരെ അരുണാചൽ പ്രദേശ്, അസം, മേഘാലയ , നാഗാലാൻഡ്- മണിപ്പൂർ- മിസോറാം- ത്രിപുര മേഖലകളിൽ ഒറ്റപ്പെട്ട കനത്ത മഴ പെയ്യുമെന്ന് പ്രവചിക്കപ്പെടുന്നു.
മധ്യപ്രദേശ്, ഛത്തീസ്ഗഡ് : അടുത്ത അഞ്ച് ദിവസത്തേക്ക് ഒറ്റപ്പെട്ട മഴയും ഇടിമിന്നലും പ്രതീക്ഷിക്കുന്നു.
തമിഴ്‌നാട്, പുതുച്ചേരി, കേരളം: മെയ് 4 വരെ കനത്ത മഴക്ക് സാധ്യത.
കർണാടക: മാസത്തിലെ ആദ്യ രണ്ട് ദിവസങ്ങളിൽ തെക്കൻ കർണാടകയിലും വടക്കൻ ഉൾപ്രദേശങ്ങളിലും ഇടിമിന്നലും ശക്തമായ കാറ്റും പ്രതീക്ഷിക്കുന്നു.
മെയ്, സാധാരണയിൽ കൂടുതൽ ചൂട് സാധ്യത
മെയ് മാസത്തിൽ ഹിമാലയത്തിൻ്റെ താഴ്‌വരകളിലെ ചില ഭാഗങ്ങൾ, കിഴക്കൻ തീരദേശ സംസ്ഥാനങ്ങൾ, ഗുജറാത്ത്, മഹാരാഷ്ട്ര എന്നിവിടങ്ങളിൽ സാധാരണയിൽ കൂടുതൽ ചൂട് അനുഭവപ്പെടാൻ സാധ്യതയുണ്ടെന്ന് ഐഎംഡി അറിയിച്ചു.
“2026 മെയ് മാസത്തിൽ, രാജ്യത്തിൻ്റെ പല ഭാഗങ്ങളിലും കുറഞ്ഞ താപനില സാധാരണയേക്കാൾ കൂടുതലായിരിക്കുമെന്ന് പ്രതീക്ഷിക്കുന്നു,” -മൃത്യുഞ്ജയ് മൊഹപത്ര പറഞ്ഞു.
“വടക്കുപടിഞ്ഞാറൻ ഇന്ത്യയിലെ പല പ്രദേശങ്ങളിലും, മധ്യ ഇന്ത്യയുടെ ചില ഭാഗങ്ങളിലും, ഇന്ത്യയുടെ ഉപദ്വീപിൻ്റെ സമീപ പ്രദേശങ്ങളിലും, വടക്കുകിഴക്കൻ ഇന്ത്യയുടെ തെക്കൻ ഭാഗങ്ങളിലും സാധാരണ മുതൽ സാധാരണ നിലയിലും താഴെ വരെ താപനില അനുഭവപ്പെടാൻ സാധ്യതയുണ്ട്” -എന്ന് അദ്ദേഹം പറഞ്ഞു.
ഡൽഹി കാലാവസ്ഥ
മെയ് 2ന്, ഡൽഹിയിൽ സാധാരണ വേനൽക്കാല ദിനം പ്രതീക്ഷിച്ചു, ആകാശം ഭാഗികമായി മേഘാവൃതമായി, താപനില സീസണൽ ശരാശരിയിൽ തുടരുന്നു. പകൽ സമയത്തെ ഉയർന്ന താപനില 38°C മുതൽ 40°C വരെ എത്തി. രാത്രിയിലെ ഏറ്റവും താഴ്ന്ന താപനില 24°C മുതൽ 26°C വരെ താഴും. വർഷത്തിലെ ഈ സമയത്ത് രണ്ടും “സാധാരണ” ആയി കണക്കാക്കപ്പെടുന്നു.
മെയ് 3ന്, ഉച്ചയോടെ ആകാശം കൂടുതൽ മേഘാവൃതമാകുന്നതിനാൽ കാലാവസ്ഥ കൂടുതൽ സജീവമാകും. ഈ മാറ്റം ഉച്ചയ്ക്കും വൈകുന്നേരവും നേരിയ മഴ, ഇടിമിന്നൽ, മിന്നൽ എന്നിവക്ക് കാരണമാകുമെന്ന് പ്രതീക്ഷിക്കുന്നു.
ഞായറാഴ്‌ച മഴ കാരണം പകൽ സമയം പതിവിലും അല്പം തണുപ്പ് അനുഭവപ്പെടും (ഉയർന്ന താപനില 36°C മുതൽ 38°C വരെ). രാത്രിയിൽ പതിവിലും അല്പം ചൂട് അനുഭവപ്പെടും (കുറഞ്ഞ താപനില 25°C മുതൽ 27°C വരെ).
ബെംഗളൂരു കാലാവസ്ഥ
ബെംഗളൂരു റീജിയണൽ മെറ്റ് സെൻ്റെർ പ്രകാരം, വാരാന്ത്യത്തിൽ ബെംഗളൂരു (റൂറൽ), ബെംഗളൂരു (അർബൻ) എന്നിവിടങ്ങളിൽ നേരിയതോ മിതമായതോ ആയ മഴയോ ഇടിമിന്നലോ ഉണ്ടാകാൻ സാധ്യതയുണ്ട്. ശക്തമായ കാറ്റും (മണിക്കൂറിൽ 30-40 കിലോമീറ്റർ വേഗതയിൽ) ഉണ്ടാകാം.
ദക്ഷിണ കർണാടകയിലെ ശിവമോഗ, ദാവൻഗരെ, ചിക്കമംഗളൂരു, കുടക്, മൈസൂരു, തുമകുരു, മാണ്ഡ്യ, രാമനഗര, കോലാർ, ചാമരാജനഗര ജില്ലകളിലും മഴക്ക് സാധ്യതയുണ്ട്. മെയ് 7 വരെ ഒറ്റപ്പെട്ട പ്രദേശങ്ങളിൽ മഴ തുടരുമെന്ന് പ്രതീക്ഷിക്കുന്നു.



